ഈശോ ഏറ്റവും മികച്ച അധ്യാപകൻ 

ഗുരു എന്തിനു അര്‍ത്ഥം ഇരുള്‍ നീക്കുന്നവന്‍ എന്നാണ്. ഇരുളും പ്രകാശവും സമ്മിശ്രമായി ചേര്‍ന്ന് കിടക്കുന്ന ലോകത്തില്‍ നിന്ന് നന്മയുടെ പ്രകാശത്തെ വേര്‍തിരിക്കുവാന്‍ അജഗണത്തെ പഠിപ്പിക്കുന്നവനാണ് ഗുരു.  ക്രിസ്തീയ പശ്ചാത്തലത്തില്‍ ഗുരു എന്ന രണ്ടക്ഷരം അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നത് യേശു ക്രിസ്തുവിലാണ്.

ഈശോയുടെ ഉള്ളിലെ നലം തികഞ്ഞ ഗുരുവിനെ വെളിപ്പെത്തിയ അവിടുത്തെ സ്വഭാവ സവിശേഷതകള്‍ ഏവയാണെന്ന് നോക്കാം.

1. തീക്ഷ്ണമായി പഠിപ്പിച്ച ഈശോ 

സിനഗോഗുകളിൽ പഠിപ്പിച്ചു കൊണ്ടാണ് ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത്. ഏതു സാധാരണക്കാരനും മനസിലാകും വിധത്തിൽ ഉപമകളിലൂടെയാണ് ഈശോ പഠിപ്പിച്ചത്. ഗലീലിയയിൽ ഉടനീളം സഞ്ചരിച്ച ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു.

2. മഹാനായ അദ്ധ്യാപകൻ 

ഈശോ മഹാനായ ഒരു അദ്ധ്യാപകനെപ്പോലെ ആണ് പഠിപ്പിച്ചത്. അദ്ദേഹത്തിൻറെ പഠനങ്ങൾ കേൾക്കാൻ വിവിധ പ്രായത്തിൽപ്പെട്ട ആളുകൾ എത്തിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ മനസ്സിലാകുന്ന രീതിയിലാണ് ഈശോ അവർക്കു ഉപദേശങ്ങൾ നൽകിയത്.

3. വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു വിവിധ ആളുകളെ പഠിപ്പിച്ച ഈശോ 

ഈശോയുടെ അധ്യാപനം അതിർത്തികൾ കടന്നുള്ളതായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഈശോ യാത്ര ചെയ്തു. അവിടെ ഉള്ള ആളുകളെ പഠിപ്പിച്ചു. ദൈവരാജ്യത്തിന്റെ സുവിശേഷം പകർന്നു കൊടുത്തു. ഈശോ ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനങ്ങൾക്കു ഉപദേശങ്ങളിലൂടെയും ഉപമകളിലൂടെയും നിർദ്ദേശങ്ങൾ നൽകി.

4. അനുകമ്പയോടെ പഠിപ്പിച്ച ഒരു അദ്ധ്യാപകൻ 

മറ്റുള്ളവരോട് അനുകമ്പ കാണിക്കുകയും അതിലൂടെ അനുകമ്പയോടെ പാഠങ്ങൾ ജനത്തിന് പകർന്നു കൊടുക്കുകയും ചെയ്‌ത ഗുരുവായിരുന്നു ഈശോ. തന്റെ പഠനങ്ങളിൽ നിന്നും അനുകമ്പയെ ഒരുക്കലും ഈശോ മാറ്റി നിർത്തിയില്ല . അതിനു ഉത്തമ ഉദാഹരണമായിരുന്നു സമ്പത്തിൽ കൈ ശോഷിച്ചവന് നൽകിയ രോഗശാന്തി.

5. പണ്ഡിതന്മാരെ പഠിപ്പിച്ച ഈശോ 

ഉപമകളിലൂടെ ഈശോ ലളിതമായ രീതിയിൽ സാധാരണക്കാരെയും വിദ്യ അഭ്യസിച്ചിട്ടില്ലാത്ത ആളുകളെയും പഠിപ്പിച്ചു. എന്നാൽ അവരെ മാത്രമല്ല പണ്ഡിതരെയും ഈശോ തന്റെ അറിവുകൊണ്ട് വിസ്മയിപ്പിച്ചു. ഈശോയുടെ അറിവുകൾ കണ്ടു  “ഇവൻ ഗലീലിയക്കാരൻ തന്നെയല്ലേ” എന്ന് അവർ അത്ഭുതത്തോടെ ചോദിച്ചു.

6. മനുഷ്യന് പ്രാധാന്യം നൽകിയ അദ്ധ്യാപകൻ 

ഈശോ മനുഷ്യത്വത്തിന്‌ പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു. നിയമങ്ങൾക്കും യഹൂദരുടെ കല്പനകൾക്കും ഉപരിയായി സാബത്തിൽ രോഗശാന്തികൾ നല്കിയപ്പോഴും ഈശോ പ്രാധാന്യം നൽകിയത് വേദനിക്കുന്ന ദൈവജനത്തിന്റെ മോചനത്തിനായിരുന്നു.

7. തന്റെ പിൻഗാമികളെ വെല്ലുവിളിച്ച അദ്ധ്യാപകൻ 

തന്റെ പിൻഗാമികളെ വെല്ലുവിളികളിലൂടെ ധീരരാക്കുവാൻ പരിശ്രമിച്ച അദ്ധ്യാപകനായിരുന്നു ഈശോ. പ്രതിസന്ധിഘട്ടങ്ങളിൽ അവരെ ധീരരാകുവാൻ അവിടുന്നു പ്രേരിപ്പിച്ചു. വെള്ളത്തിനു മീതെ നടക്കുവാൻ അവിടുന്നു പത്രോസിനു ധൈര്യം നൽകി.

8. അധികാരത്തോടും ലക്ഷ്യത്തോടും കൂടെ പഠിപ്പിച്ച ഈശോ 

ഈശോ ദൈവപുത്രന്റെ അധികാരത്തിൽ നിന്നുകൊണ്ടാണ് ജനത്തെ പഠിപ്പിച്ചത്. ഒരിക്കൽ ഈശോ പഠിപ്പിച്ചുകൊണ്ട് ഇരുന്നപ്പോൾ പുരോഹിതന്മാരും നിയമജ്ഞരും അവിടെ എത്തി. അവർ ഈശോയോട് ചോദിച്ചു ” എന്തധികാരത്തിലാണ് നീ ഇത് പഠിപ്പിക്കുന്നത്?  ആരാണ് നിനക്ക് പഠിപ്പിക്കുന്നതിനുള്ള അധികാരം നൽകിയത്?” ഈശോ വ്യക്തമായ അധികാരത്തോടും ലക്ഷ്യത്തോടും കൂടിയാണ് ജനത്തെ പഠിപ്പിച്ചത്.

9. ദൈവത്തെക്കുറിച്ചു സംസാരിക്കുവാൻ ശിഷ്യന്മാരെ പഠിപ്പിച്ച ഈശോ 

ദൈവത്തെക്കുറിച്ചു ശിഷ്യന്മാരെ പഠിപ്പിച്ച ഗുരുവാണ് ഈശോ. ഒരിക്കൽ ശിഷ്യന്മാർ ഈശോയെ സമീപിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ എന്ന് അഭ്യർത്ഥിച്ചു . അപ്പോൾ ഈശോ ശിഷ്യന്മാരെ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ശിഷ്യന്മാരെ പഠിപ്പിച്ചു. ഈ പ്രാർത്ഥനയിലൂടെ ദൈവത്തോട് അടുത്തു നിൽക്കുവാനും അന്നന്നു വേണ്ട ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കുവാനും  ദൈവരാജ്യം ഭൂമിയിൽ വരുവാനും ദുഷ്ടാരൂപിയിൽ നിന്ന് രക്ഷപെടുവാനും പ്രലോഭനങ്ങളെ അതിജീവിക്കുവാനും ഈശോ ശിഷ്യന്മാരെ പ്രാപ്തരാക്കി.

ഈശോയിലെ ഗുരുവിലെ വെളിപ്പെടുത്തിയ ഒൻപതു സവിശേഷതകളാണ് ഇവ. ഈ സ്വഭാവ സവിശേഷതകളൂടെ ഒരു ഗുരു തന്റെ ശിഷ്യർക്ക് എങ്ങനെ ആയിരിക്കണം എന്ന് ഈശോ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.