ജിംഗിള്‍ ബെൽസ് 13: അഞ്ചലോട്ടം

ഫാ. അജോ രാമച്ചനാട്ട്

തിരുവിതാംകൂറിലും കൊച്ചിയിലും നിലവിലിരുന്ന പഴയ തപാൽ സംവിധാലമാണ് അഞ്ചൽ. ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് എഴുത്ത് ഉരുപ്പടികൾ കേടുകൂടാതെ എത്തിക്കുന്നയാളാണ് അഞ്ചലോട്ടക്കാരൻ. അയാൾ, കുറഞ്ഞത് എട്ട് മൈലെങ്കിലും നിർത്താതെ ഓടണമായിരുന്നത്രെ.. ആ ഓട്ടത്തിന്റെ പേരാണ് അഞ്ചലോട്ടം. വഴിയിലൊരിടത്തും നിൽക്കാൻ പാടില്ലെന്നും ആരും അയാളെ തടയാൻ പാടില്ലെന്നും പ്രത്യേകം രാജകല്പന ഉണ്ടായിരുന്നത്രേ!

യൂദയായിലെ മലമ്പ്രദേശത്തേയ്ക്ക്‌ മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു എന്ന് വചനം. അഞ്ചലോട്ടക്കാരൻ ഓടിയപോലെ വഴിയിലൊന്നും തങ്ങാതെ വേഗമൊരു നടത്തം. തിടുക്കത്തിലും, തിടുക്കം ഭാവിച്ചും വേഗതയിൽ ഒരു യാത്ര..

മറിയത്തിൻ്റെ അഞ്ചലോട്ടം…

ദൈവദൂതനിൽ നിന്നാണ് അവൾ അറിഞ്ഞത് വന്ധ്യയായ എലിസബത്ത് വാർദ്ധക്യ കാലത്ത് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ പോകുന്നുവെന്ന്. രണ്ടിടങ്ങളിൽ ഒരേസമയം ദൈവത്താൽ വല്ലാതെ അനുഗ്രഹിക്കപ്പെട്ട രണ്ടുപേർ! ആ ദൈവാനുഭവം പരസ്പരമൊന്ന് പങ്കുവയ്ക്കണം. പിന്നെ ഏലീശ്വാമ്മയെ സ്നേഹപൂർവ്വം ശുശ്രൂഷിക്കണം. ഉള്ളിൽ ഇരമ്പിയാർക്കുന്ന ദൈവകൃപയുടെ തള്ളലിൽ മറിയം ഏലീശ്വയുടെ അടുത്തേയ്ക്ക് ഓടുകയാണ്. ദൈവം പ്രത്യേകം കടാക്ഷിച്ച രണ്ടുപേർ കണ്ടുമുട്ടുമ്പോൾ ഉറക്കെ പാടുകയും ആനന്ദനൃത്തം ചവിട്ടുകയുമല്ലാതെ മറ്റെന്തു ചെയ്യാനാണ്!

വെറുമൊരു സന്ദർശനത്തിൽ മറിയത്തിന്റെ യാത്ര തീരുന്നില്ല. മൂന്നു മാസമാണ് കൂടെയുണ്ടായിരുന്നത്. ഏലീശ്വയുടെ പ്രസവശുശ്രൂഷകളും കൂടി നടത്തിയതിനു ശേഷമാവണം അവൾ തിരികെപ്പോരുന്നത്.

എന്തോരം ഓട്ടങ്ങളിലാണ് നമ്മൾ..!

‘തിരക്ക്’ അല്ലാതെ മറ്റൊന്നും ഇപ്പോൾ നമുക്ക് സ്വന്തമായിട്ടില്ല. എല്ലായിടത്തും ഓടിയെത്താനാവുന്നില്ല എന്നതാണ് നമുക്ക് നമ്മെക്കുറിച്ചുള്ള അഭിമാനവും!
ഓട്ടത്തിന് വേഗത പോരാഞ്ഞിട്ടാണല്ലോ മെട്രോ സംവിധാനമൊക്കെ കൊണ്ടുവന്നത്. ചന്ദ്രനിലേക്കുള്ള ടൂർ പാക്കേജ് റെഡിയായി വരുന്നുണ്ടുപോലും!

നമ്മുടെ ഓട്ടങ്ങൾ അഞ്ചലോട്ടങ്ങളായി മാറുന്നുണ്ടോ? എന്നോടൊപ്പമുള്ള ദൈവാനുഭവത്തിൻ്റെ രുചി അപരന് പകർന്നുകൊടുക്കാനുള്ള വ്യഗ്രത എന്റെ ഇടപെടലുകളിലും യാത്രകളിലും ഉണ്ടോ?

വഴിതെറ്റിയ അഞ്ചലോട്ടക്കാർ നമ്മൾ!

വാർദ്ധക്യത്തിലെത്തിയ അപ്പനും അമ്മയും വഴിക്കണ്ണുമായിരുന്ന് സങ്കടപ്പെടുന്നുണ്ട്. ജീവിതപങ്കാളിയുടെ കണ്ണിലെ പരിഭവങ്ങൾ കുറച്ചുകാലത്തേയ്ക്കു കൂടി കണ്ടില്ലെന്ന് നടിക്കാനേ പറ്റൂ! ബിസിനസ് ടൂര്‍ കഴിഞ്ഞ് വരുമ്പോഴേയ്ക്കും കുഞ്ഞിൻ്റെ പിറന്നാള്‍  കഴിഞ്ഞുപോവുകയാണ്! ഈ കുർബാനയ്ക്കൊക്കെ നീളം കുറച്ചുകൂടേയെന്ന് ഓർക്കാത്ത കുർബാനകളില്ല! അയൽപക്കക്കാരൻ്റെ കൊച്ച് ക്യാൻസർ പിടിച്ചുകിടന്നത് ഒരാളുപോലും ഒന്നും മിണ്ടിയില്ലല്ലോ, കഷ്ടം! ഇടയ്ക്കിടെ മാറിവരുന്ന അച്ചന്മാരേം സിസ്റ്റേഴ്സിനേം കൊണ്ട് തോറ്റുപോവുകയാണ്, ഒന്നു പരിചയപ്പെടുമ്പോഴേയ്ക്കും ദാ, അങ്ങ് പൊയ്ക്കളയും! PTA കളും കുടുംബക്കൂട്ടായ്മകളുമൊക്കെ എന്തിനാണാവോ ദൈവമേ ! അതെ, ഓടുകയാണ് നമ്മൾ. ഓടുന്നവരൊക്കെ ടോൾസ്റ്റോയിയുടെ ‘ആറടി മണ്ണ്’ ധ്യാനിക്കുന്നത് നന്ന്!!

ശുഭദിനം

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.