പാപ്പയുടെ നോമ്പ് സന്ദേശം 12 – മാറ്റത്തിനുള്ള സമയം 

അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി ( മത്തായി :17:2 )

തന്റെ മഹത്വം ശിഷ്യന്മാര്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് യേശു താബോര്‍ മലയില്‍ രൂപാന്താരപ്പെട്ടത്. കുരിശിനെ എങ്ങനെ ഒഴിവാക്കും എന്നല്ല അവിടുന്ന് അവര്‍ക്ക് കാണിച്ചുകൊടുത്തത്, മറിച്ച് കുരിശ് തങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത് എന്നാണ്. അവനോടൊപ്പം മരിക്കുന്നവന്‍ അവനോടൊപ്പം ജീവിക്കുകയും ചെയ്യും. പുനരുത്ഥാനത്തിലേയ്ക്കുള്ള വാതില്‍ കൂടിയാണ് കുരിശ്. അവനോടൊപ്പം ക്ലേശിക്കുന്നവന്‍ അവനോടൊപ്പം വിജയം നേടും. ഇതാണ് അവിടുത്തെ കുരിശ് നല്‍കുന്ന സന്ദേശം. സഹനത്തില്‍ നിലനില്‍ക്കുന്നതിന് ആഹ്വാനം ചെയ്യുന്ന സന്ദേശം. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കുരിശ് ഒലങ്കാര വസ്തുവല്ല. മറിച്ച് മനുഷ്യവംശത്തെ പാപത്തില്‍ നിന്നും ശാപത്തില്‍ നിന്നും മോചിപ്പിച്ച് ദൈവത്തിന്റെ സ്‌നേഹത്തിലേയ്ക്കുള്ള ക്ഷണമാണത്. അതുകൊണ്ട് ഈ നോമ്പുകാലത്ത് കുരിശിന്റെ രൂപത്തിലേയ്ക്ക് ആദരവോട് നോക്കിക്കൊണ്ട് പുനര്‍വിചിന്തനം നടത്തണം. നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത കുരിശിലെ യേശുവാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളം. അതുകൊണ്ട് നമുക്ക് ഉറപ്പുവരുത്താം, നോമ്പുയാത്രയിലെ ഓരോ ഘട്ടത്തിലും കുരിശിനെയാണ് നാം ആശ്രയിക്കുന്നതെന്ന്. അതുപോലെതന്നെ എത്ര ത്യാഗം സഹിച്ചാണ് അവിടുന്ന് നമ്മെ രക്ഷിച്ചതെന്നും നമ്മുടെ പാപങ്ങള്‍ എത്രമാത്രം ഗൗരവതരമാണെന്നും ധ്യാനിക്കണം. അതുകൊണ്ട് നമുക്ക് പരിശോധിക്കാം…യേശുവിന്റെ ത്യാഗവും സഹനവും നമ്മുടെ ത്യാഗത്തിനും സഹനത്തിനും പ്രചോദനമാവുന്നുണ്ടോയെന്ന്.

( ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന് )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.