ബെത്‌ലഹേമിലേക്കുള്ള യാത്ര – ഇരുപത്തി ഒന്നാം ദിനം 

ഉണ്ണീശോയ്ക്ക് സമ്മാനങ്ങളുമായുള്ള നമ്മുടെ യാത്ര അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ആത്മീയ ഒരുക്കത്തിന്റെ ഈ നിമിഷങ്ങളില്‍ നമുക്ക് ചിന്തിക്കാം, നാം നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗങ്ങളായി മാറുന്നുണ്ടോ എന്ന്. ഇല്ലായെങ്കില്‍ നമ്മുടെ ക്രിസ്തുമസ് ഒരുക്കം അപൂര്‍ണ്ണമാണ്. അര്‍ത്ഥമില്ലാതാവുകയാണ്. അതിനാല്‍ ചിന്തിക്കാം. മാറ്റങ്ങള്‍ വരുത്താം. കൂടുതല്‍ തീക്ഷണതയോടെ മുന്നേറാം.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്ര ഇരുപത്തി ഒന്നാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

‘പ്രിയ ഉണ്ണീശോയെ, ലോകം മുഴുവനുള്ള പാപങ്ങള്‍ക്ക് പരിഹാരമാകുവാനാണല്ലോ അങ്ങ് മനുഷ്യനായി അവതരിച്ചത്. ഈ ക്രിസ്തുമസ് കാലം അങ്ങയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാതിരിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍’

ഇന്ന് നമുക്ക് നമ്മുടെ ജീവിതത്തെ ഒന്ന് വിചിന്തനം ചെയ്യാം. നമ്മുടെ വാക്കുകള്‍, പ്രവര്‍ത്തികള്‍ ഇവ മൂലം ആരെ എങ്കിലും നാം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടു ക്ഷമ ചോദിക്കാം. അവരെ ഇന്ന് കാണുവാനോ സംസാരിക്കുവാനോ ശ്രമിക്കാം. അങ്ങനെ ഉണ്ണീശോയ്ക്ക് കുഞ്ഞുടുപ്പ് തുന്നാനുള്ള നൂല് നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.