ലത്തീൻ ഏപ്രിൽ 12 യോഹ. 3: 1-8 വിശ്രുത ജനനം

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല (യോഹ. 3:3).

✝ “ജലത്താലുള്ള ജനനം“, “ആത്മാവിനാലുള്ള ജനനം” എന്നിങ്ങനെ രണ്ടു തരത്തിലുള്ള ജനനങ്ങൾ സ്വർഗ്ഗരാജ്യ പ്രവേശനത്തിന് ആവശ്യമാണെന്ന് യേശു നിക്കേദേമോസിനെ ഓർമ്മിപ്പിക്കുന്നു. അതായത്, മാമ്മോദീസ ജലത്താലുള്ള ജനനം അർത്ഥമാക്കുന്നത് മാനസാന്തരവും പാപത്തിൽ നിന്നുള്ള ശുദ്ധീകരണവുമാണ്.  ആത്മാവിലുള്ള ജനനം അർത്ഥമാക്കുന്നത് ദൈവമക്കളാകുക അഥവാ  ഇഹലോകത്തിൽ മാതാപിതാക്കളിൽ നിന്ന് ജനിച്ചശേഷം  ദൈവം പിതാവായ  ദൈവത്തിന്റെ കുടുംബത്തിൽ കൂടി ജനിക്കുക എന്ന് അർത്ഥമാക്കുന്നുണ്ട്.

ഇതാണ് യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ വെളിപ്പെടുത്തുന്നത്, “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. അവര്‍ ജനിച്ചത് രക്തത്തില്‍ നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്റെ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രെ  (യോഹ. 1: 12-13).

ജലത്താലും ആത്മാവിനാലും ജനിക്കുന്നവർക്ക്, അതായത്  മാനസാന്തരത്തിലൂടെ ദൈവമക്കൾ ആകുന്നവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.