നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: 45-ാം ദിനം – വി. അദിലാനോ ക്രൂസ് അൽവാരഡോ

“മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി നിന്നെത്തന്നെ നഷ്ടപ്പെടുത്തുകയാണ് നിന്നെത്തന്നെ കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി” – വി. അദിലാനോ ക്രൂസ് അൽവാരഡോ (1901-1928).

മെക്സിക്കോയിലെ ഗ്വാഡലഹാര എന്ന അതിരൂപതയിലെ ഒരു വൈദികനായിരുന്നു അദിലാനോ ക്രൂസ് അൽവാരഡോ. തിരുപ്പട്ട സ്വീകരണം ഒരു കുറ്റമായി മെക്സിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന സമയത്തായിരുന്നു അദിലാനോ വൈദികനായി അഭിഷിക്തനായത്. 1927 ജൂലൈ ഇരുപത്തിനാലാം തീയതിയായിരുന്നു തിരുപ്പട്ട സ്വീകരണം. പുരോഹിതനായി മാസങ്ങൾക്കുശേഷം പട്ടാളക്കാർ വെടി വച്ചു കൊന്ന റോർബിയോ റോമോ ഗോണസാലസ് എന്ന വൈദികനു പകരമായി അദിലാനോ ഇടവകയിൽ നിയമിതനായി.

1928 ജൂൺ മാസം 29-ാം തീയതി ജസ്റ്റീനോ ഒറോണ എന്ന വൈദികന്റെ അടുക്കൽ ഇടവക കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയതായിരുന്നു അദിലാനോ. അവർ പരസ്പരം പ്രാർത്ഥിക്കുകയും ഇടവക സജീവമാക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയുമായിരുന്നു. ജൂലൈ ഒന്നാം തീയതി പട്ടാളം ജസ്റ്റീനോ ഒറോണ അച്ചനെ വെടി വച്ചു കൊന്നു. മറ്റാരു മുറിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന അദിലാനോ അച്ചനെയും ഭരണകൂട സൈനികർ വെടി വച്ചു കൊന്നു. 2000 മെയ് ഇരുപത്തിയൊന്നാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ അദിലാനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. അദിലാനോയോടൊപ്പം പ്രാർത്ഥിക്കാം…

വി. അദിലാനോയേ, പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ രക്തസാക്ഷിയായ നിന്റെ മാതൃക ഞങ്ങൾക്ക് ധൈര്യം നൽകുന്നു. വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ വേണ്ട ധൈര്യം ലഭിക്കാനായി എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.