കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ ആരംഭിക്കും

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ ആരംഭിക്കും. ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം നിർവഹിക്കും. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.

മിഷ്ണറി മാനസാന്തരം, മിഷ്ണറി രൂപീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. മേരി പ്രസാദ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്നു പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം ആറാം തിയതി സമാപിക്കും.

കേരളസഭയിലെ മതബോധനപ്രവര്‍ത്തനങ്ങള്‍ക്കു തനതായ സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മതബോധന അവാര്‍ഡ് കോഴിക്കോട് രൂപതയിലെ എം.എം. ഏബ്രഹാം, ഇടുക്കി രൂപതയിലെ ജോയ്‌സ് മാത്യു, തിരുവനന്തപുരം (മലങ്കര) അതിരൂപതയിലെ ഡോ. തോമസ്‌കുട്ടി പനച്ചിക്കല്‍ എന്നിവര്‍ക്കു നല്കും.