വടക്കു-കിഴക്കൻ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സുഹൃത്തായിരുന്ന ജെസ്യൂട്ട് മിഷനറി മരിച്ചു

വടക്കു-കിഴക്കൻ ഇന്ത്യയിൽ നാല് പതിറ്റാണ്ടായി ശുശ്രൂഷ ചെയ്തിരുന്ന ജെസ്യൂട്ട് മിഷനറി ഫാദർ ജയന്ത് കുമാർ പദിവൽ മരിച്ചു. 71 വയസുള്ള ഇദ്ദേഹം കർണ്ണാടകയിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. ഇന്നലെ (സെപ്റ്റംബർ 9) ഉച്ച കഴിഞ്ഞ് 3.30-ന് കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ട് മൃതസംസ്ക്കാര ശുശ്രൂഷകൾ നടന്നു.

ഫാ. പദിവൽ 1980 മുതൽ വടക്കു-കിഴക്കൻ ഇന്ത്യയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ആത്മീയനേതൃത്വം, ഇടവക ശുശ്രൂഷ എന്നിവയിലൂടെ മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഇടയിൽ നന്മയുടെ വാഹകനാകുവാനും അനേകർക്ക് പ്രതീക്ഷ പകരുവാനും അദ്ദേഹത്തിനു സാധിച്ചു. ജെസ്യൂട്ട് വൈദികരുടെ സാന്നിധ്യം മണിപ്പൂരിൽ ആദ്യമായി ആരംഭിച്ചത് ഫാ. പദിവലിലൂടെയാണ്. സെന്റ് ഇഗ്നേഷ്യസ് ചർച്ചിലെ ആദ്യത്തെ ഇടവക വികാരിയും ഇംഫാൽ അതിരൂപതയിലെ ബിഷ്ണുപൂരിലെ ലയോള സ്കൂൾ പ്രിൻസിപ്പലുമായിരുന്നു അദ്ദേഹം.

ദരിദ്രരോടുള്ള ആത്മാർത്ഥവും ആഴവുമായ സ്നേഹം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. ഫാ. പദിവൽ 1940 ഏപ്രിൽ 16-ന് മംഗലാപുരത്ത് ജനിച്ചു. 1976 ജൂൺ 19-ന് സൊസൈറ്റി ഓഫ് ജീസസിൽ പ്രവേശിച്ച അദ്ദേഹം 1979 ഏപ്രിൽ 27-ന് വൈദികനായി. 1980-ലാണ് അദ്ദേഹം നാഗാലാൻഡ് മിഷനിൽ ചേർന്നത്. മണിപ്പൂരി പഠിച്ച ഫാ. പദിവൽ ആ ഭാഷയിൽ പുസ്തകമെഴുതുകയും ചെയ്തു.

1993-1997 കാലഘട്ടത്തിൽ ഇംഫാലിലെ മൈനർ സെമിനാരികളിലെ ആത്മീയപിതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എതിർത്ത് മണിപ്പൂരിലെ ഭൂഗർഭസംഘടനകളിൽ നിന്നുള്ള ഭീഷണികളും മരണവാറന്റുകളും സാധാരണമായിരുന്നു. എങ്കിലും ഈ മിഷനറി വിശ്രമമില്ലാതെ അവിടെയുള്ള പാവപ്പെട്ടവരുടെ ഇടയിൽ തന്റെ പ്രവർത്തനം തുടർന്നു.

2020 – മെയ് മാസത്തിൽ ശ്വാസകോശത്തെ ബാധിച്ച രോഗം മൂലം കര്‍ണ്ണാടകയിലേയ്ക്ക് അദ്ദേഹം തിരികെവന്നു. വടക്കു-കിഴക്കൻ ഇന്ത്യയിലെ കൊടിയ തണുപ്പും പ്രതികൂല കാലാവസ്ഥയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചിരുന്നു. തുടർന്ന് അദ്ദേഹം മംഗലാപുരത്തെ ഫാത്തിമ റിട്രീറ്റ് ഹൗസിൽ താമസിച്ചു.

“കുറച്ച് വാക്കുകൾ മാത്രം സംസാരിക്കുന്ന, ആഴമേറിയ വിശ്വാസവും ലളിതമായ ജീവിതശൈലിയും മുഖമുദ്രയാക്കിയ ഒരു വൈദികൻ. ആത്മാക്കളെ വിശ്വാസത്തിലേയ്ക്ക് നയിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉറ്റ സുഹൃത്തുമായിരുന്നു ഈ വൈദികൻ” – ആസാമിലെ ഗുഞ്ചംഗിലെ ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ പ്രിൻസിപ്പൽ ജെസ്യൂട്ട് ഫാദർ ജെറാൾഡ് ഡിസൂസ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.