ലത്തീൻ ഏപ്രിൽ 30 യോഹ. 14: 1-6 വഴി-സത്യം-ജീവൻ

“ഞാൻ വഴിയും സത്യവും ജീവനുമാകുന്നു” (വാക്യം 6).

യേശു തന്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും വെളിപ്പെടുത്തുന്ന ആധികാരിക പ്രഖ്യാപനങ്ങളിലൊന്നാണിത്. “വഴി”, “സത്യം”, “ജീവൻ” എന്നീ മൂന്നു പദങ്ങളിലൂടെയാണ് യേശു ഈ വെളിപ്പെടുത്തൽ നടത്തുന്നത്.

വഴി: ലക്ഷ്യത്തിലേക്കു നയിക്കുന്നതെന്തോ അതാണ് വഴി. നാം ഇച്ഛിക്കുന്ന ലക്ഷ്യം ദൈവവും വിധി രക്ഷയുമാണ്. യേശുവിന്റെ ഓരോ വാക്കുകളും പ്രവൃത്തികളും ദൈവത്തിലേക്ക് നയിക്കുന്നവയായിരുന്നു. അതുകൊണ്ടാണ്, “എന്നിലൂടെയല്ലാതെ ആർക്കും പിതാവിന്റെ അടുക്കലെത്താൻ സാധിക്കുകയില്ല” (യോഹ. 14:6) എന്ന് യേശു പ്രഖ്യാപിച്ചത്.

സത്യം: “എന്നെ കാണുന്നവർ എന്റെ പിതാവിനെ കാണുന്നു” (യോഹ 14:9) എന്ന വചനം വെളിപ്പെടുത്തുന്നതുപോലെ നിത്യസത്യമായ ദൈവത്തിന്റെ മുഖമാണ് പുത്രനായ യേശു. അവൻ സംസാരിക്കുന്നത് പിതാവിന്റെ വചനങ്ങളും ചെയ്യുന്നത് പിതാവിന്റെ പ്രവൃത്തികളുമാണ്. അങ്ങനെ പുത്രൻ സത്യമാകുന്നു.

ജീവൻ: ശാരീരികമരണമെന്നത് ആത്മാവ് ശരീരത്തിൽ നിന്നും വേർപെടുന്ന അനുഭവമെന്നതുപോലെ, വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഷ്യത്തിൽ മരണമെന്നത്  മനുഷ്യാത്മാവ് പാപം മൂലം ജീവന്റെ ഉറവിടമായ ദൈവത്തിൽ നിന്നും അകന്നുപോകുന്നതാണ്. മനുഷ്യപാപങ്ങൾ മോചിക്കാൻ ഭൂമിയിൽ അധികാരം നല്‍കപ്പെട്ടവനെന്ന നിലയിൽ യേശു നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ജീവന്റെ ഉറവിടമായ ദൈവവുമായി ബന്ധം പുനഃസ്ഥാപിക്കുക വഴി ജീവന്റെ കാരണമാകുന്നു.

നാം ക്രിസ്തുവിനെ അറിയുമ്പോൾ വഴി അറിയുന്നു, അവനെ ശ്രവിക്കുമ്പോൾ സത്യമറിയുന്നു, അവനിൽ ജീവിക്കുമ്പോൾ ജീവന്റെ നിറവ് ഉണ്ടാകുന്നു. നാം വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും യേശുവിനെ അനുകരിക്കുന്നവരാകുമ്പോൾ മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുന്ന വഴികളും സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരും ക്ഷമയിലൂടെ ജീവൻ നല്‍കുന്നവരുമാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.