ലത്തീൻ മെയ് 27 മത്താ 28:16-20 പരി. ത്രീത്വത്തിന്റെ തിരുനാൾ

“ത്രിത്വസംസ്‌കാരം”

” പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാതമാവിന്റെയും നാമത്തിൽ ……”  (വാക്യം 19)

മൂന്നു വ്യക്തികളിൽ ( പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്‌ ) വെളിപ്പെടുത്തിയ ഏകദൈവത്തെയാണ് പരിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാളിലൂടെ തിരുസഭ കീര്‍ത്തിക്കുന്നത്. ത്രിത്വരഹസ്യത്തിന്റെ അപാരത്വം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമെങ്കിലും ത്രിത്വസംസ്‌കാരം മനുഷ്യഹൃദയങ്ങൾക്ക് അപ്രാപ്യമല്ല. മൂന്നു വ്യക്തികളെങ്കിലും അവിഭജനീയമായ വിധത്തിൽ ഐക്യപ്പെട്ടിരിക്കുന്നത് ഒരു ദൈവത്തിലെ “അവസ്ഥ” (Status) എന്നതിനെക്കാളധികമായ് ഒരു “സംസ്‌കാരം” (Culture) ആണ്. “ത്രിത്വസംസ്‌കാരം” (Trinitarian Culture) വ്യത്യസ്തതകൾക്കിടയിലെ ഐക്യത്തിന്റെ സംസ്കാരമാണ്. ത്രിത്വത്തെ കുറിച്ചുള്ള രണ്ടു ധാരണകളാണ്  ഈ ഐക്യസംസ്കാരത്തിന്റെ അടിസ്ഥാനങ്ങളായി കണക്കാക്കാവുന്നത്.

ഒന്ന്, ത്രിത്വത്തിന്റെ ” അസ്‌തിത്വപരമായ ഐക്യം ” ( Trinitarian way of Being). ഒരു കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്‌തകൾ ഉള്ളവരെങ്കിലും രക്തബന്ധത്തിലധിഷ്ഠിതമായ സ്നേഹം അവരെ ഒരുമിപ്പിച്ചു നിർത്തുന്നു. അതുപോലെ ത്രിത്വത്തിൻ്റെ സത്തയായ സ്നേഹം  പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനേയും അവിഭജനീയമാം വിധം ഒരുമിപ്പിച്ചു നിർത്തുന്നു.

രണ്ട്, ത്രിത്വത്തിന്റെ ” പ്രവൃത്തനപരമായ ഐക്യം ” (Trinitarian way of Function). രക്ഷാകര പ്രവർത്തനങ്ങളിൽ പിതാവിന്റെ പ്രവൃത്തി ‘സ്രഷ്ടി’ യും (Creation), പുത്രന്റേത് ‘രക്ഷ’യും (Redemption), പരിശുദ്ധാത്മാവിന്റേത് ‘വിശുദ്ധികരണവുമാണ് (Sanctification). ഒരു ശരീരത്തിലെ അവയവങ്ങളും അവയുടെ പ്രവൃത്തനങ്ങളും  പലതെങ്കിലും അവ താളാത്മകമായി ഐക്യത്തിൽ സംഭവിച്ചാലേ ജീവൻ നിലനിൽക്കുകയുള്ളൂ. ത്രിത്വത്തിന്റെ പ്രവൃത്തനപരമായ ഐക്യമാണ് മനുഷ്യകുലത്തിന് നിത്യജീവൻ സാധിതമാക്കുന്നത്.

ഒരു കുടുംബത്തിനോ, സ്ഥാപനത്തിനോ, സമൂഹത്തിനോ അതിന്റെ ഫലസമൃദ്ധമായ നിലനിൽപ്പിനും വളർച്ചക്കുമായി സ്വീകരിക്കാവുന്ന ഏറ്റവും മഹത്തരമായ മാതൃകയാണ് പരിശുദ്ധ ത്രിത്വത്തിന്റെ അസ്‌തിത്വ-പ്രവർത്തന കേന്ദ്രീകൃതമായ  ഐക്യസംസ്‌കാരം സമ്മാനിക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.