നോമ്പ് വിചിന്തനം 09: തല്‍സ്ഥാന വിധികള്‍

”മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു” (ഉൽ. 11:5).

റെബ് യാക്കോവ് അതേ പേരുള്ള മറ്റൊരാളില്‍ നിന്ന് ഒരു സത്രം വാടകയ്ക്കെടുത്ത് സത്രം നടത്തി; പക്ഷേ ലാഭമൊന്നുമുണ്ടായില്ല. അതിനാല്‍ വാടക മുടങ്ങി. അയാള്‍ ഉടമയോട് അവധി ചോദിച്ചു. അയാള്‍ അതനുവദിച്ചു. മാസങ്ങള്‍ കടന്നുപോയി. അയാള്‍ക്ക് വാടകയൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. സത്രം ഉടമ വാടകക്കാരനെ പുറത്താക്കാന്‍ തീരുമാനിച്ചു. അയാള്‍ റബ്ബി റൂസിനെ സമീപിച്ച് സങ്കടം പറഞ്ഞു. അദ്ദേഹം രണ്ടുപേരെയും വിളിച്ചു. പാപ്പരായ യഹൂദനെ വഴിയാധാരമാക്കരുതെന്ന് അപേക്ഷിച്ചു. ഉടമ വഴങ്ങി. കടം ഇളച്ചുകൊടുത്തു. മാത്രവുമല്ല, വാടകനിരക്ക് കുറച്ചും കൊടുത്തു.

സത്രത്തിലെ കച്ചവടം മോശമായി തുടര്‍ന്നു. റെബ് യാക്കോവ് പിന്നെയും വാക്ക് തെറ്റിച്ചു. അയാള്‍ വീണ്ടും അവധി ചോദിച്ചു; ഉറപ്പുകള്‍ കൊടുത്തു. നിരാശനായ സത്രമുടമ പിന്നെയും റബ്ബിയെ സമീപിച്ചു. അദ്ദേഹം വീണ്ടും വാടകക്കാരനുവേണ്ടി വാദിച്ചു. ഉടമ ഇളവുകള്‍ കൊടുത്തു. എന്തെങ്കിലും വാടക കിട്ടാന്‍വേണ്ടി കാത്തിരുന്നു. പക്ഷേ, വാടകക്കാരന് പണം കൊടുക്കാന്‍ കഴിഞ്ഞില്ല. എല്ലാ അവധികളും അവസാനിച്ചപ്പോള്‍ ഉടമ അയാളെ തന്റെ സത്രത്തില്‍ നിന്ന് പുറത്താക്കി.

വര്‍ഷങ്ങള്‍ക്കുശേഷം സത്രമുടമ മരിച്ച് ന്യായവിധിക്കായി സ്വര്‍ഗ്ഗീയ കോടതിയിലെത്തി. കോടതി പറഞ്ഞു: “നിങ്ങള്‍ സത്യസന്ധനും നീതിമാനും കള്ളത്തരമില്ലാതെ കച്ചവടം നടത്തിയവനുമാണ്. എന്നാലും, ഒരു കളങ്കം ബാക്കിയുണ്ട്. നിങ്ങള്‍ ഒരു പാവം യഹൂദനെ തെരുവിലേയ്ക്കിറക്കിവിട്ടു.”

അയാള്‍ മറുപടി പറഞ്ഞു: “ഞാന്‍ എന്താണ് കൂടുതലായി ചെയ്യേണ്ടിയിരുന്നത്? പല പ്രാവശ്യം അവധി നീട്ടിക്കൊടുത്തു. വാടകത്തുക കുറച്ചു കൊടുത്തു. യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് സത്രം ഞാന്‍ തിരിച്ചുപിടിച്ചത്.” പിന്നീട് അയാള്‍ പറഞ്ഞത് കോടതിയെ ഞെട്ടിച്ചു. “എന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഈ കോടതി പോരാ.” ‘

“ഈ കോടതിക്കെന്താണ് കുഴപ്പം?” അയാള്‍ മറുപടി പറഞ്ഞു: “പണമെന്താണെന്നോ, അത് എങ്ങനെ ഉണ്ടാക്കുമെന്നോ സ്വർഗസ്ഥരായ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ഒരാളെ പുറത്തിറക്കിവിട്ട സംഭവം മാത്രമേ നിങ്ങള്‍ക്കറിയൂ. അതുകൊണ്ട് എന്നെ വിധിക്കാന്‍ മനുഷ്യരുടെ കോടതി മതി. പണമുണ്ടാക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ ഉള്‍പ്പെടുന്ന കോടതി.” അതോടെ സ്വര്‍ഗ്ഗീയകോടതി നിശബ്ദമായി.

ബാബേല്‍ ഗോപുരം പണിതവരെ വിധിക്കാന്‍ മുകളില്‍ നിന്നു നോക്കി തീരുമാനം പറഞ്ഞാല്‍ പോരാ. അതുകൊണ്ടാണ് കര്‍ത്താവ് ഇറങ്ങിവന്നു എന്ന് ഉല്പത്തി പുസ്തകം പറയുന്നത്. എല്ലാ വിധിയാളന്മാര്‍ക്കുമുള്ള പാഠമാണിത്. മുകളില്‍ നിന്ന് വിധിച്ചാല്‍ പോരാ. വിധിക്കപ്പെടുന്നവന്റെ സാഹചര്യം മനസ്സിലാക്കാന്‍ ഇറങ്ങിവരണം. അകവും പുറവും കണ്ട് വിധിക്കുന്നവനാണ് ദൈവം. ജെസ്സെയുടെ കുറ്റിയില്‍ നിന്ന് കിളിര്‍ക്കുന്ന അഭിഷിക്തനെക്കുറിച്ച് ഏശയ്യാ പ്രവാചകന്‍ പറയുന്നതിങ്ങനെയാണ്: ”കണ്ണു കൊണ്ട് കാണുന്നതുകൊണ്ടോ കാതു കൊണ്ട് കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല” (ഏശയ്യ 11:3).

എന്റെ ഈ കണ്ണുകൊണ്ട് കണ്ടതാ, ഈ കാതുകൊണ്ട് കേട്ടതാ എന്നുപറഞ്ഞു വിധികള്‍ നടത്തുന്നവര്‍ക്കുള്ള ആത്മീയ കടിഞ്ഞാണാണ് ഈ വാക്കുകള്‍.
നാം നടത്തുന്ന സ്പഷ്ടമായ വിധിപ്രസ്താവങ്ങളില്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന വിശേഷണങ്ങളിലും വിധിതീര്‍പ്പുകളുണ്ട്. ദുഷ്ടന്‍, അഹങ്കാരി, തെമ്മാടി, വിവരദോഷി, പിശുക്കന്‍, പൊട്ടന്‍, മണ്ണുണ്ണി, തണുപ്പന്‍, വായാടി, കുശുമ്പി, ആര്‍ത്തിപ്പണ്ടാരം, അധികാരമോഹി, വഞ്ചകി, മൊരടന്‍ എന്നു തുടങ്ങി എല്ലാ ദുര്‍വിശേഷണങ്ങളും കടുത്ത വിധികളാണ്.

ഒരുവന്‍ ആയിരിക്കുന്ന അതേ സ്ഥാനത്തു നിന്നാലേ വിധികള്‍ ന്യായമാവൂ. മറ്റുള്ളവരുടെ കുടുംബം, ബാല്യകാല അനുഭവങ്ങള്‍, ബന്ധങ്ങള്‍, നഷ്ടപ്പെട്ട അവസരങ്ങള്‍, ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍, അറിയാവുന്നതും അല്ലാത്തതുമായ രോഗങ്ങള്‍, ബുദ്ധിപരമായ നിലവാരം, ഉണങ്ങാതെ കിടക്കുന്ന മുറിവുകള്‍, ലഭിക്കാതെപോയ സ്‌നേഹം, വിദ്യാഭ്യാസം, കൂട്ടാളികള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ആത്മീയ ആഭിമുഖ്യങ്ങള്‍, മനസ്സില്‍ കയറിക്കൂടിയിട്ടുള്ള മാതൃകകള്‍ എല്ലാം പരിഗണിച്ചു നടത്തുന്നതാണ് തല്‍സ്ഥാനത്തു നിന്നുള്ള വിധികള്‍. ഇതെല്ലാം പരിശോധിച്ചറിഞ്ഞ് ഒരാളെ വിധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ലേയില്ല.

അതുകൊണ്ട് രണ്ടു കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം. സാധിക്കുന്നിടത്തോളം നിഷേധാത്മക വിധികള്‍ ഒഴിവാക്കണം; ഇനി വിധിക്കുന്നെങ്കില്‍ തന്നെ വിധികളില്‍ പരമാവധി കരുണ കലര്‍ത്തണം. അല്ലെങ്കിലോ? ”കാരുണ്യം കാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും” (യാക്കോബ് 2:13).

ബാബേല്‍ ഗോപുരം കാണാന്‍ ഇറങ്ങിവന്ന കര്‍ത്താവ് നമ്മുടെ സ്വന്തം കഥ കേള്‍ക്കാനും ഇറങ്ങിവരുമെന്നും എന്നിട്ടേ നമ്മെ വിധിക്കൂ എന്നും പ്രത്യാശിക്കാം.

റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.