നോമ്പിലെ അമ്പതു മാലാഖമാര്‍ 22: ലാളിത്യത്തിന്റെ മാലാഖ

നോമ്പില്‍ ഇന്ന് നമ്മളെ വഴിനടത്തുന്ന മാലാഖ ലാളിത്യമാണ്. പൂര്‍ണ്ണതയുടെ നവവും ആഴവുമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം സഹായിക്കും. ലളിതമായി ജീവിക്കുക എന്നാല്‍ ഒരു ആത്മപരിത്യാഗം മാത്രമല്ല മറിച്ച്, മറ്റുള്ളവരിലേയ്ക്ക് ഉദാരമായി കടന്നുചെല്ലാനുള്ള വാതിലുമാണ്. ലാളിത്യം ക്രിസ്തീയജീവിതത്തിന് സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണ്ണതകളിലും ജീവന്റെ സൗന്ദര്യവും വിശുദ്ധിയും ആഘോഷിക്കണമെങ്കില്‍ ലാളിത്യം കൂടിയേ തീരൂ.

നോമ്പുകാലം ഒരു ലളിത ജീവിതചര്യയാണ്. എളിയവനാകുമ്പോള്‍, ലാളിത്യം പുലര്‍ത്തുമ്പോള്‍ ദൈവത്തോട് നാം കൂടുതല്‍ അടുക്കുന്നു. ദൈവം അടുത്തുള്ളപ്പോള്‍ നമ്മുടെ ജീവിതം സുന്ദരവും കാഴ്ചകള്‍ വിശുദ്ധവും കാഴ്ചപ്പാടുകള്‍ വിശാലവുമാകുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം.. ഈശോയെ, ലാളിത്യത്തെ സ്നേഹിക്കുവാനും അതിനെ പുണരുവാനും എന്നെ പഠിപ്പിക്കേണമേ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS