ലത്തീൻ ജൂൺ 02 മർക്കോ. 12: 13-17 ദ്വിവിധ പൗരത്വം

“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും… “ (വാക്യം 17).

യേശുവിന്റെ വര്‍ദ്ധിക്കുന്ന ജനപ്രീതിയിൽ അസൂയപൂണ്ട ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരും വൈരികളെങ്കിലും പരസ്‌പരം കൈകോർത്ത്  യേശുവിനെതിരെ ഒരേ വേദിയിലെത്തുന്നു. ‘സീസറിന് നികുതി കൊടുക്കുന്നത്  നിയമാനുസൃതമോ അല്ലയോ?’ എന്ന കപടവും കൗശലപരവും വഞ്ചനാത്മകവുമായ ഒരു ചോദ്യവുമായി യേശുവിനെ സമീപിക്കുകയാണ് അവർ.

‘നിയമാനുസൃതമാണ്’ എന്ന് ഉത്തരം നൽകിയാൽ, തങ്ങളുടെ ശത്രുക്കളായ റോമാക്കാരുടെ പക്ഷക്കാരനായി അവനെ മുദ്ര കുത്തി യഹൂദാസമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ റോമാക്കാരുടെ വൈരികളായ ഫരിസേയർക്ക് അവസരം ലഭിക്കും. ‘നിയമാനുസ്രതമല്ല’ എന്ന് ഉത്തരം നൽകിയാൽ, റോമാക്കാരുടെ ചൊൽപ്പടിക്കാരായ ഹേറോദേസ് പക്ഷക്കാർക്ക്, യേശുവിനെ ഭരണാധികാരികൾക്ക് ഏൽപ്പിച്ചുകൊടുക്കാനും അവസരം ലഭിക്കും.

ചോദ്യത്തിലെ കുരുക്ക്‌ മനസിലാക്കിയ യേശു, “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന ബുദ്ധികൂർമ്മമായ ഉത്തരം നൽകുകയാണ്. ഈ ഉത്തരത്തിലൂടെ രണ്ടുതലത്തിലുള്ള അധികാരങ്ങളെക്കുറിച്ച് യേശു ഓർമ്മപ്പെടുത്തുന്നു: സ്വർഗത്തിന്റെ അധികാരവും, ഭൂമിയുടെ അധികാരവും അഥവാ, ദൈവത്തിന്റെ അധികാരവും രാഷ്ട്രത്തിന്റെ അധികാരവും. ദൈവമക്കളും തിരുസഭാംഗങ്ങളും എന്ന നിലയിൽ രണ്ടുതരം പൗരത്വങ്ങൾ; രാഷ്‌ട്രത്തിന്റെയും ദൈവാരാജ്യത്തിന്റെയും പൗരത്വങ്ങൾ ഉള്ളവരാണ് ക്രൈസ്തവർ.

എല്ലാ അധികാരവും ദൈവത്തിൽ നിന്നും വരുന്നതായതിനാൽ നിയമാനുസൃതമായി, സീസറിനുള്ളത് അഥവാ രാഷ്ട്രത്തിനുള്ളത് രാഷ്ട്രനിയമങ്ങളോടുള്ള അനുസരണത്തിലൂടെയും, ഉത്തരവാദിത്വപൂർണ്ണമായ വോട്ടവകാശത്തിലൂടെയും, നിയമാനുസൃതമായ  നികുതി അടയ്‌ക്കലിലൂടെയും, സാമൂഹ്യപ്രതിബദ്ധതയിലൂടെയും  കൊടുക്കുവാൻ ക്രൈസ്തവർ ശ്രമിക്കുന്നത് ദൈവീകപദ്ധതിയുടെ ഭാഗമാണ്. ദൈവത്തിനുള്ളത് കൊടുക്കേണ്ടത്, ആരാധനയിലൂടെയും അനുഷ്ടാനങ്ങളിലൂടെയും മാത്രമല്ല. ഒപ്പം ജീവന്റെ മേലുള്ള ദൈവത്തിന്റെ ആത്യന്തികമായ അധികാരത്തെ വെളിവാക്കുന്ന ഗർഭഛിദ്രം, വിവാഹമോചനം, സ്വവർഗ്ഗ വിവാഹം എന്നിവയ്ക്കെതിരെ നിലനിന്നു കൊണ്ടു കൂടിയാണ്, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.