കെസിഡബ്ല്യൂഎ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസപൈതൃക സംരക്ഷണത്തില്‍ ക്‌നാനായ വനിതകളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഉദ്ഘാടനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മികചൈതന്യം നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അമ്മമാര്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി കെ.സി.ഡബ്ല്യു.എ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സുവര്‍ണ് ണജൂബിലി കര്‍മ്മരേഖ തോമസ് ചാഴികാടന്‍ എം.പി പ്രകാശനം ചെയ്തു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.സി.ഡബ്ല്യു.എ മുന്‍പ്രസിഡന്റ് മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, ജനറല്‍ സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ് സെക്രട്ടറിമാരായ ബിന്‍സി ഷിബു മാറികവീട്ടില്‍, ജിജി ഷാജി പൂവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സജി മെത്താനത്ത് രചിച്ച് ഫാ. ഫിനില്‍ ഈഴാറാത്ത് സി.എം.ഐ ഈണം നല്‍കിയ കെ.സി.ഡബ്ല്യു.എ ജൂബിലി ഗാനം 50 കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ചേര്‍ന്ന് വേദിയില്‍ ആലപിച്ചു. മുന്‍ അതിരൂപതാ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു.

രാവിലെ 10 മണിക്ക് ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ നയിച്ച ജൂബിലി ഒരുക്ക പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ജൂബിലി പതാക ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെട്ട സമ്മേളനത്തില്‍ ഫൊറോന ഭാരവാഹികളും യൂണിറ്റു ഭാരവാഹികളുടെ പ്രതിനിധികളും പങ്കെടുത്തു.

1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.