ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 16 – ഏലിയ

ഫാ. ജെയ്സൺ കുന്നേൽ

സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതി അതീവ തീക്ഷ്ണതയാൽ ജ്വലിച്ച, അഗ്നിയുടെ പ്രവാചകൻ എന്നറിയപ്പെടുന്ന ഏലിയാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഇസ്രായേൽ സത്യദൈവത്തെ മറന്ന് ബാൽ ദേവന് ആരാധന ആരംഭിച്ചപ്പോൾ അതിനെതിരെ നിലകൊണ്ട പ്രവാചകനാണ് ഏലിയ. ഏലിയ എന്ന ഹെബ്രായ വാക്കിന്റെ അർത്ഥം, യഹോവ എന്റെ ദൈവമാകുന്നു എന്നാണ്. പേര് സൂചിപ്പിക്കുംപോലെ യഹോവ മാത്രമായിരുന്നു ഏലിയായുടെ ദൈവം – ദൈവമാകുന്നു എന്നാണ്.

ഏലിയ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാൽ തീക്ഷ്ണമായ പ്രാർത്ഥനകള്‍ കൊണ്ട് നമുക്കാവാത്ത പല കാര്യങ്ങളും അവൻ പ്രവർത്തിച്ചു. ഏലിയ പ്രവാചകന്റെ പ്രാർത്ഥന വഴി സംഭവിച്ച ചില പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്:

  • മൂന്നര വർഷക്കാലം മഴ പെയ്യാതെ ആകാശം അടച്ചുകളഞ്ഞു (1 രാജാ. 17:1).
  • സീദോനിലെ സറേഫാത്തിലെ വിധവയുടെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകാതെ വർദ്ധിപ്പിച്ചു (1 രാജാ. 17:14-16).
  • സറേഫാത്തിലെ വിധവയുടെ മകനെ ജീവിപ്പിക്കുന്നു (1 രാജാ. 17:21-23).
  • കർമൽ മലയിൽ ആകാശത്തു നിന്ന് തീയിറക്കി ബലിപീഠത്തിലെ ബലിവസ്തു ദഹിപ്പിച്ചു (1 രാജാ. 18:38).
  • ഏലിയായെ പിടിക്കുവാൻ ഇസ്രായേൽ രാജാവായ അഹസിയ അയച്ച 50 പേർ വീതമുള്ള രണ്ടു സംഘത്തെയും സൈന്യാധിപന്മാരെയും ആകാശത്തു നിന്ന് തീയിറക്കി ദഹിപ്പിച്ചു (2 രാജാ. 1:10).
  • മേലങ്കിയെടുത്തു ചുരുട്ടി യോർദ്ദാൻ നദി വിഭജിച്ചു. നദിയുടെ മറുകരയിൽ വച്ച് ഏലിയാ സ്വർഗ്ഗാരോഹണം ചെയ്തു (2 രാജാ. 2:8-10).

ഏലിയാ പ്രവാചകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാനഭാഗമുണ്ട്. കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലും മാത്രമല്ല ദൈവസാന്നിധ്യം കാണേണ്ടത്. അത്ഭുത പ്രതിഭാസങ്ങളിലും വൻകാര്യങ്ങളിലും ദൈവം ഉണ്ടായേക്കാം. എന്നാൽ, ശാന്തമായ അവസരത്തിൽ അവന്റെ മൃദുസ്വരം കേൾക്കാൻ നമുക്ക് കഴിയണം. ആഗമനകാലത്തിൽ ശാന്തമാകാനും ദൈവസ്വരം കേൾക്കാനും പരിശ്രമിക്കുക. ഉണ്ണീശോയോടുള്ള തീഷ്ണതയാൽ ഹൃദയം കൊണ്ട് എരിയുക.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.