ലത്തീൻ ഏപ്രിൽ 17 യോഹ. 6: 16-21 സാന്നിധ്യശക്തി

ഉലയുന്ന വള്ളം” (Tossing Boat) എന്ന പ്രതീകം ഭാഷയുടെയും ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആദിമസഭയിൽ ഉണ്ടായ ദ്രുവീകരണവും വര്‍ഗ്ഗീകരണവും മൂലം ഐക്യം നഷ്ടപ്പെട്ട സഭയുടെ പ്രതീകമായിട്ടാണ് ആദിമ സഭാപിതാക്കന്മാർ ഉപയോഗിച്ചിരുന്നത്.

ഉലയുന്ന വള്ളത്തെ വിവിധങ്ങളായ പ്രതിസന്ധികളാലും വെല്ലുവിളികളാലും  പരീക്ഷിക്കപ്പെടുന്ന ക്രൈസ്തവജീവിതത്തോടും സാദൃശ്യപ്പെടുത്താം. പ്രതിസന്ധികൾ ക്രൈസ്തവന് കൂടപ്പിറപ്പാണ്. പ്രതിസന്ധികളുടെ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്ന് സുവിശേഷം ഓർമ്മിപ്പിക്കുന്നു. പ്രത്യക്ഷത്തിൽ യാഥാർത്ഥ പ്രശ്നമെന്നത് കൊടുങ്കാറ്റാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ പ്രശ്നമെന്നത് വഞ്ചിയിൽ ശിഷ്യരോടൊത്തുള്ള യേശുവിന്റെ അസാന്നിധ്യമാണ്. അപ്പോസ്തോലന്മാർ വഞ്ചിയിൽ മറുകര കടക്കുമ്പോൾ യേശുവിനെ കൂടെ കൂട്ടാതെ തനിയെ വഞ്ചി തുഴഞ്ഞു.

” _അപ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു_ ” (വാക്യം 17) എന്ന പരാമർശം ലോകത്തിന്റെ ആത്മീയപ്രകാശമായ യേശുവിന്റെ അസാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതിനാൽ യേശു അവർക്ക് പ്രത്യക്ഷപ്പെട്ടു ‘ _ഇത് ഞാനാകുന്നു‘_ ( It is I) എന്ന് അരുൾചെയ്‌ത്‌ തന്റെ സാന്നിധ്യം അവർക്ക് നൽകുന്നു. കാരണം, പ്രതിസന്ധികളിൽ അവർക്ക് സ്ഥൈര്യം നൽകുന്നത് അവരുടെ കഴിവുകളല്ല, മറിച്ചു അവന്റെ കൂടെയുള്ള സാന്നിധ്യമാണ്.

കൂടെയുള്ള ക്രിസ്തുസാന്നിധ്യം ജീവിതപ്രതിസന്ധികളെ ഒഴിവാക്കണമെന്നില്ല, പക്ഷേ, പ്രതിസന്ധികൾക്ക് മുകളിലൂടെ തുഴഞ്ഞു നീങ്ങാൻ അവന്റെ സാന്നിധ്യം ക്രൈസ്തവനെ സഹായിക്കുന്നു. ആമ്മേൻ. 

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.