നോമ്പു വിചിന്തനം: മുള്‍ക്കിരീടങ്ങള്‍

പരിഹാസത്തിനു രണ്ടു മുഖങ്ങളുണ്ട്. ഒന്ന് സ്നേഹപൂര്‍വ്വമാകുമ്പോള്‍ മറ്റൊന്ന് വെറുപ്പിന്‍റെ സാന്നിദ്ധ്യം പേറുന്നു. ഒന്നില്‍ വളര്‍ത്തലിന്‍റെ പരിരക്ഷയുണ്ടെങ്കില്‍ മറ്റൊന്നില്‍ വെട്ടിക്കളയലിന്‍റെ കാഠിന്യവും പാരുഷ്യവുമുണ്ട്. ആത്മാര്‍ത്ഥമായ പരിഹാസങ്ങള്‍ ഒരിയ്ക്കലും അധികമാവില്ലന്നാണെന്‍റെ വിചാരം. സമയാസമയങ്ങളില്‍ പരിഹാസച്ചുവയുള്ള തിരുത്തലുകളും സ്നേഹപൂര്‍വ്വകമായ ശാസനകളും ജീവിതത്തില്‍ കൂടുതല്‍ മിഴിവേകും; പുത്തന്‍ വര്‍ണ്ണക്കൂട്ടുകള്‍ ചേര്‍ക്കും. കാലമേറുമ്പോള്‍ കൊഴിഞ്ഞും കളഞ്ഞും പോകുന്ന നന്മകള്‍ സുഹൃത്തിന്‍റെ സ്നേഹം നിറയുന്ന പരിഹാസങ്ങള്‍ തിരികെ നല്‍കും.

പരസ്പരമുള്ള ആത്മബന്ധമാണ് പരിഹാസങ്ങളുടെ മുഖം തീരുമാനിക്കുന്നത്. നിന്നെ കൂട്ടികൊണ്ടു പോകുന്ന വഴികള്‍ തീരുമാനിക്കുക നിന്‍റെ ആത്മബന്ധത്തിന്‍റെ ആഴങ്ങളും പിന്‍വിളികളുമാണ്. സ്നേഹമന്യമാകുന്ന പരിഹാസങ്ങള്‍ മൂര്‍ച്ചയേറിയ ശരങ്ങളാകുന്നു. വെട്ടിയൊരുക്കുന്നതിനേക്കാള്‍ അത് വെട്ടി നശിപ്പിക്കുന്നില്ലേ?

എന്‍റെ പ്രിയ സ്നേഹിതാ, സൗഹൃദം നിറയുന്ന വലിയ ഒരു മനസ്സുണ്ട് നമ്മള്‍ക്ക്. എങ്കിലും സുഹൃത്തിനെയും സുഹൃത്ബന്ധങ്ങളെയുംകുറിച്ചുള്ള നിന്‍റെ കണ്ടെത്തലുകളില്‍ പരിഹാസങ്ങളിലൂടെ വളര്‍ത്താനാകുന്ന ഒരു സുഹൃത്തിന്‍റെ മുഖം നീ വരച്ചതെന്നാണ്? ആ മുഖമെനിക്കു നല്കാന്‍ നീ തീരുമാനിച്ചതെപ്പോഴാണ്? അതിലേയ്ക്ക് എനിയ്ക്ക് വളരാനാകുന്നില്ല എന്ന തിക്തതയിലാണ് ഞാന്‍. മിഴികളെ ഈറനണിയിക്കുന്ന തിക്തത. നിന്‍റെ പരിഹാസങ്ങളില്‍ എനിക്ക് മുറിവേല്‍ക്കുകയില്ല എന്ന എന്‍റെ വാഗ്ദാനങ്ങളില്‍ ഞാന്‍ അന്യനാകുന്നു.

ആത്മബന്ധങ്ങള്‍ക്ക് ഉറപ്പും ബലവും നല്കുന്നത് തമാശകളും ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലുകളും തിരുത്തലുകളും കളിയാക്കലുകളുമൊക്കെയാണ്. യഥാസമയങ്ങളിലുള്ള കളിയാക്കലുകളില്‍ സ്നേഹമുള്ള മനസ്സുകള്‍ കൂടുതല്‍ കൂടുതല്‍ ഇഴുകിച്ചേരുന്നു. പുതിയ ധ്യാനങ്ങളും ദര്‍ശനങ്ങളും രൂപപ്പെടുന്നു. സ്നേഹപൂര്‍വ്വമെങ്കില്‍ ഓരോ തിരുത്തലുകളും കളിയാക്കലുകളും പരിഹാസങ്ങളും സൗഹൃദധ്യാനങ്ങളാണ്. സ്വയം മനസ്സിലാക്കാനും തെറ്റിപ്പോയി എന്ന് കുമ്പസാരിക്കാനും പ്രിയപ്പെട്ടവരോട് ചേര്‍ന്നു നിന്ന് നന്ദി എന്നു പറയാനും നിന്നെ തയ്യാറാക്കുന്ന സൗഹൃദധ്യാനങ്ങള്‍ ജീവിതത്തില്‍ അമൃത് പകരുന്ന നിമിഷങ്ങളാണ്. അത് ഉറ്റവരും ആത്മമിത്രങ്ങളുമാകുമ്പോള്‍ വളരെയധികം മാധുര്യമേറുന്ന ഒന്ന്.

പരിഹസിക്കപ്പെടുവാനും കളിയാക്കപ്പെടുവാനും നീ ആഗ്രഹിക്കുക. നീ വളരുന്നു എന്നതിന്‍റെ വെളിവാക്കലാണത്. തിരുത്തപ്പെടാന്‍ തയ്യാറാകുന്നവരാണ് പൂര്‍ണ്ണതയിലേയ്ക്ക് നീങ്ങുക. പരിഹസിക്കപ്പെടുമ്പോള്‍ സ്നേഹം അന്യമാകുന്നുണ്ടോ എന്ന് വിവേചിക്കുക. കാരണം സ്നേഹത്തിന്‍റെ ഈറ്റില്ലങ്ങളിലാണ് പരിഹാസങ്ങളും കളിയാക്കലുകളും സൗഹൃദധ്യാനങ്ങളാകുക. അല്ലെങ്കില്‍ അത് കുറ്റപ്പെടുത്തലുകളും മുറിപ്പെടുത്തലുകളുമായി അധ:പതിയ്ക്കും.

നീ പരിഹസിക്കുമ്പോള്‍, നീയും പരിഹസിക്കപ്പെടുമെന്ന് ഓര്‍ക്കുക. പരിഹസിക്കപ്പെടല്‍ മാത്രമാവുകയും നീ പരിഹാസ്യനാകാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന നേരങ്ങളിലാണ് തിരിച്ചറിവുകള്‍ നഷ്ടപ്പെടുന്നത്, സ്നേഹതീര്‍ത്ഥങ്ങള്‍ അന്യാധീനപ്പെടുന്നത്. തിരുത്താനും തിരുത്തപ്പെടാനും തയ്യാറാകുന്നതിലാണ് വിജയം.

അധികമായാല്‍ അമൃതും വിഷമാണെന്നാണ് പഴമൊഴി. സൗഹൃദങ്ങള്‍ കോര്‍ത്തിണക്കുന്ന സ്നേഹത്തിന്‍റെ മാറ്റുകുറയുമ്പോഴാണ് ജീവിതത്തിലെ സൗഹൃദധ്യാനങ്ങള്‍ കുറ്റം പറച്ചിലും വെട്ടിനിരത്തലുകളുമായി വഴിതിരിയുക. ജീവിതത്തില്‍ അന്യമായിരുന്നവയെ കൂട്ടിച്ചേര്‍ക്കാനുള്ള പ്രചോദനങ്ങളാകേണ്ട പല തിരുത്തലുകളും മുറിപ്പെടുത്തുകയും വലിയ വടുക്കള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു.

പരിഹാസങ്ങള്‍ തിരുത്തലുകള്‍ക്ക് വേണ്ടിയുള്ളതാകുമ്പോഴാണ് അതിനു മൂല്യമേറുന്നത്. വെറും വിനോദത്തിലേയ്ക്കതു വഴിപ്പെടുമ്പോള്‍ അപരനെ വെറും ഉപഭോഗവസ്തുവാക്കി കളയുകയാണെന്നതാണ് സത്യം. നമ്മള്‍ക്ക് ചിരിയ്ക്കുവാനും സന്തോഷിയ്ക്കാനും മാത്രമുള്ള ഒന്ന്. അപരന്‍റെ ജീവിതത്തിലേയ്ക്ക് ഒന്നെത്തിനോക്കാനുള്ള സന്‍മനസ്സ് നഷ്ടപ്പെടാതിരിയ്ക്കണമേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.

തിരുത്തലുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഒരു പരിശുദ്ധിയുണ്ട്, ദൈവീകതയുണ്ട്. തെറ്റില്‍ നിന്നും കുറവില്‍ നിന്നും കൈപ്പിടിച്ചുയര്‍ത്തുന്ന ദൈവീക സാന്നിദ്ധ്യമുണ്ട്. അങ്ങനെയാണത് ധ്യാനമാകുക, ദര്‍ശനങ്ങളാകുക.

ദര്‍ശനങ്ങളും ധ്യാനങ്ങളും നഷ്ടപ്പെടുത്തിക്കളയുന്ന ഒന്നും എനിക്ക് നന്മ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു നല്ല വാക്കിന് അനേകം വേനല്‍മാസങ്ങളെ തണുപ്പിയ്ക്കാനാകും.

അല്ലെങ്കില്‍ നാം നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇങ്ങനെ മാറ്റിയെഴുതേണ്ടി വരും. “ദൈവമേ, എന്‍റെ സുഹൃത്തുക്കളില്‍ നിന്ന് എന്നെ രക്ഷിയ്ക്കുക. എന്‍റെ ശത്രുക്കളില്‍ നിന്ന് എനിക്ക് സ്വയം രക്ഷിയ്ക്കാനാകും.”

“ഹൃദയത്തിനു മുറിവേല്‍ക്കാതെ കണ്ണുകള്‍ കരയില്ല” (ചൈനീസ് പഴഞ്ചൊല്ല്).

ഫാ. ജെയിംസ് പുളിച്ചുമാക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.