ലത്തീൻ നവംബർ 18 ലൂക്കാ 19: 41-44 ദൈവിക സന്ദർശനം

“നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല” (ലൂക്കാ 19:44).

പഴനിയമത്തിൽ ‘ദൈവം മനുഷ്യനെ സന്ദർശിച്ചു‘ എന്നു പറയുമ്പോൾ അത് അർത്ഥമാക്കുന്നത് രണ്ട് കാര്യങ്ങളെയാണ്. ഒന്നാമതായി, മംഗളവാർത്താ പ്രഘോഷണം. ഉദാഹരണത്തിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുത്രൻ ജനിക്കുന്നു എന്ന മംഗളവാർത്ത അറിയിക്കാനായി ദൈവം അബ്രാഹത്തെ സന്ദർശിക്കുന്നു. രണ്ടാമതായി, വിധി. പാപകലുഷിതമായ സോദോം-ഗൊമോറാ പട്ടണങ്ങളെ ശിക്ഷിക്കാനായി എത്തുന്ന ദൈവം.

യേശുവിലൂടെയുള്ള ദൈവത്തിന്റെ സന്ദർശനം ദർശിക്കാത്ത ജെറുസലേം നിവാസികളെക്കുറിച്ചുള്ള വിലാപവും ആഗതമാകുന്ന ജെറുസലേം നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യേശുപ്രവചനവുമാണ് സുവിശേഷസാരം.

എ.ഡി. 70 -ൽ റോമൻ ജനറൽ ടൈറ്റസ് ജെറുസലേം നഗരവും ദൈവാലയവും നശിപ്പിച്ചപ്പോൾ യേശുപ്രവചനം അന്വർത്ഥമായി. പക്ഷേ, യേശുവിൽ അവർ ദൈവത്തെ ദർശിച്ചിരുന്നെങ്കിൽ അപ്രകാരം നാശം സംഭവിക്കില്ലായിരുന്നു എന്ന വിലാപവും സുവിശേഷത്തിലുണ്ട്.

ദിവ്യകാരുണ്യത്തിൽ അപ്പത്തിലും വചനത്തിലും സംസർഗ്ഗത്തിലും (ദൈവമക്കളുടെ) ദൈവം ക്രൈസ്തവനെ സന്ദർശിക്കുന്നു; ഒപ്പം സഹായം അർഹിക്കുന്നവരിലൂടെയും. ദൈവത്തിന്റെ സന്ദർശനാനുഭവം മനുഷ്യരിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നുവെങ്കിൽ രക്ഷയും അല്ലെങ്കിൽ ശിക്ഷയും  മനുഷ്യജീവിതത്തിൽ സംഭവ്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.