ലത്തീൻ ആഗസ്റ്റ് 13 മത്തായി 19: 3-12 വൈവാഹിക അവിഭാജ്യത

“ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ ” (വാക്യം 6). 

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ശാശ്വതവും അനന്യസാധാരണവുമായ ഒരു സമർപ്പണമാണ് വിവാഹം. ഒരു വിവാഹജീവിതത്തിന്റെ “അവിഭാജ്യത” (Indissolubility) ദൈവികപദ്ധതിയുടെ ഭാഗമാണ് എന്ന് യേശു പഠിപ്പിക്കുന്നു. “ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” എന്ന വചനങ്ങളിലൂടെ, വിവാഹമോചനം എന്നത് ദൈവികപദ്ധതിയുടെ ഭാഗമല്ല എന്ന് അസന്നിഗ്ദ്ധമായി യേശു പ്രഘോഷിക്കുന്നു.

ക്രൈസ്തവകുടുംബം “ദൈവത്തിന്റെ കുടുംബം” (Family of God) ആകാൻ വിളിക്കപ്പെട്ടിട്ടുള്ളതാണ്. “സമർപ്പണം“, “സാന്നിധ്യം” എന്നിവ ദൈവം വസിക്കുന്ന കുടുംബത്തിന്റെ രണ്ടു ലക്ഷണങ്ങളാണ്. ഇന്നത്തെ മനുഷ്യർ  ഉത്തരവാദിത്വങ്ങളേക്കാൾ ഉപരിയായി അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. വിവാഹജീവിതം എന്നത് ഒരു പങ്കാളിത്തജീവിതമാണ്. അന്യോന്യ സമർപ്പണത്തിനും സഹകരണത്തിനുമാണ് പ്രാധാന്യം; അവകാശങ്ങൾക്കല്ല.

വിവാഹം സ്നേഹത്തിൽ പടുത്തുയർത്തപ്പെട്ടിട്ടുള്ളതാണ്. ഒരു വ്യക്തിയെ സ്നേഹിക്കുക എന്നു പറഞ്ഞാൽ, ആ വ്യക്തിക്കായി സമയവും സാന്നിധ്യവും നൽകുക എന്നു കൂടി അർത്ഥമുണ്ട്. കുടുംബത്തേക്കാൾ അധികമായി ഉദ്യോഗത്തിനോ തൊഴിലിനോ പ്രാധാന്യം കൊടുക്കുന്നിടത്ത് കുടുംബപ്രശ്നങ്ങൾക്ക് സാധ്യതകൾ കൂടുതലാണ്. വിവാഹം എന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വെറും മാനുഷിക കരാർ മാത്രമല്ല, മറിച്ച് ദൈവം ആശീർവ്വദിക്കുന്ന വിശുദ്ധമായ ഒരു ഉടമ്പടിയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.