ലത്തീൻ ആഗസ്റ്റ് 07 (വെള്ളി) മത്തായി 16: 24-28 രക്ഷാവഴി 

യേശു ശിഷ്യന്മാരോട്‌ അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ (മത്തായി 16:24).

✝ തന്റെ കീഴിലുള്ള പടയാളികളോട് അപകടകരവും ബുദ്ധിമുട്ട് നിറഞ്ഞതുമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ   ആജ്ഞാപിക്കുകയും സുരക്ഷിത താവളങ്ങളിൽ നിന്നുകൊണ്ട് അവരുടെ ദൗത്യനിർവ്വഹണത്തെ  നിരീക്ഷിക്കുകയും ചെയ്യുന്ന പടത്തലവന്മാരെപ്പോലെയല്ല യേശു എന്ന നായകൻ. മറിച്ച്, മുന്നിൽ നിന്ന് നയിക്കുകയും വഴികാണിക്കുകയും ചെയ്യുന്ന നായകനാണവൻ. തന്നെ അനുഗമിക്കുന്ന ശിഷ്യൻ തന്നെത്തന്നെ പരിത്യജിക്കുകയും കുരിശ് എടുക്കുകയും അനുധാവനം ചെയ്യുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും  മാത്രമല്ല, തന്റെ സഹന-മരണ-ഉത്ഥാന രഹസ്യങ്ങളിലൂടെ അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു.

വഴി ഇടുങ്ങിയതെങ്കിലും അവൻ നടന്ന വഴിയിൽക്കൂടി മാത്രമേ നടക്കാൻ അവൻ ആവശ്യപ്പെടുന്നുള്ളൂ. മരണത്തെ വിജയിച്ച്  ഉത്ഥാനം ചെയ്തതിലൂടെ താൻ കാണിച്ച വഴി രക്ഷയുടെ വഴിയാണെന്ന് അവിടുന്ന് തെളിയിച്ചു. വിശുദ്ധിയുടെ പടവുകളിൽ എത്തിച്ചേർന്നവരെല്ലാം ഈ വഴി അനുധാവനം ചെയ്തിട്ടുള്ളവരാണ്. ലൗകികതയുടെയും സ്വാർത്ഥതയുടെയും വിശാലവഴിയല്ല, ആത്മപരിത്യാഗത്തിന്റെയും ലൗകികവിരക്തിയുടെയും ഇടുങ്ങിയ വഴിയാണ് ക്രൈസ്തവന് രക്ഷയിലേയ്ക്കുള്ള വഴി. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.