മൂന്ന് മെത്രാന്മാരും 70 അച്ചന്മാരും ഒരുമിച്ച് ചെളിയിൽ ഇറങ്ങിയപ്പോൾ   

മരിയ ജോസ് 

മരിയ ജോസ്

“കുട്ടനാട്ടില്‍ നിറയെ വേദനിക്കുന്ന ആളുകളാണ്. നമ്മള്‍ അവര്‍ക്ക് ഒപ്പമാവണ്ടേ”  ചോദിച്ചത് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചോദ്യം കേട്ടമാത്രയില്‍ അവിടെ നിന്നുയര്‍ന്നത് ബക്കറ്റെടുക്ക്, മാസ്ക്, ഗൌസ്, ബൂട്ട് എടുത്തു തുടങ്ങിയ ബഹളങ്ങളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാലയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ കുട്ടനാട്ടിലെ ചേന്നംകരിയിലേയ്ക്ക് യാത്രയായി. ഇനി ഈ ആളുകള്‍ ഒക്കെ ആരെന്നല്ലേ? പാലാ രൂപതയിലെ ചുറുചുറുക്കുള്ള അച്ചന്മാര്‍. ഒന്നും രണ്ടുമല്ല 70 പേര്‍.

മക്കളെ തനിച്ചു വിട്ടു വീട്ടിലിരുന്നു അന്വേഷിക്കുന്ന പിതാവിന്റെ വേഷം കെട്ടാന്‍ കല്ലറങ്ങാട്ട് പിതാവിനും കഴിഞ്ഞില്ല. അദ്ദേഹവും ഒപ്പം സ്രാമ്പിക്കല്‍ പിതാവും അവരുടെ കൂടെ കൂടി. അവർക്ക്  പ്രോത്സാഹനം നല്‍കാന്‍ ചങ്ങനാശ്ശേരി സഹായ മെത്രാനും. വ്യത്യസ്തമായ ആ ശുചീകരണ യജ്ഞത്തെക്കുറിച്ച് പങ്കു വയ്ക്കുകയാണ് ചേന്നംകരി പള്ളി വികാരി ഫാ. ഷിബിന്‍ പനക്കേഴം.

 ദുരിത മുഖത്തേയ്ക്ക്  

പ്രളയം തൂത്തെടുത്ത കുട്ടനാട്ടിലെ ജനങ്ങളുടെ വേദനകള്‍ കണ്ടു പാലാ രൂപതാധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് വെറുതെ ഇരിക്കുവാന്‍ കഴിഞ്ഞില്ല. അവർക്കു ഒപ്പമുണ്ടെന്നും ഭയക്കേണ്ടതില്ലെന്നും  ഒറ്റക്കല്ല തങ്ങളും കൂടെ ഉണ്ടെന്നും ഉള്ള പ്രതീക്ഷ കൊടുക്കുകയാണ് ഇപ്പോൾ അത്യാവശ്യമെന്നു മനസിലാക്കിയ അദ്ദേഹം വൈദികരോട് അത് പങ്കുവെച്ചു. എന്തിനും തയ്യാറായിരുന്നു അവർ ‘യെസ്’ പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറായി. പദ്ധതികളൊക്കെ തയാറാക്കിയിട്ടു മാറിയിരിക്കുവാൻ പിതാവിന് കഴിഞ്ഞില്ല. അദ്ദേഹവും ഒപ്പം കൂടി. എങ്കിൽ, ഞാനെന്തിന് മാറി നിൽക്കണം എന്ന ഭാവത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പിതാവായ സ്രാമ്പിക്കൽ പിതാവും  കൂടെ ഇറങ്ങി.

ദുരിതമേഖലയിലേയ്ക്ക് അവർ നടത്തിയ യാത്ര വെറും കയ്യോടെ ആയിരുന്നില്ല. തങ്ങൾക്കു കഴിക്കാനുള്ള ഭക്ഷണത്തിനും ശുദ്ധജലത്തിനും ഒപ്പം അവിടെ ഉള്ള ജനങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണവും കരുതി. കൂടാതെ ശുചീകരണത്തിനുള്ള സർവ സാധന സാമഗ്രികളും എടുത്തു. അങ്ങനെ അവർ ചേന്നംകരി പള്ളിയിൽ എത്തി.

 ചെളിയിലെ ത്രിമൂർത്തി സംഗമം 

ശുചീകരണത്തിനായി എത്തിയ പാലായിലെ പിതാക്കന്മാരെയും വൈദികരെയും സ്വീകരിക്കുവാനും അവർക്കു ആവേശം പകരുവാനുമായി ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിലും കൂടി എത്തിയപ്പോൾ കാര്യങ്ങൾ കൂടുതൽ വേഗത്തിലായി. എത്തിയ വൈദികൾ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞു. പള്ളിയുടെ വിവിധ സ്ഥലങ്ങളിലേക്ക് ശുചീകരണത്തിനായി തിരിഞ്ഞു. പിതാക്കന്മാർ സ്‌കൂളുകളും അതിന്റെ ടോയ്‌ലറ്റുകളും വൃത്തിയാക്കിയപ്പോൾ ബാക്കിയുള്ള അച്ചന്മാർ അടുത്തുള്ള വീടുകളിലേക്ക് ശുചീകരണത്തിനായി പോയി. ക്രിസ്ത്യാനികളുടെയും മറ്റു മതസ്ഥരുടെയും വീടുകൾ വൃത്തിയാക്കി, പഴയതിനേക്കാൾ വെടിപ്പാക്കിയിട്ടു ശുചീകരണ ഉപകരണങ്ങളുമായി മടങ്ങിയ അവരെ നോക്കി ജനം അത്ഭുതത്തോടെ നിന്നു. കാരണം കേട്ടുകേൾവിയുണ്ടായിരുന്ന  പിതാക്കന്മാരുടെ പദവികളോ അച്ചന്മാരുടെ പത്രാസോ ഒന്നും അവരിൽ കാണാൻ ഉണ്ടായിരുന്നില്ല. തങ്ങളെപ്പോലെ തന്നെ തങ്ങളിൽ ഒരുവനായി ചെളിയിൽ കുളിച്ചു നിൽക്കുന്നു ആ വൈദികരും പിതാക്കന്മാരും.

എല്ലാ വീടുകളും ഇപ്പോൾ ഒരേ അവസ്ഥയിലാണ്. ഒരു വീട്ടിലെ ആളുകൾ മൊത്തം പരിശ്രമിച്ചാലും  ദിവസങ്ങൾ എടുക്കും വൃത്തിയാക്കുവാൻ. സഹായത്തിനായി അയൽക്കാരെ നോക്കിയാൽ ഇതു തന്നെയാണ് അവിടുത്തെയും അവസ്ഥ. ഈ സാഹചര്യത്തിലാണ് ഇവർ അവിടെ എത്തുന്നത്. രാവിലെ പതിനൊന്നോടെ എത്തിയ സംഘം വൈകിട്ട് ആറ് മണിയോടെയാണ് മടങ്ങിയത്.

“തളരരുത് കൂടെയുണ്ട്” ആശ്വാസം പകർന്ന വാക്കുകൾ 

കുട്ടനാടിന്റെ വേദനകളിൽ പങ്കുചേരുക, അവർ ഒറ്റയ്ക്കല്ലെന്നു ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പാലാ രൂപത ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്. “ഇതു ആദ്യ പടി മാത്രമാണ്. നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി. ഞങ്ങൾ എത്തിക്കോളാം ” പോകുന്നതിനു മുൻപ് കല്ലറങ്ങാട്ട് പിതാവ് നൽകിയ ഈ ഉറപ്പ് പകർന്ന ആശ്വാസം ചെറുതായിരുന്നിട്ടുള്ള എന്ന് ഫാ. ഷിബിൻ ഓർക്കുന്നു.

ഇപ്പഴും വെള്ളം ഇറങ്ങിയിട്ടില്ല, പല വീടുകളിൽ നിന്നും. ആറ്റിലെ വെള്ളം ഇറങ്ങിയെങ്കിലും പാടങ്ങളിൽ നിന്നുള്ള വെള്ളം ഇറങ്ങാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഒപ്പം ബന്ധു വീടുകളിൽ നിന്നു തിരിച്ചെത്തുന്നവർക്കു ഇനി ഒന്നേ എന്ന് തുടങ്ങണം കാര്യങ്ങൾ. ശുചീകരണം നടന്ന വീടുകളിൽ അടുക്കളയും മറ്റും ഇനിയും ഉപയോഗ്യമായിട്ടില്ല. കുടിവെള്ളവും മറ്റു സൗകര്യങ്ങളും നാമമാത്രമാണെന്നു പറയാം. കറണ്ട് ഇനിയും വന്നിട്ടില്ല. ഈ അവസ്ഥയിൽ സഹായവുമായി എത്തിയ ഇവർക്ക് മുന്നിൽ കൈ കൂപ്പുകയാണ് ചേന്നംകരിയിലെ ആളുകൾ. കാരണം മറ്റൊന്നും തരാൻ അവർക്കില്ല.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.