വിവിധ വിഷയങ്ങളില്‍ ആശങ്ക അറിയിച്ച് കെ‌സി‌ബി‌സി സമ്മേളനാന്തര പ്രസ്താവന

കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന ആശങ്കളെ ചൂണ്ടിക്കാട്ടി കെസിബിസി. സിനഡിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ആശങ്കവഹമായ വിഷയങ്ങളെ സമിതി ചൂണ്ടിക്കാട്ടിയത്. കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് രണ്ടു മുതല്‍ ആറു വരെ ഓണ്‍ലൈന്‍ ആയി നടന്നിരുന്നു.

കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍, തീരദേശത്തു ഉയരുന്ന വിവിധ ആശങ്കകള്‍, ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയ്ക്കു ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണന, കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ പ്രവണത, കോവിഡ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് കെ‌സി‌ബി‌സി സമ്മേളനാന്തര സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണെന്ന് കെ‌സി‌ബി‌സി വിലയിരുത്തി.

1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണെന്നും കെ‌സി‌ബി‌സി പ്രസ്താവനയിൽ അറിയിച്ചു. ആരാധനാലയങ്ങള്‍ ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മെത്രാന്‍മാര്‍ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.