ലത്തീൻ  മെയ്  22 മാർക്കോ 9: 30-37 ” രക്ഷാകര സഹനം “

” …. അവർ അവനെ വധിക്കുകയും ചെയ്യും. ” (വാക്യം 31) 

മഹത്വത്തിൻ്റെ  മാനദണ്ഡങ്ങളായ് ലോകം കണക്കാക്കുന്നത്, ഏറ്റവും ശക്തൻ-ധനവാൻ-ബുദ്ധിമാൻ തുടങ്ങിയ  സര്‍വ്വോത്‌കൃഷ്‌ടസൂചകമായ കാര്യങ്ങളെയാണ്. എന്നാൽ വിരോധാഭാസരൂപത്തിൽ ദൈവരാജ്യത്തിൽ മഹത്വത്തിൻ്റെ  മാനദണ്ഡങ്ങളായ് യേശു കണക്കാക്കുന്നത് ‘ സഹനവും ‘ ‘ ശുശ്രുഷയും’ ആണ്.

യേശു തൻ്റെ പീഡാനുഭവത്തെ കുറിച്ചുള്ള രണ്ടാമത്തെ പ്രവചനം നടത്തി സഹനത്തെ ദൈവരാജ്യത്തിൽ മഹത്വത്തിൻ്റെ  മാനദണ്ഡമായി അവതരിപ്പിക്കുമ്പോൾ ശിഷ്യർ നിശ്ശബ്‌ദരാകുന്നു. സഹനത്തെ എപ്പോഴും ഒരു പ്രശ്നമായിക്കാണുന്ന മനുഷ്യൻ്റെ  സ്വാഭാവിക പ്രതികരണത്തിൻ്റെ ഒരു പ്രകാശനമാണിത്. സത്യത്തിന് സാക്ഷ്യം വഹിച്ച ദൈവപുത്രൻ്റെ പാതയിൽ സഹചാരിയായെത്തിയ സഹനങ്ങൾ ഒരിക്കലും ഒഴിവാക്കപ്പെടേണ്ട പ്രശ്‌നങ്ങളായിരുന്നില്ല, മറിച്ചു ജീവിക്കേണ്ട രഹസ്യങ്ങളായിരുന്നു. ഈ അർത്ഥത്തിൽ ക്രൈസ്തവർക്ക്  സഹനങ്ങൾ  രക്ഷാകര രഹസ്യങ്ങളാണ്.

രണ്ടു സാഹചര്യങ്ങളിൽ സഹനം രക്ഷാകര രഹസ്യമായി മാറുന്നുവെന്ന് പറയാം. ഒന്നാമത്തേതിനെ, ” അഭ്യുന്നതി-സഹനം ” (Progressive Suffering) എന്ന് വിളിക്കാം. സത്യത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ദൈവത്തിനും നൻമ്മക്കും വേണ്ടി നിലകൊള്ളുമ്പോൾ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ സഹനങ്ങൾ രക്ഷാകര സഹനങ്ങളാണ്. രണ്ടാമത്തേതിനെ, ” കരുണാര്‍ദ്ര-സഹനം ” (Compassionate Suffering) എന്ന് വിളിക്കാം. ഒരുവൻ താൻ വഹിക്കുന്ന കുരിശിനേക്കാൾ ഉഗ്രമായ കുരിശ് വഹിക്കുന്ന മറ്റൊരുവനെ സഹായിക്കുന്നതിനായ് സ്വമേധയാ അവൻ്റെ സഹനങ്ങൾ ഏറ്റെടുക്കുന്നതാണ് ഇത്.

മനുഷ്യസഹനം അതിനാൽ തന്നെ ഒരു നൻമ്മയോ, ദൈവേഷ്ടമോ അല്ല. പക്ഷെ സഹനത്തിന് സാക്ഷ്യത്തിൻറെയും സഹതാപത്തിൻറെയും മുഖം ലഭിക്കുമ്പോൾ അത് രക്ഷാകരമാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.