ലെബനോന്‍: സമാധാനത്തിന് ആഹ്വാനം ചെയ്ത് കര്‍ദ്ദിനാള്‍ ബേഷാറ ബുത്രോസ് റായി

ലെബനോനിലെ ബെയ്‌റൂട്ട് തുറമുഖത്ത് ഒരു വര്‍ഷം മുന്‍പ് നടന്ന സ്ഫോടനത്തിന്റെ വാര്‍ഷികദിനത്തില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്ത് കര്‍ദ്ദിനാള്‍ ബേഷാറ ബുത്രോസ് റായി. ഏതാണ്ട് ഇരുന്നൂറ് പേരുടെ മരണത്തിനും ആയിരങ്ങളുടെ പരിക്കിനും കാരണമായ ബെയ്റൂട്ട് ദുരന്തത്തിന്റെ വാര്‍ഷികദിനത്തില്‍ ബെയ്റൂട്ട് തുറമുഖത്ത് നടന്ന വാര്‍ഷികചടങ്ങുകള്‍ക്കിടയില്‍, മാറോണീത്താ കത്തോലിക്കാ സഭയുടെ തലവനും കര്‍ദ്ദിനാളുമായ പാത്രിയര്‍ക്കീസ് ബേഷാറ ബുത്രോസ് റായി, വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സമാധാനത്തിലൂടെ മുന്നേറാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തു.

ഈ വാര്‍ഷികദിനം കോപത്തിന്റെയും പ്രതിഷേധത്തിന്റെയും അപലപനത്തിന്റെയും ദിവസമായിരിക്കണമെന്ന് പലരും ആഗ്രഹിച്ചു എന്നു പറഞ്ഞ കര്‍ദ്ദിനാള്‍ റായി, വി. മത്തായിയുടെ സുവിശേഷം പതിനേഴാം ആദ്ധ്യായത്തിലെ ‘അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയര്‍പ്പിക്കപ്പെടും’ എന്ന ഇരുപത്തിമൂന്നാം വാക്യം ഉദ്ധരിച്ച് സുവിശേഷത്തിന്റെ വാക്കുകള്‍ മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ഏറ്റവും ഫലപ്രദവും ആശ്വാസകരവും ആണെന്ന് ഓര്‍മ്മിപ്പിച്ചു.

പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ കായേന്റെ മനസ്സാക്ഷിയോട് എന്നതുപോലെ, ഇവിടെ നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരുടെ മനസ്സാക്ഷിയോടും ദൈവം ചോദ്യം ഉയര്‍ത്തുന്നുണ്ടെന്നും മനുഷ്യചരിത്രത്തിലെ മൂന്നാമത്തെ വലിയ ആണവേതര സ്‌ഫോടനമായ ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ നീതിയില്‍ നിന്ന് രക്ഷപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.