കോവിഡ്‌ മൃതസംസ്‌കാര ശുശ്രൂഷകള്‍: മാതൃകയായി ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌

കോവിഡ്‌ മഹാമാരി നമ്മുടെ കൊച്ചുകേരളത്തില്‍ കടന്നുവന്നിട്ട്‌ ഒരു വര്‍ഷം പിന്നിടുന്നു. ജനങ്ങളെ ഭീതിയിലാഴ്‌ത്തിക്കൊണ്ട്‌ മരണനിരക്കും ഉയര്‍ന്നുനില്‍ക്കുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ബന്ധുക്കള്‍ പോലും നിസ്സഹായരായി നില്‍ക്കുമ്പോള്‍ അത്തരത്തിലുള്ള സാഹചര്യങ്ങളെ ക്രിയാത്മകമായി ഏറ്റെടുത്ത്‌ അവര്‍ക്കു കൈത്താങ്ങായി നന്മയുടെ വക്താക്കളായി മാറുകയാണ്‌ കോട്ടയം അതിരൂപതയിലെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌.

ഇടവക തലത്തില്‍ യുവജനങ്ങളെ ഉള്‍ച്ചേര്‍ത്ത്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ച്‌ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ഒരു വര്‍ഷത്തിലധികമായി കെ.സി.വൈ.എല്‍ നേതൃത്വം നല്‍കിവരുന്നു. കോവിഡിന്റെ ആരംഭത്തില്‍ പലയിടങ്ങളിലും മൃതസംസ്‌കാര ശുശ്രൂഷകള്‍ അനാദരവോടെ, ഭയപ്പാടോടെ, ആരും മുമ്പോട്ടുവരാതെ നടത്തപ്പെടുന്ന സാഹചര്യത്തില്‍, കെ.സി.വൈ.എല്‍ അതിരൂപതാ സമിതി ടാസ്‌ക്‌ ഫോഴ്‌സ്‌ എന്ന ആശയവുമായി മുന്നോട്ട്‌ കടന്നുവരികയും കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ യുവജനങ്ങള്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കിവരികയും ചെയ്യുന്നു.

യുവജനങ്ങളുടെ ത്യാഗോജ്ജ്വലവും സമയോചിതവുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപത, മൃതസംസ്‌കാരത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കൊടുക്കുകയുണ്ടായി. യുവജനങ്ങളുടെ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും ഇന്ന്‌ പൂര്‍ണ്ണമായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഏവര്‍ക്കും മാതൃകയാണ്‌ ഈ സംഘടനയും യുവജനങ്ങളും.

ഉയര്‍ന്ന വിദ്യാഭ്യാസം, മികച്ച ജോലി, സാമ്പത്തിക സുസ്ഥിരത തുടങ്ങിയവയ്‌ക്കൊപ്പം യുവജനങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമായ ധാര്‍മ്മിക പരിശീലനത്തിന്‌ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കെ.സി.വൈ.എല്‍ യുവജനങ്ങള്‍ നന്മയുടെയും പരിശുദ്ധിയുടെയും വഴികളിലൂടെ മുന്നേറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ സംഘടനയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട 31 മൃതസംസ്‌കാര ശുശ്രൂഷകള്‍. കോവിഡ്‌ മൂലം മരണപ്പെടുന്ന ഒരാളുടെ പോലും മൃതശരീരം അനാദരവോടെ അടക്കം ചെയ്യുവാന്‍ അനുവദിക്കില്ലായെന്ന ദൃഢനിശ്ചയത്തോടെ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയിലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവജനങ്ങള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ വാക്താക്കളായി പ്രവര്‍ത്തിക്കുമ്പോള്‍, ഈശ്വരസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും വറ്റാത്ത ഉറവ ഇവരിലൂടെ നമുക്ക്‌ ദര്‍ശിക്കാനാവും. പല ദിവസങ്ങളിലും മണിക്കൂറുകളോളം പി.പി.ഇ കിറ്റ്‌ ധരിച്ചാണ്‌ പ്രവര്‍ത്തകര്‍ നിശബ്‌ദസേവനം തുടരുന്നത്‌.

കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, സംഘടനാ ഭാരവാഹികളായ ജോസുകുട്ടി താളിവേലില്‍, ബോഹിത്‌ ജോണ്‍സണ്‍ നാക്കോലിക്കരയില്‍, ടാസ്‌ക്‌ ഫോഴ്‌സ്‌ സബ്ബ്‌ കോര്‍ഡിനേറ്റര്‍ ഷാരു സോജന്‍ കൊല്ലറേട്ട്‌ തുടങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെയാണ ടാസ്‌ക്‌ ഫോഴ്‌സ്‌ ഇപ്പോള്‍ 31 മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കിയിരിക്കുന്നത്‌.

ആധുനിക യുവത്വം നവമാധ്യമ സ്വാധീനത്താല്‍ ദുശീലങ്ങള്‍ക്ക്‌ അടിമപ്പെടുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടയിലും ഈ യുവജന സുഹൃത്തുക്കള്‍ മറ്റുള്ളവര്‍ക്ക്‌ മാതൃകയാണ്‌. അതിരൂപതാ നേതൃത്വവും സഹോദരസംഘടനകളും അതിരൂപതാ സമിതി അംഗങ്ങളായ ആല്‍ബര്‍ട്ട്‌ കൊച്ചുപറമ്പില്‍, അച്ചു അന്നാ ടോം, അമല്‍ വെട്ടിക്കാട്ടില്‍, ഷെല്ലി ആലപ്പാട്ട്‌, സി. ലേഖാ എസ്‌.ജെ.സി എന്നിവരും പൂര്‍ണ്ണപിന്തുണയും പ്രോത്സാഹനവുമായി ടാസ്‌ക്‌ ഫോഴ്‌സിന്‌ ഒപ്പമുണ്ട്‌.

ലിബിന്‍ പാറയില്‍, പ്രസിഡന്റ്‌ – കെ.സി.വൈ.എല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.