ലത്തീൻ ആഗസ്റ്റ് 15   ലൂക്കാ 1:39-56  [സ്വർഗ്ഗാരോപണ തിരുനാൾ]”മഹത്വ-പ്രവേശനം” 

“…. നൻമ്മ നിറഞ്ഞ മറിയമേ സ്വസ്തി” 

വിശ്വാസപ്രമാണജപത്തിന്റെ അവസാന പാദത്തിൽ വെളിപ്പെടുത്തപെടുന്ന “ശരീരങ്ങളുടെ ഉയിർപ്പ്“, “നിത്യമായ ജീവൻ” എന്നീ രണ്ടു വിശ്വാസസത്യങ്ങളുടെ അടിസ്ഥാനത്തിൽ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെ ഗ്രഹിക്കുവാൻ സാധിക്കും.

ക്രിസ്തുവിന്റെ രണ്ടാം വരവിൽ സകല സ്രഷ്ട്ടികളും ജീര്‍ണ്ണതയെ അതിലംഘിക്കുന്ന  ഒരു രൂപാന്തരീകരണപ്രക്രിയയിലൂടെ കടന്നുപോകുകയും ദൈവത്തിന്റെ മഹത്വം അവരിലൂടെ പ്രകാശിക്കുകയും ചെയ്യും എന്നതിനെയാണ് ശരീരങ്ങളുടെ ഉയിർപ്പ് എന്നതുകൊണ്ട് അർത്ഥമാക്കുക. ഇപ്രകാരം രൂപാന്തരീകരണം സംഭവിക്കുന്നതിലൂടെ മർത്യശരീരങ്ങൾ മഹത്വീകൃതശരീരങ്ങളാകുകയും രക്ഷയുടെ പൂർണത അനുഭവിക്കുകയും ചെയ്യുന്നതാണ് നിത്യജീവൻ.

ഗബ്രിയേൽ മാലാഖയുടെ “നന്മ്മനിറഞ്ഞവൾ” എന്ന അഭിസംബോധനയിൽ വെളിപ്പെടുത്തപ്പെടുന്നതുപോലെ ദൈവപുത്രനെ ഉദരത്തിൽ വഹിക്കേണ്ടവൾ എന്നതിനാൽ ദൈവം അവളെ തന്റെ മഹത്വം കൊണ്ട് നിറച്ചു വിശഷമായി പാപകറ കൂടാതെ സ്രഷ്ടിച്ചു. അതായത്, യുഗാന്ത്യത്തിൽ രൂപാന്തരീകരണം സംഭവിക്കുക വഴി  മനുഷ്യരുടെ മർത്യ-ശരീരങ്ങൾക്ക് ലഭിക്കുന്ന രക്ഷയുടെ പൂർണ്ണത മറിയത്തിനു സ്രഷ്ടിയിലെ തന്നെ ലഭിച്ചു. ദൈവഹിതത്തിന് തന്നെ തന്നെ പരിപൂർണ്ണമായി സമർപ്പിച്ചു മറിയം ഈ ലോകത്തിലെ അസ്തിത്വത്തിന്റെ അവസാനനിമിഷം വരെ അത് കാത്തു സൂക്ഷിച്ചു.

അതായത്, തന്റെ പുത്രൻ നൽകുന്ന രക്ഷയുടെ പൂർണ്ണത മറിയം ആത്മാവിൽ മാത്രമല്ല തന്റെ ഭൗമികശരീരത്തിലും അനുഭവിച്ചു. അപ്രകാരം മഹത്വീകരിക്കപ്പെട്ട ശരീരത്തിൽ ജീര്‍ണ്ണത അസാദ്ധ്യമാണ്. അങ്ങനെ മഹത്വീകരിക്കപ്പെട്ട ശരീരം സ്വർഗ്ഗീയ പൂർണതയിലേക്ക് സംവഹിക്കപെട്ടു എന്നതാണ് സ്വർഗാരോപണം.

മാതാവിന്റെ സ്വർഗ്ഗാരോപണം, സകല ജീര്‍ണ്ണതയെയും തരണം ചെയ്ത് മഹത്വപ്രവേശനത്തിനുള്ള ക്രൈസ്തവന്റെ പരിശ്രമങ്ങൾക്ക്  ജീവൻ നൽകുന്ന ദൈവീക രഹസ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.