ലത്തീൻ ജൂൺ 23 മത്തായി 7: 15-20 ഫലപരിശോധകര്‍

“…വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക” (വാക്യം 15).

കാട്ടുചെടികളും നാട്ടുചെടികളും തമ്മിൽ തിരിച്ചറിയാൻ പലപ്പോഴും ഒരു കർഷകനു പോലും കഴിയാറില്ല. അതുപോലെ തന്നെ മനുഷ്യരുടെ ഇടയിൽ അവ്യാജവും വ്യാജവുമായ മനുഷ്യരെയും പ്രവാചകരെയും തമ്മിൽ തിരിച്ചറിയാനും വിഷമമായിരിക്കും. കാരണം വ്യാജപ്രവാചകന്മാരും ദൈവത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും പ്രസംഗിക്കുന്നു. അതിനാൽ ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയുന്നതുപോലെ അവരുടെ പ്രവൃത്തികളിൽ നിന്നും പ്രവാചകരുടെ ആധികാരികത തിരിച്ചറിയാൻ സാധിക്കും.

അവ്യാജവും വ്യാജവുമായ പ്രവാചകരെ തിരിച്ചറിയാൻ മൂന്നു വഴികൾ യേശു അവതരിപ്പിക്കുന്നു.

1. ദുര്‍വിധികർത്താവാകില്ല: മനുഷ്യരുടെ നാശം പ്രവചിക്കാതെ ദൈവതിരുമുൻപിൽ മനുഷ്യരെ അവരുടെ പാപത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നവനായിരിക്കും.

2. ഒത്തുതീര്‍പ്പുകാരനാകില്ല: മനുഷ്യരെ പ്രീണിപ്പിക്കാനായി പ്രഘോഷിക്കുന്നവനായിരിക്കുകയില്ല പക്ഷേ, സത്യങ്ങളെ അത് എത്ര കടുപ്പമായാലും വിളിച്ചുപറയുന്നവനായിരിക്കും.

3. സ്വാർത്ഥമതിയായിരിക്കില്ല: സത്യപ്രവാചകന്റെ പ്രഘോഷണം മനുഷ്യരെ ദൈവത്തിലേക്ക് നയിക്കുന്നതായിരിക്കും. മനുഷ്യമഹത്വവും ബഹുജനസമ്മതിയും തേടുന്നതായിരിക്കില്ല.

ആത്മീയജീവിതത്തിൽ വഴിതെറ്റിക്കപ്പെടാം എന്നതിനാൽ ഇന്ന് ചുറ്റുപാടും മാധ്യമങ്ങളിലൂടെയും മറ്റും വചനപ്രഘോഷണം നടത്തുന്നവരുടെ “ഫല-പരിശോധകർ” (Fruit-Inspectors) ആയിരിക്കുക എന്നത് ക്രൈസ്തവജീവിതത്തിൽ അത്യാവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.