സമൂഹജീവിതം പരിപോഷിപ്പിക്കാൻ സ്വിസ് ഗാർഡുകളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ബന്ധങ്ങളാണ് ക്രൈസ്തവരായ നമ്മുടെ പ്രധാന താക്കോലനുഭവം എന്ന് ഫ്രാൻസിസ് പാപ്പ. സ്വിസ് ഗാർഡിലെ ഓഫീസർമാർക്കും പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന സേനാംഗങ്ങൾക്കും അവരുടെ സത്യപ്രതിജ്ഞാദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. എല്ലാ വർഷവും മെയ് ആറാം തീയതിയാണ് പുതിയ സ്വിസ് ഗാർഡുകളുടെ പരമ്പരാഗത സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.

“ദൈവം സ്നേഹമാണെന്ന് യേശു വെളിപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവനിൽത്തന്നെയുള്ള ആ ബന്ധത്തിലെ രഹസ്യത്തിൽ നിന്നാണ് നമ്മുടെ ജീവിതത്തിന്റെ വഴിയും സാഫല്യവും. നല്ല ബന്ധങ്ങളാണ് നമ്മുടെ വളർച്ചയ്ക്കും മാനുഷിക – ക്രൈസ്തവപക്വതയിലേക്കുമുള്ള പ്രധാന പാത. നമ്മുടെ വ്യക്തിത്വത്തിന്റെ ഭൂരിഭാഗവും നാം കരസ്ഥമാക്കിയത് മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടും സഹപാഠികളോടും ഗുരുക്കന്മാരോടും സുഹൃത്തുക്കളോടും തൊഴിലാളിസുഹൃത്തുക്കളുമായുമുള്ള ബന്ധത്തിൽ നിന്നുമാണ്. അതുകൊണ്ടു തന്നെയാണ് രണ്ടു കൊല്ലത്തെ സേവനത്തിലെ, ഈ സ്വിസ് ഗാർഡ് വിപുലകുടുംബത്തിലെ ജീവിതം ജോലിയുടെ മാത്രം സമയമല്ല അവരുടെ രൂപീകരണത്തിന് ഏറെ പ്രധാനപ്പെട്ടതും കൂടിയാകുന്നു” – പാപ്പ എടുത്തുപറഞ്ഞു.

ബന്ധങ്ങളുടെ തലത്തിൽ നിന്നുകൊണ്ടുതന്നെ സമൂഹജീവിതം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പ സംസാരിച്ചു. ഇന്നത്തെ യുവജനങ്ങൾ, അവരുടെ ഒഴിവുസമയങ്ങൾ കമ്പ്യൂട്ടറിലും സെൽഫോണിലുമായി ചെലവഴിക്കാനുള്ള പ്രവണത സർവസാധാരണമാവുകയാണ്. അതിനാൽ അവരോട്  ഒഴിവുസമയം, ഒഴുക്കിനെതിരെ പോയി ഒരുമിച്ചുപ്രവർത്തിക്കാനും റോമിനെ അറിയാനും സാഹോദര്യത്തിന്റെ നിമിഷങ്ങൾ പങ്കിടാനും ചെലവഴിക്കാനും ഉപയോഗിക്കാൻ പാപ്പ ആവശ്യപ്പെട്ടു.

പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് വത്തിക്കാനിലെ വി. ഡമാസസ് അങ്കണത്തിലാണ് നടക്കുന്നത്. റിക്രൂട്ട് ചെയ്ത 34 പേരിൽ 16 പേർ ജർമ്മൻ സംസാരിക്കുന്നവരും, 16 പേർ ഫ്രഞ്ച് സംസാരിക്കുന്നവരും, രണ്ടുപേർ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഫ്രാൻസിസ് പാപ്പയെ കാണുന്നതിനുമുമ്പ് സ്വിസ് ഗാർഡുകളും അവരുടെ കുടുംബങ്ങളും രാവിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.