നോമ്പ് വിചിന്തനം 3: കുരിശുമരപ്പൂക്കള്‍

ഒരു അത്താഴ മേശയിലാണ് അത് ആരംഭിച്ചത്. പതിമൂന്ന് ചെറുപ്പക്കാര്‍ ഒരു സന്ധ്യാനേരത്ത് ഒരു വിരുന്നുമേശക്കു ചുറ്റുമിരുന്നു. ഒരു വാക്കുപോലും ഉരിയാടാനാവാത്തവിധം അവരുടെ ഹൃദയങ്ങള്‍ ദുഃഖപൂരിതമായിരുന്നു. മുനിഞ്ഞു കത്തിയ മണ്‍വിളക്കുകളെ പരിഹസിച്ച് വാതില്‍പ്പടികള്‍ക്കു വെളിയില്‍ ഇരുട്ട് പതുങ്ങിക്കിടന്നു.  മേശപ്പുറത്തെ തളികയില്‍ അപ്പവും വീഞ്ഞും. നിശബ്ദതയെ ഭേദിച്ച് അതിലൊരാളുടെ ശബ്ദമുയര്‍ന്നു. ഇതെന്റെ ശരീരം, ഇതെന്റെ രക്തം.  ആ രാത്രിയിലാണ് ഗെദ്‌സമനിയില്‍ കണ്ണീരു പെയ്തത്.  ആ കണ്ണീരിന്റെ ആഴമറിയാതെ അവന്റെ ചങ്ങാതിമാര്‍ ചാഞ്ഞുറങ്ങിയത്. അവരിലൊരാള്‍ അവനെ ചുംബിച്ചൊറ്റിക്കൊടുത്തത്. പിന്നെ ഓരോരുത്തരായി, അവനെ വിട്ട് ഓടിയകന്നത്.

പീലാത്തോസിന്റെ പ്രത്തോറിയത്തിലെ ചാട്ടവാറടികള്‍. കല്‍ത്തൂണിന്റെ മറവില്‍ നിന്ന് ഒന്നും കാണാനാവാതെ മുഖംപൊത്തിക്കരഞ്ഞ ഒരമ്മ. പീഡാനുഭവത്തിന്റെ ഗാഗുല്‍ത്താവഴികള്‍. ഒടുവില്‍ തലക്കുമീതെ കത്തിയ ദുഃഖവെള്ളി. അവന്റെ കരചരണങ്ങളെ ചേര്‍ത്തു ബന്ധിച്ച കാരിരുമ്പാണികള്‍.

എല്ലാം വെറുതെ ഒന്നോര്‍ത്തെടുക്കുക. ”അവന് ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്ത്”, എന്ന ഏശയ്യായുടെ പ്രവചനം വായിച്ചു നടുങ്ങുക (അധ്യായം 53). പിന്നെയാ സ്‌നേഹത്തെ ഓര്‍ത്തു മിഴിപൂട്ടുക. വീണ്ടും വീണ്ടും ആ മഹാസ്‌നേഹത്തെ ഞാന്‍ ഒറ്റുകൊടുക്കുന്നല്ലോ എന്നോര്‍ത്തു വാവിട്ടുകരയുക.

അന്നും ഇന്നും ശാപത്തിന്റെ കരിനിഴല്‍ കണ്ണീരനുഭവങ്ങള്‍ക്ക് മീതെ വീണുകിടപ്പുണ്ട്. ജീവിതത്തിലൊരാള്‍ നേരിടേണ്ടി വരുന്ന എല്ലാ വിപരീതാനുഭവങ്ങളെയും ദൈവകോപത്തിന്റെയും ദൈവശാപത്തിന്റെയും അനന്തരഫലമായി ചിത്രീകരിക്കുന്ന ചിന്താധാരക്ക് മാനവരാശിയോളം തന്നെ പഴക്കമുണ്ട്. അത്തരമൊരു സഹനദര്‍ശനത്തിന്റെ അനുരണനങ്ങള്‍ ബൈബിള്‍ കാലത്തു നിന്നും വായിച്ചെടുക്കാനാവും. ക്രിസ്തുവിന്റെ കാലത്തിലും ആ ചിന്തയുണ്ടായിരുന്നു എന്ന് ”ഈ മനുഷ്യന്‍ അന്ധനായിത്തീര്‍ന്നത് ആരുടെ പാപം നിമിത്തം”, എന്ന യേശുവിനോടുള്ള ഫരിസേയരുടെ ചോദ്യം വ്യക്തമാക്കുന്നു. അങ്ങനെയാണവര്‍ കുഷ്ഠരോഗികളെ നഗരകവാടങ്ങള്‍ക്ക് വെളിയിലാക്കി വാതിലടച്ചത്. രോഗികളും പാവപ്പെട്ടവരും സന്താനലബ്ധിയില്ലാത്തവരും സങ്കടമഴകളില്‍ നനഞ്ഞുനിന്നവരുമൊക്കെ ദൈവഹൃദയത്തില്‍ നിന്ന് വെളിയിലാക്കപ്പെട്ടവരാണെന്ന് ഉറക്കെ ചിന്തിച്ചത്. ദൈവത്തിന്റെ മക്കളെ രണ്ട് ഗണമായി – അനുഗ്രഹീതരെന്നും ശപിക്കപ്പെട്ടവരെന്നും – ധ്രുവീകരിച്ച ഒരു ദര്‍ശനബോധത്തിന്റെ മണ്ണിലേക്കാണ് ക്രിസ്തു ഒരു ശിശുവായി തന്റെ കുഞ്ഞിപ്പാദം വച്ചിറങ്ങിയത്.

സഹനങ്ങളെ ദൈവശിക്ഷയായി ചിത്രീകരിച്ച അവബോധത്തിന്റെ ആ കുന്നില്‍ ക്രിസ്തുവിന്റെ കഴുമരം – കുരിശ് – നാട്ടപ്പെട്ടു.  നെടുകെയും കുറുകെയും ചേര്‍ത്ത് കെട്ടപ്പെട്ട ആ മരക്കഷണങ്ങള്‍ ഒരു വൈരുദ്ധ്യത്തിന്റെ അടയാളമായിരുന്നു. നിവര്‍ന്നു വളരാന്‍ ആഗ്രഹിച്ച ഒരാളുടെ ചങ്കുമുറിച്ച് കുറുകെ കടന്നുപോയ അതിന്റെ ലംബമാനം. പരമമായ നിസ്സഹായതയുടെ അടയാളം. ഗതികേടിന്റെ പരകോടിയില്‍ ഇരുകരങ്ങളും വിരിച്ചു കരയുന്നവന്റെ നിഴലിന് കുരിശിന്റെ ഛായയാണല്ലോ! മാത്രവുമല്ല മാനവദുഃഖത്തിന്റെ മുഴുവന്‍ അടയാളപ്പെടുത്തലായി മാറിയ ആ മരക്കുരിശ് ദൈവവും മനുഷ്യനും കൈവിട്ടതിന്റെ അടയാളവുമായി. സ്വന്തം ജനത അവനെ മരണത്തിനേല്‍പ്പിച്ചുകൊടുത്തു.  വിജാതീയര്‍ അവനെ കുരിശിലേറ്റി.  അപ്പാ നീ പോലും എന്നെ കൈവിട്ടതെന്തേ എന്ന് ദിഗന്തങ്ങളെ നടുക്കി ആ മുപ്പത്തിമൂന്നുകാരന്‍ അലറിക്കരഞ്ഞു.  മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല എന്ന് അരുളിയവന്റെ വചനം അക്ഷരാര്‍ത്ഥത്തിലാണ് നിറവേറിയത്. മണ്ണിലുമല്ല, ആകാശത്തിലുമല്ല, ആകാശത്തിനും ഭൂമിക്കും മധ്യേ, അവന്‍ സ്വന്തം തോളില്‍ തലചായ്ച്ചുമരിച്ചു.

അങ്ങനെ കുരിശ് രക്ഷാകരമായി. മാനവകുലത്തിന്റെ മുഴുവന്‍ സങ്കടങ്ങളും ആശീര്‍വദിക്കപ്പെട്ടു. മുറിവുകളെ തിരുമുറിവുകളാക്കാമെന്ന് ലോകം ഗാഗുല്‍ത്തായില്‍ നിന്നു പഠിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം മുറിയുന്നതും സഹിക്കുന്നതുമാണ് സ്‌നേഹത്തിന്റെ ഉദാത്തമായ തലമെന്ന് അവന്‍ മനുഷ്യന്റെ ചങ്കിലെഴുതി കടന്നുപോയി.

ഇത്തവണ ശിമയോനെ ധ്യാനിക്കണം.  കിറേനക്കാരനായ ശിമയോന്‍. അയാള്‍ കറുത്തവര്‍ഗക്കാരനായിരുന്നെന്നും അടിമയായിരുന്നെന്നുമാണ് വായനകള്‍. അയാളെയാണവര്‍ കുരിശു ചുമക്കാന്‍ നിര്‍ബന്ധിച്ചത്. അതിന്റെ സാമൂഹ്യപശ്ചാത്തലം കൂടി ഓര്‍മ്മിക്കണം. കുരിശില്‍ തറച്ചുള്ള വധം ഏറ്റവും ഹീനനായ കുറ്റവാളിക്കുള്ള ശിക്ഷാവിധിയായിരുന്നു. ആ കുറ്റവാളിയുടെ കഴുമരം ചുമക്കാന്‍ ആരും തയാറാവാത്തവിധം അത്രമേല്‍ നിന്ദ്യമായ കുറ്റകൃത്യം. അതുകൊണ്ടാണീ വഴിപോക്കനെ, ഈ പരദേശിയെ അവര്‍ നിര്‍ബന്ധിക്കുന്നത്.  ആ നിര്‍ബന്ധം അയാളെ കുരിശിന്റെ അറ്റം പിടിപ്പിച്ചു.

ഇനി മര്‍ക്കോസ് 15:21 വായിക്കുക: ”അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്ത് നിന്ന് വന്ന് അതിലെ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു”.  മര്‍ക്കോസ് സുവിശേഷമെഴുതുന്നത് എ.ഡി. 65-നും 70-നുമിടയ്ക്ക് റോമില്‍ വച്ച്. യേശുവിന്റെ കുരിശുമരണം ഏതാണ്ട് എ.ഡി. 30-ല്‍ നിന്ന് കണക്കിട്ടാല്‍ നാല്‍പ്പതു വര്‍ഷത്തിനിടയില്‍, റോമാ സഭയിലെ ആളുകള്‍ക്ക് പേരുപറഞ്ഞാല്‍ മനസിലാവുന്ന തരത്തില്‍, ശിമയോന്റെ മക്കളായ അലക്‌സാണ്ടറും റൂഫസും പ്രശസ്തരായി എന്ന് ചുരുക്കം. മക്കളുടെ പേര് പറഞ്ഞാല്‍ വായിക്കുന്നവന് കൂടുതല്‍ മനസിലാവും എന്നതുകൊണ്ടാണ് അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവ് എന്ന് പറഞ്ഞ് ശിമയോനെ പരിചയപ്പെടുത്തിയത്. ചുരുക്കത്തില്‍ അപ്പന്‍ കുരിശിന്റെ അറ്റം പിടിച്ച ഏക കാരണം കൊണ്ട് മക്കള്‍ സഭയില്‍ പേരെടുത്തവിധം വിശുദ്ധരായി, അതിനെക്കാളധികം അവര്‍ തിരുവെഴുത്തുകളുടെയും നിത്യതയുടെയും ഭാഗമായി.  റോമാ ലേഖനത്തില്‍ വി. പൗലോസ് 16-ാം അധ്യായത്തില്‍ റോമ്മാ സഭയിലെ പ്രമുഖരുടെ പേര് പറഞ്ഞ് അഭിവാദനം ചെയ്യുമ്പോള്‍ 13-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു – ”റൂഫസിനും അവന്റെ അമ്മക്കും വന്ദനം പറയുവിന്‍.  അവള്‍ എന്റെയും അമ്മയാണ്”.  അപ്പനായ ശിമയോന്‍ കുരിശുമരണത്തിന്റെ ചുവടൊന്നു താങ്ങിയപ്പോള്‍ അയാളുടെ ഭാര്യ, മക്കള്‍ ഇവര്‍ റോമ്മാ സഭയിലെ അനുഗ്രഹീതനാമങ്ങളായി. ക്രിസ്തുവിന്റെ കുരിശോട് ചേര്‍ന്ന് നിന്നവരും കുരിശിന്റെ പാര്‍ശ്വം താങ്ങിയവരും തിരുവെഴുത്തുകളുടെ ഭാഗമായി. അവരുടെ തലമുറകള്‍ അനുഗ്രഹീതരായി.

രക്ഷാകരമായ ഈ കുരിശുയാത്രയുടെ പതിനാല് വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍. അവയില്‍ തള്ളിപ്പറയലുണ്ട്, ഒറ്റിക്കൊടുപ്പുണ്ട്, നിലവിളികളും വിലാപങ്ങളുണ്ട്, നിശബ്ദസഹനങ്ങളുണ്ട്, ഒരമ്മയുടെ കണ്ണീര്, മകന്റെ ചോര, സ്‌നേഹിതരുടെ നെടുവീര്‍പ്പ്, ശരീരത്തിന്റെ മുറിവ്, മനസിന്റെ അപമാനം, ആത്മാവിന്റെ നിസഹായത…. അങ്ങനെയങ്ങനെ ഒരുപാട് വായനകള്‍.  കുരിശുമരം പൂത്തുനില്‍ക്കുന്ന ഈ മധ്യാഹ്ന വേനല്‍പ്പകലില്‍, ഈ ഗാഗുല്‍ത്താമലയിലേക്ക്, ഈ കാല്‍വരിക്കുന്നിലേക്ക് കൂട്ടുയാത്രക്കാരാ  സ്വാഗതം…

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.