കൃതജ്ഞതയുടെ ജീവിതം പരിശീലിക്കാൻ നാലു മാർഗങ്ങൾ

നിരവധിയായ അനുഗ്രഹങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട നാം ഓരോരുത്തരും കൃതജ്ഞതയുടെ ജീവിതം നയിക്കാൻ കടപ്പെട്ടവരാണ്. പ്രകൃതിപോലും ദൈവം തന്നിൽ സന്നിവേശിപ്പിച്ച സാധ്യതകളുടെ നിറവിൽ ദൈവത്തിനു സ്തുതിപാടുന്ന കാലമാണല്ലോ വസന്തകാലം. പക്ഷിമൃഗാദികളും പ്രഭാതങ്ങളിൽ നന്ദിയുടെ കീർത്തനങ്ങളർപ്പിച്ചുകൊണ്ടാണ് ജീവിതം ആരംഭിക്കുക. സൃഷ്ടിയുടെ മകുടമായ മനുഷ്യൻ എന്ന നിലയിൽ ദൈവത്തോടും സഹജീവികളോടും നന്ദിയുള്ളവരായി ജീവിക്കാൻ നമുക്കു പരിശീലിക്കാം. അതിനു നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ.

1. കൃതജ്ഞതയുടെ പൂന്തോട്ടം ഒരുക്കാം

നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നമ്മൾ പൂക്കൾ സമർപ്പിക്കാറുണ്ട്. വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂക്കൾ നമ്മിൽ പ്രത്യാശയുടെയും സന്തോഷത്തിന്റെയും വികാരങ്ങളാണ് ജനിപ്പിക്കുക. നമ്മെ നിരന്തരം പരിപാലിക്കുന്ന ദൈവത്തോടുള്ള നന്ദിയുടെ സൂചകമായി നമുക്ക് നമ്മുടെ വീടിനോടുചേർന്ന് ‘കൃതജ്ഞതയുടെ ഒരു പൂന്തോട്ടം’ നട്ടുപിടിപ്പിക്കാം. പൂന്തോട്ടത്തിൽ ചെറിയചെറിയ പ്ലക്കാർഡുകൾ നാട്ടി മാതാപിതാക്കളോടും കൂടെപ്പിറപ്പുകളോടുമുള്ള നന്ദിയുടെ വാക്കുകൾ രേഖപ്പെടുത്തുന്നതും മനോഹരമായിരിക്കും. ഇത് നമ്മിൽ പുതിയ ഊർജവും പ്രത്യാശയും നിറയ്ക്കുന്നു.

2. എല്ലാറ്റിനും എല്ലാവരോടും നന്ദിപറയുക

മറ്റുള്ളവർ നമുക്കായി ചെയ്തുതരുന്ന ഓരോ കാര്യത്തിനും ഓരോരുത്തർക്കും പുഞ്ചിരിനിറഞ്ഞ മുഖഭാവത്തോടെ നന്ദിപറയുന്നതിലൂടെ നന്ദിയുടെ ഒരു സംസ്കാരം നമ്മുടെ ജീവിതത്തിലും നമ്മിലൂടെ നമ്മുടെ കുടുംബത്തിലും രൂപംകൊള്ളും. ദിവസവും ഭക്ഷണം പാകം ചെയ്തുതരുന്ന അമ്മയോടും നമുക്കുവേണ്ടി അധ്വാനിക്കുന്ന അപ്പനോടും എല്ലായ്‌പ്പോഴും നമ്മോടൊപ്പമുള്ള നമ്മുടെ കൂടെപ്പിറപ്പുകളോടും നന്ദിപറഞ്ഞു ശീലിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം.

3. അനുഗ്രഹങ്ങളെ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക

ദൈവം നമ്മുടെ ജീവിതത്തിലേക്കും ചുറ്റുപാടുകളിലേക്കും പ്രകൃതിയിലേക്കും വർഷിക്കുന്ന അനുഗ്രഹങ്ങളെ ആസ്വദിക്കാനും അവ മറ്റുള്ളവരോടു പങ്കുവയ്ക്കാനും ശ്രമിക്കുന്നതിലൂടെ നമുക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുന്നു. ഇത് ദൈവത്തോടും സഹജീവികളോടും പ്രകൃതിയോടുമുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുന്നു. ആദ്യം പ്രകൃതിയിൽ നിന്നുതന്നെ നമുക്ക് അനുഗ്രഹങ്ങളെ എണ്ണാൻ ശ്രമിക്കാം. പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളെയും പാറിപ്പറക്കുന്ന പക്ഷികളെയും ആസ്വദിച്ചുകൊണ്ട് പ്രകൃതിയിൽ അല്പനേരം ദൈവത്തെ സ്തുതിച്ചുകൊണ്ടു ചെലവഴിക്കുന്നത് നന്ദിയുടെ സംസ്കാരം വളർത്തുന്നതിനുള്ള ആദ്യപടിയാകട്ടെ.

4. കൃതജ്ഞതയുടെ കണക്കുപുസ്തകം നിർമ്മിക്കാം

വ്യക്തിപരമായ അനുഭവങ്ങൾ ദിവസവും കുറിച്ചുവയ്ക്കുന്നവരായിരിക്കാൻ നമുക്കു ശ്രമിക്കാം. അനുദിനവുമുള്ള നമ്മുടെ ഡയറി എഴുത്തിൽ ഒരു പേജ് അനുഗ്രഹങ്ങളുടെ എണ്ണം കുറിച്ചുവയ്ക്കാനായി സൂക്ഷിക്കാം. വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും നമ്മെ സംരക്ഷിക്കുകയും നമുക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കരുതലിനെ കുറിച്ചുവയ്ക്കുന്നതിലൂടെ നാം നമ്മുടെ ജീവിതത്തിൽ പ്രത്യാശയുടെ മനുഷ്യരായിത്തീരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.