കെ.എസ്.എസ്.എസ്. സ്ഥാപക ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണവും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണപദ്ധതിയുടെയും ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. എല്ലാ വിഭാഗം ആളുകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനശൈലി സ്വീകരിച്ചുകൊണ്ട് സ്വാശ്രയ സമ്പാദ്യശീലങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സാമൂഹിക സാംസ്‌ക്കാരിക വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനങ്ങള്‍ നല്‍കിയതോടൊപ്പം സനാതനമായ സാംസ്‌ക്കാരിക മൂല്യങ്ങളും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാവരും സഹോദരരെന്ന മാനവികദര്‍ശനം ഉള്‍ക്കൊണ്ടു കൊണ്ടാണ് കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും കാലോചിതമായ മാറ്റങ്ങളോടൊപ്പം നാടിന്റെ ആവശ്യകത അനുസരിച്ചുള്ള പ്രവര്‍ത്തനശൈലിയും മുഖമുദ്രയായി സ്വീകരിച്ചുകൊണ്ടാണ് കെ.എസ്.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് കരുതലൊരുക്കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത മലങ്കര മേഖല സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, തോമസ് ചാഴിക്കാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ദിനാചരണത്തോടുബന്ധിച്ച് കെ.എസ്.എസ്.എസ് ആസ്ഥാനമായ തെള്ളകം ചൈതന്യയില്‍ നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. 1964 സെപ്റ്റംബര്‍ 14 -നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്.

അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. ഇന്ന് മദ്ധ്യകേരളത്തിലെ 5 ജില്ലകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയസംഘങ്ങളിലൂടെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് 1250 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളും കെ.എസ്.എസ്.എസ് വിതരണം ചെയ്തു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.