ലത്തീൻ നവംബർ 24 ലൂക്കാ 21: 12-19 സാക്ഷ്യവഴികൾ

“നിങ്ങള്‍ക്ക്‌ ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും” (ലൂക്കാ 21:13).

സഹനങ്ങളും പീഡനങ്ങളും ശാരീരീകമായി അനഭിലഷണീയമാണെങ്കിലും അവ ഒരു ക്രൈസ്തവന് ഏറ്റവും ഉൽകൃഷ്ടമായ ക്രിസ്തുസാക്ഷ്യത്തിനുള്ള അവസരങ്ങൾ  നൽകുന്നു.

ശിശിരകാലം വൃക്ഷങ്ങൾക്ക് പീഡനകാലമാകുമ്പോൾ അവ തങ്ങളുടെ വേരുകളെ ആഴത്തിലേക്ക് താഴ്ത്തി ദുരിതകാലത്തെ പ്രതിരോധിക്കുന്നത് പ്രകൃതിയിൽ കാണാം. അപ്രകാരം ക്രിസ്തുസ്നേഹത്തെ പ്രതിയുള്ള സഹനങ്ങളും പീഡനങ്ങളും  ദൈവവുമായുള്ള സംസർഗ്ഗത്തെ ആഴപ്പെടുത്തുന്നതിന് ക്രിസ്തുശിഷ്യനെ സഹായിക്കുന്നു. അപ്രകാരം, കഷ്ടപ്പാടുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിലെ കുടുംബബന്ധങ്ങൾ സാധാരണമായി ആഴമുള്ളതും സമൃദ്ധിയുള്ള കുടുംബങ്ങളിൽ ബന്ധങ്ങൾ ഉപരിപ്ലവവുമായി കാണപ്പെടുന്നു.

ലൗകികർക്ക് കുരിശ് വേദനയുടെ പ്രതീകമെങ്കിൽ സാക്ഷ്യവഴി എന്ന അർത്ഥത്തിൽ അത്‌ ക്രൈസ്തവന് രക്ഷയുടെ അടയാളമാണ്. സഹനങ്ങൾ വെറുക്കപ്പെടേണ്ട ഭാരങ്ങളെങ്കിൽ ക്രൈസ്തവനത് ആശ്ലേഷിക്കേണ്ട രഹസ്യവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.