നോമ്പു വിചിന്തനം – പതിനാലാം സ്ഥലം: യേശുവിന്റെ മൃതദേഹം കല്ലറയില്‍ സംസ്‌ക്കരിക്കുന്നു

ബൈബിള്‍ വലിയ ദിവസമെന്നു വിശേഷിപ്പിച്ചിട്ടുള്ള സാബതമായിരുന്നു പിറ്റേന്ന്. അതിനാല്‍ ധൃതിപ്പെട്ടുള്ള ഒരു സംസ്‌ക്കാരമാണ് നടന്നത്. അതിനു നേതൃത്വം നല്കിയത് അരിമത്തിയാക്കാരന്‍ ജോസഫും നിക്കോദേമോസുമാണ്. യഹൂദരുടെ ആചാരരീതിയനുസരിച്ചാണ് മൃതദേഹം സംസ്‌ക്കരിച്ചത്. നിക്കോദേമോസ് കൊണ്ടുവന്ന നൂറു റാത്തല്‍ സുഗന്ധദ്രവ്യം പൂശി കച്ചയില്‍ പൊതിഞ്ഞായിരുന്നു സംസ്‌ക്കാരം. ജോസഫിന്റെ ഉടമസ്ഥതിയിലുള്ള, പാറയില്‍ വെട്ടിയുണ്ടാക്കിയ പുതിയ കല്ലറയിലായിരുന്നു സംസ്‌ക്കാരം. കല്ലറയുടെ വാതില്ക്കല്‍ ഒരു വലിയ കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു.

ഈ കല്ലറ നമ്മെ പലതും പഠിപ്പിക്കുന്നു, ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയില്‍ തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന ക്രിസ്തുവിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് അന്യന്റെ കല്ലറയിലാണ്. സ്വന്തമായി ഒരു കല്ലറയില്ലാത്തവന്‍. സ്വന്തമായി ആറടി മണ്ണുപോലുമില്ലാത്തവന്‍. സ്വന്തമായി ഒന്നുമില്ലാത്തവന്‍. എല്ലാം ദൈവരാജ്യത്തെപ്രതി ഉപേക്ഷിക്കാനുള്ള നിയോഗം, വെല്ലുവിളി, ഓര്‍മ്മപ്പെടുത്തല്‍, ക്രിസ്തുവിന്റെ ഈ കല്ലറ നമുക്കു നല്കുന്നുണ്ട്.

കല്ലറ ഏറ്റവും നല്ല ആദ്ധ്യാത്മിക വിദ്യാലയമാണെന്ന് – ഇവിടമാണദ്ധ്യാത്മ വിദ്യാലയമെന്ന് – കുമാരനാശാന്‍ എഴുതിയിട്ടുണ്ട്. മരണവും മരണാനന്തര ചടങ്ങുകളും അഭിമാനപ്രശ്‌നമായി ഇന്നത്തെ സംസ്‌ക്കാരം വാഴ്ത്തുന്നുണ്ട്. മരണം സമ്മാനിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ദൈവം നല്കിയ ജീവന്‍ തിരിച്ചെടുക്കാനുള്ള അധികാരം ദൈവത്തിനുണ്ടെന്നും  ആ സമയം നിശ്ചയിക്കുന്നത് ദൈവമാണെന്നും വിശ്വസിക്കുന്നവരാണ് നമ്മള്‍. ഈ വിശ്വാസത്തെ പലപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകുന്നു എന്നത് വേദനാജനകമാണ്. ഭൗതികതയുടെ പിന്നാലെ ഭ്രാന്തമായി പരക്കം പായുന്ന അത്യാധുനിക സംസ്‌ക്കാരത്തിന്റെ അര്‍ത്ഥശൂന്യത തിരിച്ചറിയപ്പെടേണ്ടതുണ്ട്. മരണം നമ്മെ പഠിപ്പിക്കുന്ന വലിയ പാഠങ്ങളിലൊന്ന് നമ്മള്‍ നിസ്സാരരാണ് എന്നതാണ്. ആ നിസ്സാരതയുടെ ജീവിക്കുന്ന അടയാളങ്ങാണ് ഓരോ കല്ലറയും.

ക്രിസ്തുവിന്റെ കല്ലറയുടെ ഏറ്റവും വലിയ പ്രത്യേകത അത് ശൂന്യമായ കല്ലറയാണെന്നുള്ളതാണ്. ആ കല്ലറയിലെ നിറവ് വെറും മണിക്കൂറുകള്‍ മാത്രം നിലനില്ക്കുന്നതായിരുന്നു. പിന്നീട് അത് ശൂന്യമായ കല്ലറയാണ്. നിങ്ങള്‍ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്തിന്? എന്ന് മാലാഖ ചോദിക്കുന്നുണ്ട്. മരിച്ചവരുടെ ലോകമാണ് കല്ലറ.  മരണത്തില്‍നിന്ന് ജീവനിലേക്ക് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വലിയ കൃപ സ്വീകരിച്ചുകൊണ്ട് മരണസംസ്‌ക്കാരത്തില്‍ പുതിയ ജീവന്റെ തിരിനാളങ്ങള്‍ നീട്ടുവാന്‍ ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ നമുക്കു പ്രചോദനമാകണം.  മരണം പരാജയപ്പെട്ടതിന്റെ അടയാളമാണ് ക്രിസ്തുവിന്റെ കല്ലറ. മരണമേ നിന്റെ ദംശനമെവിടെ? മരണമേ നിന്റെ വിജയമെവിടെ? (1 കോരി. 15:26) എന്ന വചനം നമുക്ക് പ്രത്യാശ നല്‍കുന്നതത്രേ.  ശൂന്യമായ കല്ലറയിലേക്കു നോക്കിക്കൊണ്ട് അഭിമാനത്തോടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ഏറ്റുപറയാന്‍ നമുക്കാകണം. കുരിശിന്റെ വഴി വേദനയെയും സഹനത്തെയും കുറിച്ചുള്ള ധ്യാനമാണ്. എന്നാല്‍ പതിനാലാം സ്ഥലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്താണ്? ഈ കല്ലറ വെറും ശൂന്യമാണ് എന്ന വിവേകം തന്നെ. മരണം ഒരു അവസാനമല്ലെന്നും പുതുജീവിതത്തിന്റെ ആരംഭമാണെന്നുമുള്ള പാഠവും വേദനകള്‍ക്കപ്പുറത്ത് പ്രതിഫലത്തിന്റെ വിജയകിരീടത്തിന്റെ ഉറപ്പുമാണ് ഈ കല്ലറ നമുക്കു സമ്മാനിക്കുന്നത്. ഈ വിവേകമാണ് പതിനാലാം സ്ഥലത്തുനിന്നും നാം ആര്‍ജ്ജിച്ചെടുക്കുന്നത്. ഇത് പ്രതീക്ഷയുടെ വേദിയാണ്. യേശുവിന്റെ കല്ലറ നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പാണ്. നമ്മുടെ പ്രത്യാശയുടെ കേന്ദ്രമാണ്.

വിശ്വാസികള്‍ക്ക് കല്ലറകള്‍ ജീവന്റെ പ്രതീകങ്ങളാണ്. ആത്മാവിനു വസിക്കാനുള്ള താല്‍ക്കാലിക വാസഗൃഹമാണ് നമ്മുടെ ശരീരം എന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നുണ്ട്. അതുപോലെ യേശുവിന്റെ ശരീരത്തിന് താല്‍ക്കാലിക വാസത്തിനുള്ളതായിരുന്നു ഈ കല്ലറ. മണിക്കൂറുകള്‍ മാത്രം വസിക്കുവാനുള്ള ഇടം. എല്ലാ കല്ലറകളും അങ്ങനെതന്നെ. അവ തുറക്കപ്പെടുവാനുള്ളതത്രേ.  പതിനാലാം സ്ഥലത്തു മുട്ടുകുത്തുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കേണ്ടത് നമ്മുടെ ഉയിര്‍പ്പും മരണാനന്തര ജീവിതവുമായിരിക്കണം.

നമുക്ക് പ്രാര്‍ത്ഥിക്കാം

യേശുവേ, നിന്റെ കല്ലറയെ ഞങ്ങള്‍ ധ്യാനിക്കുന്നു. മരണം ഒന്നിന്റെയും അവസാനമല്ലെന്ന് നിന്റെ കല്ലറ ഞങ്ങളെ പഠിപ്പിക്കുന്നു. ആ ബോധ്യം ഞങ്ങളില്‍ രൂഢമൂലമാകുവാന്‍ കൃപയരുളണമെ. ഈ ലോകത്തിനായി നേടുന്നതൊന്നും നിത്യജീവനുതകില്ലെന്നു തിരിച്ചറിയാനുള്ള വരമരുളണമേ. കല്ലറകള്‍ പുനരുത്ഥാനത്തിന്റെ ഗര്‍ഭഗൃഹങ്ങളാണെന്നുള്ള വലിയ തിരിച്ചറിവു ഞങ്ങള്‍ക്കു നല്കണമേ. നിന്റെ പുനരുത്ഥാനത്തെ നോക്കിപ്പാര്‍ക്കുവാന്‍ നിന്റെ പീഡാസഹനങ്ങള്‍ ഞങ്ങള്‍ക്കു കരുത്താകട്ടെ. യേശുവേ, എളിമയോടെ നിന്നെ സമീപിക്കുവാന്‍ ഞങ്ങള്‍ക്കു ബലം നല്‍കണമേ. ഒരുക്കത്തോടെയുള്ള നല്ല മരണവും നിന്നോടൊപ്പമുള്ള നിത്യജീവനും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആമ്മേന്‍.

ഫാ. ജോണ്‍സണ്‍ പുതുവേലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.