ലത്തീൻ ജൂൺ 13 മർക്കോ. 5: 26-34 നിഗൂഢ വളർച്ച

“…അവൻ അറിയാതെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു” (വാക്യം 27).

എല്ലാ വിത്തുകൾക്കും സ്വമേധയാ വളരാനുള്ള ഒരു നൈസർഗ്ഗികശക്തിയുണ്ട്. ഒരു കർഷകന് വിത്തിനെ നല്ല മണ്ണിലും അന്തരീക്ഷത്തിലും നടാനും ജലസേചനം ചെയ്യാനും കഴിയുമെങ്കിലും അത് വൃക്ഷമായി വളരുന്ന നിഗൂഢപ്രക്രിയയെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ. അതായത്, അടിസ്ഥാനപരമായി ചെടിയിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ച ദൈവകരങ്ങളിലെ പ്രവൃത്തിയാണ്.

ഒരു ശിശുവിന്റെ ജനനവും വളർച്ചയും ദൈവത്തിന്റെ നിഗൂഢപ്രവൃത്തികളുടെ ഭാഗമാണ്. മാതാപിതാക്കന്മാർ ദൈവകരങ്ങളിലെ ഉപകരണങ്ങൾ മാത്രം. അതുപോലെ തന്നെ ദൈവരാജ്യത്തിന്റെ വളർച്ചയും വ്യാപനവും അടിസ്ഥാനപരമായി ദൈവത്തിന്റെ പ്രവർത്തനമാണ്. മനുഷ്യന്റെ കഴിവുകളിലും പ്രവൃത്തികളിലും ആശ്രയിച്ചുള്ള ഒന്നല്ല. മനുഷ്യർ വെറും കൃഷിക്കാരും ജലസേചകരും വെട്ടിയൊരുക്കുന്നവരും മാത്രമാണ്.

സഭയുടെ വളർച്ച ബാഹ്യമായി മാർപാപ്പയുടെയും മെത്രാന്മാരുടെയും വൈദികരുടെയും മിഷനറിമാരുടെയും പ്രവർത്തനം മൂലമാണെന്നു തോന്നാമെങ്കിലും മൗലികമായി പരിശുദ്ധാതമാവിന്റെ പ്രവർത്തനത്തിലൂടെയാണ്. ആമ്മേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.