പരിശുദ്ധ മറിയത്തിന് തന്റെ ജീവിതത്തിലെ പ്രാധാന്യത്തെക്കുറിച്ച് പാഷന്‍ ഓഫ് ദക്രൈസ്റ്റിലെ ഹീറോ ജിം കവിയേസല്‍

പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ഈശോയുടെ വേഷവും വി. പൗലോസ് ശ്ലീഹായുടെ ജീവിതം പറയുന്ന പോള്‍ ദ അപ്പസ്‌തോല്‍ എന്ന സിനിമയില്‍ വി. ലൂക്കായുടെ വേഷവും ചെയ്ത് പ്രശസ്തനായ അഭിനേതാവ് ജിം കവിയേസലിന്റെ, പരിശുദ്ധ മറിയത്തിന് സാക്ഷ്യം നല്‍കിക്കൊണ്ടുള്ള പ്രസംഗം ശ്രദ്ധയാകര്‍ഷിക്കുന്നു. ഫോക്കസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ജിം കവിയേസല്‍ പരിശുദ്ധ മറിയത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

വ്യക്തിജീവിതത്തിലും കരിയറിലും പരിശുദ്ധ മറിയത്തിലൂടെ തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ചാണ് ജിം കവിയേസല്‍ മനസ് തുറന്നത്. അഭിനയജീവിതം തുടങ്ങുന്ന കാലത്താണ് താന്‍ ജപമാല ചൊല്ലിത്തുടങ്ങിയതെന്നും പിന്നീട് തന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും കാരണമായതും ആ ജപമാലയും പരിശുദ്ധ മറിയവുമാണെന്നുമാണ് ജിം കവിയേസല്‍ പറഞ്ഞത്.

കാര്‍ യാത്രയ്ക്കിടെ പതിവായി ജപമാല ചൊല്ലിയിരുന്നതിനെക്കുറിച്ചും പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലും ലൂക്കാ ദ അപ്പസ്‌തോലിലും അഭിനയിക്കവേ പരിശുദ്ധ മറിയത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞ കാര്യങ്ങളും തന്നെ മരിയഭക്തിയിലേക്ക് നയിച്ചതെങ്ങനെ എന്നും കവിയേസല്‍ വിശദമാക്കി.

ഈശോയുടെ ശരീരം നമുക്ക് നല്‍കിയത് പരിശുദ്ധ മറിയമാണെന്നും സാത്താനെതിരെയുള്ള ഏറ്റവും വലിയ ശക്തി പരിശുദ്ധ മറിയമാണെന്നും നമ്മുടെ എല്ലാവരുടെയും ആത്മീയമാതാവാണ് മറിയമെന്നും ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും മറിയത്തെ വിളിച്ചപേക്ഷിച്ചാല്‍ ഉടനടി ഉത്തരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.