ജോസഫ് ചിന്തകൾ: 01

ഫ്രാൻസിസ് പാപ്പ ഇന്ന് ആഗോളസഭയിൽ വി. യൗസേപ്പിതാവിന്റെ വർഷത്തിന് (ഡിസംബർ 8, 2020 – ഡിസംബർ 8, 2021) ആരംഭം കുറിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തിൽ ജോസഫ് ചിന്തകൾ എന്ന പേരിൽ ചെറുചിന്തകൾ എഴുതുവാനുള്ള ഒരു എളിയ പരിശ്രമാണിത്.

ജോസഫ് കുടുംബജീവിതത്തിന്റെ ആഭരണം

യൗസേപ്പിതാവിനു തിരുസഭയിൽ നൽകുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ (Protodulia) എന്നാണ് ദൈവശാസ്ത്രത്തിൽ അറിയപ്പെടുക. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധൻ എന്നാണ് ഇത് അർത്ഥമാക്കുക.

വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ലുത്തിനിയായിൽ (Litany of Saint Joseph) വി. യൗസേപ്പേ, കുടുബജീവിതത്തിന്റെ ആഭരണമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നുള്ള ഒരു ജപമുണ്ട്. യൗസേപ്പിതാവിന് കുടുംബങ്ങളിൽ പ്രധാന സ്ഥാനം നൽകിയാൽ കുടുംബങ്ങൾ കൂടുതൽ മനോഹരവും കുലീനവും സ്നേഹമയവും പരിശുദ്ധവും ബഹുമാന്യവുമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. വി. ജോസഫിനെ ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം നമ്മുടെ ഒരു കുടുംബാംഗമാക്കുക. അതിനായി രണ്ടു പ്രായോഗിക കാര്യങ്ങൾ നിർദ്ദേശിക്കാനുണ്ട്. ഒന്നാമതായി വി. യൗസപ്പ് പിതാവിന്റെ രൂപമോ ചിത്രമോ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കുക, അതിന് കുടുംബത്തിൽ സവിശേഷമായ സ്ഥാനം നൽകുക. രണ്ടാമതായി കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പ് പിതാവിനോട് അനുദിനവും പ്രാർത്ഥിക്കുന്ന ശീലം വളർത്തിയെടുക്കുക.

തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സവിശേഷശ്രദ്ധ ചെലുത്തിയ ആവിലായിലെ അമ്മത്രേസ്യാ പറയുന്നു: “ചില അവസരങ്ങളിൽ നമ്മൾ വിശുദ്ധരുടെ മദ്ധ്യസ്ഥത തേടുമ്പോൾ കാലതാമസം വരുന്നു. എന്നാൽ വി. യൗസേപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ല. ആ പിതാവ് വേഗം സഹായത്തിനെത്തുന്നു.”

കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ യൗസേപ്പിതാവിനെപ്പോലെ നല്ല അപ്പന്മാർ ഉണ്ടാകാൻ നമുക്കു പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.