കെ.സി.ഡബ്ല്യു.എ  പഠനയാത്രയും തീർത്ഥാടനവും മാർച്ച് 15-ന് 

കോട്ടയം: കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസ്സിയേഷൻ രൂപതാ-ഫൊറോന നേതൃത്വങ്ങൾ സംയുക്തമായി സഭാ-സമുദായ പഠനയാത്രയും തീർത്ഥാടനവും സംഘടിപ്പിക്കുന്നു.

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിവിധ ഫൊറോനകളിലെ കെ.സി.ഡബ്ല്യു.എ. അംഗങ്ങൾ ഫൊറോന അടിസ്ഥാനത്തിൽ സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട്  മൗണ്ട് സെന്റ് തോമസിൽ എത്തിച്ചേരും. സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. കോട്ടയം അതിരൂപതാ പ്രൊപ്രോട്ടോ സിഞ്ചലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫൊറോന വികാരിമാർ, ഫൊറോന ചാപ്ലെയിന്മാർ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് സെന്റ് തോമസ് മൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സഭാ-സമുദായ പഠനയാത്രയും തീർത്ഥാടനവും ഉദ്ഘാടനം ചെയ്യും.

ഉച്ചഭക്ഷണത്തിനുശേഷം മൗണ്ട് സെന്റ് തോമസ് മ്യൂസിയം സന്ദർശിച്ച ശേഷം ക്‌നാനായ കുടിയേറ്റ കേന്ദ്രമായ കൊടുങ്ങല്ലൂർ, മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം, ചെറായി എന്നീ പ്രദേശങ്ങൾ കെ.സി.ഡബ്ല്യു.എ. അംഗങ്ങൾ ഫൊറോന അടിസ്ഥാനത്തിൽ സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.