പാപ്പയുടെ നോമ്പ് സന്ദേശം 30- സാക്ഷിയാകാനുള്ള സമയം 

പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1:8)

യേശുവിന്റെ ശിഷ്യന്മാര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയത് ഏത് അരൂപിയെ ഉപയോഗിച്ചായിരിക്കും? തങ്ങളെ കാത്തിരിക്കുന്ന സഹനങ്ങളെയും പീഡകളെയും പച്ചയായ യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് അവര്‍ അറിഞ്ഞിരിക്കേണ്ടിയിരുന്നല്ലോ. വെറുപ്പും വിദ്വേഷവുമാണ് ക്രിസ്ത്യാനികളുടെ പീഡനങ്ങളുടെ ആരംഭമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെയും തന്നെ അനുഗമിക്കുന്നവരുടെയും ദൗത്യം എതിര്‍ക്കാന്‍ തിന്മയുടെ ശക്തികള്‍ ശ്രമിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. അതിനാലാണ് കര്‍ത്തൃശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കുന്നവര്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും, മാനുഷികമായ പല പ്രലോഭനങ്ങളില്‍ നിന്നും രക്ഷ നേടണം എന്ന് യേശു പറയുന്നത്. അതുകൊണ്ടാണ്, പ്രേഷികവേലയ്ക്കായി പോകുമ്പോള്‍ പണമോ, സഞ്ചിയോ ചെരുപ്പോ കയ്യില്‍ കരുതരുതെന്നും പകരം എന്താവശ്യത്തിനും തന്റെ കുരിശിന്റെ കീഴില്‍ അഭയം തേടണമെന്നും  യേശു പറഞ്ഞതും. ഇതിനര്‍ത്ഥം, വ്യക്തിപരമായ എല്ലാ ഗുണഫലങ്ങളും അധികാര മോഹങ്ങളും ജീവിതവ്യഗ്രതകളും ഉപേക്ഷിച്ച് നമ്മെത്തന്നെ യേശുവിന്റെ കരുണയുടെ വാഹകരും വിതരണക്കാരുമാക്കണമെന്നാണ്.

ഒരു ക്രിസ്ത്യാനിയുടെ ഈ ലോകത്തിലെ സേവനം ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും സേവിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം. ഉദാരമനസ്‌കതയാണ് ഇതിന് ഏറ്റവും ആവശ്യം. ഒപ്പം, നമ്മുടെ ഓരോ പ്രവര്‍ത്തിയിലും ദൈവത്തിന്റെ നോട്ടം പതിയുന്നതിനായി അവിടുത്തെ സഹായവും നിരന്തരം അപേക്ഷിക്കണം. അനുദിനജീവിതത്തില്‍ സന്തോഷത്തോടെ സുവിശേഷത്തിന് സാക്ഷികളാവുന്ന ക്രൈസ്തവരെ ധാരാളമായി സഭയ്ക്ക് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ തനിക്കായി ശുശ്രൂഷ ചെയ്യാനുള്ള യേശുവിന്റെ വിളിയ്ക്കായി നാം കാതോര്‍ക്കണം. ഭയം കൂടാതെ അതീവധൈര്യത്തോടെ സുവിശേഷത്തിന്റെ സദ്വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ ശ്രമിക്കണം. അതുകൊണ്ട് ചിന്തിക്കാം..ആരോടൊക്കെ, ഏതൊക്കെ രീതിയിലാണ് ഞാനിന്ന് സുവിശേഷം പ്രഘോഷിക്കേണ്ടത് എന്ന്.

(പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.