ജിംഗിൾ ബെൽസ് 16: ഇരുട്ടിലെ മാലാഖ

ഫാ. അജോ രാമച്ചനാട്ട്

വേദപുസ്തകത്തിലെ സൃഷ്ടിവിവരണം ആരംഭിക്കുന്നത് ഇങ്ങനെയാണ്. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍െറ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.”(ഉല്‍പ. 1 : 2-3)

അല്പം നാടകീയമായി പറഞ്ഞാൽ, സൃഷ്ടിവിവരണത്തിലെ ആദ്യകഥാപാത്രം ഇരുട്ടാണ്. ഈ ഇരുട്ട് വിശുദ്ധ ബൈബിളിൽ അനേകം ഇടങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഉണ്ണിമിശിഹായുടെ ജനനത്തോടുചേർത്തും ഇരുട്ടിനെ ഒരു കഥാപാത്രത്തെപ്പോലെ പലതവണ നമ്മൾ കണ്ടുമുട്ടുന്നു ..

മംഗളവാർത്ത ഇരുളിൻ്റെ പശ്ചാത്തലത്തിൽ… ജോസഫിന്റെ ദർശനങ്ങളൊക്കെയും രാത്രിയുടെ യാമങ്ങളിൽ… സത്രം അന്വേഷിച്ച് അലഞ്ഞത് രാത്രിയിൽ… നിരസനങ്ങൾ ഏറ്റുവാങ്ങിയതും രാത്രിയിൽ.. കാലിത്തൊഴുത്ത് കണ്ടെത്തുന്നതും ദിവ്യശിശുവിന് ജന്മം നൽകുന്നതും ഇരുളിൻ്റെ പശ്ചാത്തലത്തിൽ… ആട്ടിടയൻമാർക്ക് ദർശനം ലഭിക്കുന്നതും ഇരുളിലാണ്. ജ്ഞാനികൾ നക്ഷത്രം ആകാശത്തു കണ്ടെത്തുന്നതും രാത്രിയിൽ ആയിരിക്കുമല്ലോ. നക്ഷത്രത്തെ പിന്തുടർന്ന് യാത്രയാരംഭിക്കുന്നതും ഇരുളിൽ തന്നെ.. കാലിത്തൊഴുത്തിന് മുമ്പിൽ നക്ഷത്രം വന്നു നിൽക്കുന്നതും രാത്രിയിലാവാനേ തരമുള്ളൂ .. രക്ഷകൻ്റെ മുഖം ജ്ഞാനികൾ കണ്ട് തൃപ്തിയടയുന്നതും സമ്മാനങ്ങൾ നൽകുന്നതും ആ രാത്രിയിൽ തന്നെ..

ഇരുളിന് – അന്ധകാരത്തിന് – ഒരു നെഗറ്റീവ് അർത്ഥമാണ് പലപ്പോഴും. ഇല്ലായ്മയുടെയും, വല്ലായ്മയുടെയും, ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായതയുടെയുമൊക്കെ പ്രതീകം !

പക്ഷെ സുഹൃത്തേ, താങ്കൾ ശ്രദ്ധിച്ചോ? ഇരുട്ടിൻ്റെയപ്പുറം ഒരു മാലാഖ നിൽപ്പുണ്ട്.. !! പ്രതീക്ഷയുടെയും നന്മയുടെയും ദൈവീക ഇടപെടലിൻ്റെയും പ്രകാശം വിതറുന്ന ഒരു മാലാഖ .. !!

അതെ, ഇരുട്ട് അങ്ങനെ അർത്ഥപൂർണമാവുകയാണ്.
ഇരുട്ടിൽ, ഒന്നുകിൽ ദൈവമുണ്ട്.. ദൈവസ്വരമുണ്ട്… അല്ലെങ്കിൽ, ഒരു മാലാഖയുണ്ട്, ദൈവത്തിൻ്റെ ദൂത് ഉണ്ട്, പുതിയ ദൈവീകപദ്ധതിയുടെ വെളിപ്പെടുത്തലുണ്ട്..

നാളുകൾ കൊണ്ടുനടന്ന പ്രതീക്ഷകൾ തകിടം മറിയുമ്പോഴും ..
സാമ്പത്തികഞെരുക്കം അനുഭവപ്പെടുമ്പോഴും .. ജയം കിട്ടേണ്ട ഇടങ്ങളിൽകൂടി തോറ്റുപോകുമ്പോഴും… രോഗത്തിലും..ഒറ്റപ്പെടലിലും ..
നിരാശയിലും…ഉത്തരം കിട്ടാത്ത പ്രാർത്ഥനകളിലും നമ്മൾ ആ ഇരുട്ടിനെ കണ്ടുമുട്ടുന്നുണ്ട്.. മംഗളവാർത്തയിലും ശിശുജനനത്തിലും ജ്ഞാനികളുടെ യാത്രയിലും നമ്മൾ കണ്ടുമുട്ടിയ അതേ ഇരുട്ട് !

കാണാതെ പോകരുത്.. ! ഇരുട്ടിൽ നിൽക്കുന്ന മാലാഖയുടെ സാന്നിധ്യത്തെ.. ദൈവത്തിൻ്റെ വെളിപ്പെടുത്തലുകളെ ..
ദൈവസ്വരത്തെ.. പുതിയ പ്രഭാതത്തെ .. പുതിയ സഞ്ചാരപഥങ്ങളെ ..
പുതിയ പ്രതീക്ഷകളെ ..

ദൈവമേ, ജീവിതത്തിലെ വഴിത്താരകളിൽ ഇരുളിന് കനം വച്ചു തുടങ്ങുമ്പോൾ ഇരുളിൽ നിൽക്കുന്ന മാലാഖമാരെ, അവർ വിതറുന്ന വെള്ളിവെളിച്ചങ്ങളെ തിരിച്ചറിയാൻ ഞങ്ങളുടെ അകക്കണ്ണുകളിൽ വെളിച്ചം നിറയ്ക്കേണമേ. ആമ്മേൻ.

കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.