ലത്തീൻ ഏപ്രിൽ 29 യോഹ. 13: 16-20 യജമാന-മനസും ദാസ-മനസും

നിങ്ങളുടെ ഗുരുവും നാഥനുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ ... (വാക്യം 14).

യേശു ദൂരത്തായി താൻ ആശ്ലേഷിക്കേണ്ട കുരിശിന്റെ നിഴൽ കാണുമ്പോഴും ശിഷ്യർ തങ്ങൾക്കിടയിൽ പ്രാഥമ്യം, പ്രതാപം, അധികാരം എന്നിവയെക്കുറിച്ച് തർക്കിക്കുകയായിരുന്നു. അതായത്, അവരിൽ ഒരുതരം ” യജമാന-മനസ്” (Master-Psyche) രൂപപ്പെടുന്നതു കണ്ടപ്പോൾ അവരിൽ ഒരു “ദാസ-മനസ്” (Servant-Psyche) രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത യേശു മനസിലാക്കുന്നു. അതിനാൽ, ഗുരുവും നാഥനുമായ യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി തന്നിലെ ദാസ-മനസിനെ ശിഷ്യരുടെ മുമ്പിൽ പ്രകാശിപ്പിക്കുന്നു.

അപ്പസ്തോലന്മാർ ദൈവാരാജ്യ ശുശ്രൂഷയുടെ നേതാക്കന്മാർ ആയിരിക്കെത്തന്നെ അധികാരത്തിനും പ്രതാപത്തിനും പ്രാധാന്യം കൊടുക്കാതെ ദാസന്റെ മനഃസ്ഥിതിയിൽ തങ്ങളുടെ അപ്പസ്തോലികദൗത്യം ചെയ്യേണ്ടിയിരിക്കുന്നു. കാരണം യജമാന മനഃസ്ഥിതിയുള്ള ഒരു വ്യക്തി തങ്ങളുടെ വ്യക്തിപ്രാധാന്യം കുറയുന്നിടത്ത് പെട്ടെന്ന് വികാരവിക്ഷോഭിതനാകും. ബഹുമാനം ആർജ്ജിക്കുന്നതിനേക്കാൾ ആധിപത്യ മനോഭാവത്തിലൂടെ ബഹുമാനം അവകാശപ്പെടുന്നവരാകും. മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാകും. എന്നാൽ, ദാസമനോഭാവമുള്ളവർക്ക്  തിരസ്കരണങ്ങൾക്കും നിഷേധങ്ങൾക്കുമിടയിലും തങ്ങളുടെ ദൗത്യം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നവരായിരിക്കും.

ദാസ്യമനോഭാവം ആരുടേയും വ്യക്തിത്വത്തെ കുറയ്‌ക്കുന്നില്ല. മറിച്ച് വ്യക്തിമഹിമ വർദ്ധിപ്പിക്കുന്നു.   കാരണം എളിമയുള്ള ഹൃദയത്തിൽ ദൈവത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാനും മറ്റുള്ളവർക്ക് കടന്നുചെല്ലാനും ഒരിടമുണ്ട്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.