ആദ്യകുർബാന: വിശുദ്ധമായ കൂടിച്ചേരൽ

ജിൻസി സന്തോഷ്

കേരള കത്തോലിക്കാ സഭയിൽ തിരിച്ചറിവായ കുട്ടികൾക്ക് ആദ്യകുർബാന സ്വീകരണം നൽകുന്ന പ്രത്യേക മാസമാണിത്. ആദ്യകുർബാന സ്വീകരണത്തിനൊരുങ്ങുമ്പോൾ ഒരു കുഞ്ഞിന് മാതാപിതാക്കൾ നൽകേണ്ട ബോധ്യങ്ങൾ എന്തൊക്കെയാണ്, തന്റെ മകനെ/ മകളെ എന്തിനാണ് മാതാപിതാക്കൾ ആദ്യകുർബാന സ്വീകരണത്തിനായി അൾത്താരയ്ക്കു മുൻപിൽ അണിയിച്ചൊരുക്കി നിർത്തുന്നത്… ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു വിരൽചൂണ്ടുന്നതാണ് ഈ ലഘുലേഖനം.

ആദ്യകുർബാന സ്വീകരണം വഴി കുട്ടിക്ക് എന്ത് നേട്ടങ്ങളുണ്ടാകുന്നു എന്ന് ഒരു അമ്മ അല്ലെങ്കിൽ അപ്പൻ മക്കളെ പറഞ്ഞുമനസ്സിലാക്കേണ്ട കടമയുണ്ട്.

  • ഒരു ബൾബിലേക്ക് വൈദ്യുതി വഴി പ്രകാശം ലഭിക്കുന്നതുപോലെ ഭൗതികമോഹങ്ങളുടെ അന്ധകാരത്തിലായ എന്റെ കുഞ്ഞിന്റെ അന്തരാത്മാവ് പ്രകാശിക്കണമെങ്കിൽ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ സ്വീകരിക്കണം.
  • രാജാധിരാജനു൦ സർവശക്തനുമായ ത്രിയേകദൈവത്തെ സ്വീകരിച്ചാലാണ് അവിടുത്തെ ഒരു നല്ല പ്രജയാവാൻ എന്റെ കുഞ്ഞിനു കഴിയുന്നത്.
  • “ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചുകളഞ്ഞിട്ട്‌ കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍ നിന്നുവരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍” (റോമാ 11:17). കാട്ടൊലിവിന്റെ മുളയായ എന്റെ കുഞ്ഞിന് ജീവരസം പകരുന്ന യേശുക്രിസ്തുവിന്റെ ജീവനുള്ള ശരീര-രക്തമാകുന്ന ജീവരസം വഴി ഉത്ഭവപാപത്തോടു ചേർന്നുള്ള അശുദ്ധിയിൽ നിന്ന് ആത്മശരീരങ്ങൾക്കു മോചനം നൽകാനും വിശുദ്ധയിൽ ജീവിക്കാനുമുള്ള കൃപ ഈശോയുമായുള്ള വിശുദ്ധമായ ഈ കൂടിച്ചേരലിലൂടെ കുഞ്ഞിനു സാധിക്കും.
  • ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്. മുന്തിരിച്ചെടിയിൽ നിലനിൽക്കാത്ത ശാഖയ്ക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ ക്രിസ്തു ഉള്ളിൽ വസിക്കാതെ സ്വയമേവ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ കുഞ്ഞിനെക്കുറിച്ചുള്ള ദൈവികപദ്ധതികൾക്കു യോജിച്ച ഫലം പുറപ്പെടുവിക്കാൻ യേശുവുമായുള്ള വിശുദ്ധമായ ഈ കൂടിച്ചേരൽ വഴിയൊരുക്കുന്നു.
  • ഏകദൈവത്തിന്റെ പുത്രസ്ഥാനം അലങ്കരിക്കേണ്ട എന്റെ കുഞ്ഞിന് ദൈവപുത്രസ്ഥാനം ലഭിക്കണമെങ്കിൽ യേശുക്രിസ്തുവുമായി വിശുദ്ധമായ ഈ കൂടിച്ചേരൽ വഴി ആത്മശരീരങ്ങളിൽ ഐക്യപ്പെടണ൦.

ഈശോയുടെ തിരുശരീര-രക്തങ്ങളോടുള്ള വിശുദ്ധമായ കൂടിച്ചേരലിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞുമക്കളെ, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നൽകുന്നതിന് വിശുദ്ധകൂട്ടായ്മയുടെ ഈ പ്രത്യേക ഒരുക്കദിനങ്ങളിൽ യേശുക്രിസ്തു തന്റെ ദൂതനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കട്ടെ. വിശുദ്ധമായ ഈ പുണ്യദിനത്തിനു ശേഷവും ആരൊക്കെ അനുദിന ബലിയിൽ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്‌ (1 കോറി 11:26).

സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാകട്ടെ (1 തെസ. 5:23).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.