ജപമാല ഭക്തി ഭാരതീയ പശ്ചാത്തലത്തില്‍

ജോസ് ക്ലമന്റ്

”നിങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും രാജ്യത്തും സമാധാനം വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ കുടുംബങ്ങളില്‍ ജപമാല ചൊല്ലണം.”   – പീയൂസ് ഒമ്പതാമന്‍ പാപ്പ

ചില പ്രാര്‍ത്ഥനകളും ഗാനങ്ങളും ആവര്‍ത്തിക്കുന്തോറും അവയുടെ മാധുര്യം വര്‍ധിച്ചുവരും. സനാതന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനകളും ഗാനങ്ങളുമാണ് ആവര്‍ത്തിക്കുന്തോറും കൂടുതല്‍ ആസ്വാദ്യകരമായിത്തീരുന്നത്. അത്തരത്തില്‍പ്പെട്ട പ്രാര്‍ത്ഥനയാണ് ജപമാല. വിഭിന്ന മത-ദേശ-കാല-സംസ്‌ക്കാരങ്ങളില്‍പ്പെട്ടവരെല്ലാം, തങ്ങളുടേതായ പരമ്പരാഗത പ്രാര്‍ത്ഥനകളും ഗാനങ്ങളുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലുന്നതിനു കാരണം ഈ ആസ്വാദ്യതയാണ്. ആവര്‍ത്തിച്ചുരുവിടുമ്പോള്‍ അവയിലൂടെ ഭക്തിരസവും മാനസിക സംതൃപ്തിയും ലഭ്യമാകും.

ഹൈന്ദവരുടെ സഹസ്രനാമോച്ചാരണവും കോടിയര്‍ച്ചനയും രാമജപങ്ങളും, മുസ്ലീംങ്ങളുടെ നമസ്‌ക്കാരത്തിനു ശേഷം 33 വീതം മൂന്നു തവണ ആവര്‍ത്തിക്കുന്ന അള്ളാഹുവിന്റെ തൊണ്ണൂറ്റൊമ്പതു തിരുനാമോച്ചാരണവും, കത്തോലിക്കരുടെ ലുത്തിനിയായും, ബുദ്ധമതവിശ്വാസികളുടെ ശരത്രയം വിളിയും, അയ്യപ്പഭക്തരുടെ സ്വാമിശരണം വിളിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ദൈവത്തെ വിളിക്കണമെന്നുള്ള സദുദ്ദേശ്യത്തോടെ പ്രാര്‍ത്ഥനകള്‍ ഭക്തിപൂര്‍വ്വം തുടരെത്തുടരെ ഉരുവിടുമ്പോള്‍ അതൊരിക്കലും ആവര്‍ത്തനവിരസതയുള്ള പ്രാര്‍ത്ഥനകളാകില്ല. മറിച്ച് ആ പ്രാര്‍ത്ഥനകള്‍ ആനന്ദദായകമായിരിക്കും. ഭാരതീയ ആരാധനാസമ്പ്രദായം ആവര്‍ത്തനരീതിയാണ്. ആവര്‍ത്തനം ജനസമ്മതിയാര്‍ജിക്കുന്നു; കാര്യം നേടുന്നു. പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുന്നതുകൊണ്ട് വികാരതീവ്രതയ്ക്ക് തീപിടിക്കും. വിപ്ലവ പ്രക്ഷോഭങ്ങള്‍ വിജയിക്കും. ഇതുതന്നെയാണ് ജപമാലയിലെ ആവര്‍ത്തനത്തിലും അനുഭവപ്പെടുന്നത്.

പ്രാര്‍ത്ഥനകള്‍ വ്യാകരണ നിയമങ്ങളൊക്കെ കൃത്യമായി പാലിച്ചുകൊണ്ടുള്ളതും മനസ്സിനും ബുദ്ധിക്കും ക്ലേശം നല്‍കുന്നതും ആയിരിക്കണമെന്നില്ല. ‘മനസ്സിനെ ദൈവത്തിന്‍ പക്കലേക്കുയര്‍ത്തുന്ന താണ് പ്രാര്‍ത്ഥന’ എന്നു സാമാന്യമായി പ്രാര്‍ത്ഥനയെ നിര്‍വചിക്കാറുണ്ടെങ്കിലും പ്രാര്‍ത്ഥന നമ്മുടെ മനസ്സിനും ബുദ്ധിക്കും ഒരു ഭാരമായിത്തീരരുത്. കരിസ്മാറ്റിക് നവീകരണക്കാരുടെയിടയില്‍ ഭാഷാരഹിത പ്രാര്‍ത്ഥന’ എളുപ്പം പ്രചാരത്തില്‍ വന്നത് നിശ്ചിതാര്‍ത്ഥമുള്ള വാക്കുകളൊന്നും ഉപയോഗിക്കാതെ സ്വന്തം അന്തരംഗത്തില്‍ നിന്നുയരുന്ന അര്‍ത്ഥനകളും സ്തുതിപ്പുകളും ദൈവസന്നിധിയിലേക്കുയര്‍ത്തുന്നതുകൊണ്ടാണ്. കാരണം, ഇവ അനായാസ പ്രാര്‍ത്ഥനകളാണ്. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’, ‘നന്മനിറഞ്ഞ മറിയമേ’ തുടങ്ങിയ ചിരപരിചിത പ്രാര്‍ത്ഥനകള്‍ നമുക്ക് അനായാസമാണ്.

ജപമാലയുടെ അനുഷ്ഠാനത്തില്‍ പ്രകടമാകുന്നത് ദൈവമാതൃഭക്തിയാണ്. ദൈവമാതാവായ കന്യാമറിയത്തോടുള്ള ഭക്തി പ്രായോഗികമാക്കാനുള്ള ഉത്തമോപാധിയാണ് ജപമാല. ജപമാലയില്‍ 53 പ്രാവശ്യം നാം ചൊല്ലാറുള്ള ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയുടെ ഉറവിടം തേടിയാല്‍ വിശുദ്ധ ഗ്രന്ഥത്തിലെത്തിച്ചേരും. ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ കന്യാമറിയത്തെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞതാണ് ‘നന്മനിറഞ്ഞ മറിയ’ത്തിന്റെ ആദ്യഭാഗം (ലൂക്കാ 1:29). ‘നീ സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീതയാകുന്നു. നിന്റെ ഉദരഫലമായ ഈശോ അനുഗൃഹീതനാകുന്നു’ എന്ന ഭാഗം മറിയത്തിന്റെ മാതൃസഹോദരി പുത്രിയായ ഏലീശ്വ മറിയത്തെ പ്രശംസിച്ചുകൊണ്ട് പ്രകീര്‍ത്തിച്ച വാക്കുകളാണ് (ലൂക്കാ 1:42). ‘നന്മനിറഞ്ഞ മറിയ’ത്തിന്റെ ശേഷിച്ച ഭാഗം ക്രൈസ്തവ പാരമ്പര്യം കൂട്ടിച്ചേര്‍ത്തതാണ്. ദൈവപുത്രനായ ഈശോമിശിഹായുടെ അമ്മയായി, ദൈവം തന്നെ തിരഞ്ഞെടുത്ത് ധന്യയാക്കിയ കന്യാമറിയത്തിന്റെ നേര്‍ക്കുള്ള ഭക്തി നാം ബാഹ്യമായി പ്രകടിപ്പിക്കുകയാണ്; ജപമാല സമര്‍പ്പണത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഭാരതീയരുടെ നൈസര്‍ഗികമായ മതതൃഷ്ണയ്ക്കു സന്തര്‍പ്പണം നല്‍കാന്‍ ഉതകുന്നതാണ് ജപമാല ഭക്തി. രുദ്രാക്ഷമാലയും പൂണൂലും അഭിമാനപുരസ്സരം ധരിക്കുന്ന ഭാരതീയരുടെ നാട്ടില്‍, കത്തോലിക്കര്‍ ജപമാലയും വെന്തിങ്ങയും (ഉത്തരീയം) ധരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്.

എന്നാല്‍ കാലഹരണപ്പെട്ടതും ‘ഡിഗ്നിറ്റി’ക്കു ചേരാത്തതുമായ ഒരു ഭക്താഭ്യാസമായി ജപമാലയെ കാണുന്നവരും ഇന്ന് ധാരാളമുണ്ടെന്ന് പറയാതിരിക്കാനാവില്ല. ജപമാല ഏതൊരു വിശ്വാസിയുടെയും സര്‍വ്വസാധാരണമായ പ്രാര്‍ത്ഥനയാണ്. ജപമാലയര്‍പ്പണത്തിലൂടെ മാതാവ് വണങ്ങപ്പെടുന്നതുവഴി, പുത്രന്‍ കൂടുതല്‍ അറിയപ്പെടണം എന്നതാണ് തിരുസ്സഭ ആഗ്രഹിക്കുന്നത്. ചിലരുടെ കാഴ്ചപ്പാടില്‍ ‘നന്മനിറഞ്ഞ മറിയത്തിന്റെ’ അര്‍ത്ഥമില്ലാത്ത ആവര്‍ത്തനമാണ് ഇന്നും ജപമാല. നാം പറയുന്ന കാര്യങ്ങള്‍ ഉള്ളില്‍ തട്ടാതെ വരുമ്പോഴാണ് അര്‍ത്ഥമില്ലാതാകുന്നത്. ഏതൊരു കാര്യവും നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഉയര്‍ന്നുവരുന്നതെങ്കില്‍ അതെത്ര പ്രാവശ്യം ഉരുവിട്ടാലും അര്‍ത്ഥമുള്ളതായിരിക്കും. മാതാവിനോട് പുത്രനിര്‍വിശേഷമായ സ്‌നേഹമുള്ള ഒരു ഹൃദയത്തില്‍ നിന്ന് ‘നന്മനിറഞ്ഞ മറിയമേ’ എന്ന് നൂറാവര്‍ത്തി ഉരുവിട്ടാലും അത് വിരസതയുളവാക്കില്ല. കാരണം, ഓരോ പ്രാവശ്യവും സ്‌നേഹം വാക്കുകള്‍ക്കു പുതിയ അര്‍ത്ഥവും വ്യാപ്തിയും നല്‍കുന്നു.

ജപമാല കരങ്ങളിലും, ‘നന്മനിറഞ്ഞ മറിയം’ അധരങ്ങളിലും, ഈശോയുടെയും മറിയത്തിന്റെയും ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ മനസ്സിലുമുള്ളപ്പോള്‍ പലവിചാരത്തിനു വഴി തെളിക്കാതെ ജപമാല സമര്‍പ്പണം ഭക്തിമയമാകും. ഭാരതസഭാസ്ഥാപകനായ സെന്റ് തോമസില്‍ നിന്നു ലഭിച്ച വിശ്വാസദീപം പലതരം പ്രതികൂലാവസ്ഥകളേയും കൊടുങ്കാറ്റുകളെയും അതിജീവിച്ച് ഇവിടെ ഇന്നും ഭദ്രമായി കത്തിജ്വലിച്ചുകൊണ്ടിരിക്കുകയാണ്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മുതലുള്ള പാശ്ചാത്യമിഷണറിമാര്‍ പാകിയ ആത്മീയതയുടെ വിത്തുകള്‍ മുളച്ചുവളര്‍ന്ന് കേരളത്തെ നിത്യഹരിതമായ സഭാവിഭാഗമായി ഇന്നും കാത്തുസൂക്ഷിക്കുന്നു. വിദേശമിഷണറിമാരുടെ പരിശ്രമഫലമായി പ്രചാരത്തില്‍ വന്ന ഭക്തികര്‍മങ്ങള്‍ നിരവധിയാണ്. അവയില്‍ കുടുംബവേദികളെ പവിത്രമാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും ചൈതന്യവത്തായ ഒന്നാണ് ജപമാല ഭക്തി.

അനുദിനം ജപമാലയര്‍പ്പിക്കാത്ത കത്തോലിക്കാ കുടുംബങ്ങള്‍ വിരളമായിരിക്കുമിവിടെ. നാടകങ്ങളുടെയും സിനിമകളുടെയും അവയ്ക്കു പിറകേ റേഡിയോയുടെയും ആവിര്‍ഭാവമുണ്ടായപ്പോഴും ഇതിനുപിന്നാലെ ടെലിവിഷന്റെ അതിപ്രസരവും ചാനലുകളുടെ കടന്നാക്രമണങ്ങളും അവയിലൂടെ പ്രസരിക്കുന്ന പരമ്പരകളുടെയും മെഗാഷോകളുടെയുമെല്ലാം കുത്തൊഴുക്കുണ്ടായപ്പോള്‍ കുടുംബവേദികളെ സാരമായി നിസ്സംഗമാക്കിയെങ്കിലും നല്ല കത്തോലിക്കാ കുടുംബങ്ങളില്‍ ഇന്നും ജപമാല ഭക്തി പച്ചപ്പു നഷ്ടപ്പെടാതെ വളര്‍ന്നു പരിലസിക്കുന്നുണ്ട്.

ലോകചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പണ്ഡിതന്മാരായ ശാസ്ത്രജ്ഞന്മാര്‍, ശക്തരായ രാഷ്ട്രത്തലവന്മാര്‍, സൈനിക മേധാവികള്‍, നയതന്ത്രജ്ഞന്മാര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലുള്ള മഹത്തുക്കള്‍ പതിവായി ജപമാല ജപിച്ചിരുന്നതായും അതില്‍ ഒരാത്മീയത കണ്ടെത്തിയിരുന്നതായും മനസ്സിലാക്കാനാവും.

ഭാരതം വളരെയേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായി അതിര്‍ത്തികളില്‍ ത്യാഗമനുഷ്ഠിക്കുന്ന നമ്മുടെ ധീരജവാന്മാര്‍ കോടാനുകോടി ജനതയ്ക്കുവേണ്ടി സംരക്ഷകരായി നിലകൊള്ളുമ്പോള്‍ ഇവരെയൊക്കെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും ലളിതവും അര്‍ത്ഥവത്തുമായ പ്രാര്‍ത്ഥനയാണ് സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിനോടുള്ള ജപമാല പ്രാര്‍ത്ഥന. തീവ്രവാദ പ്രവര്‍ത്തനങ്ങളും കൊള്ളയും കൊലപാതകങ്ങളും സ്ത്രീപീഢനങ്ങളും ലൈംഗിക അരാജകത്വങ്ങളും ഭാരതത്തില്‍ വര്‍ധമാനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിതത്തിന്റെ ധന്യതയും വിശ്വാസത്തിന്റെ അഭംഗുരതയും കാത്തുപാലിക്കാന്‍ മാതൃസഹജമായ ഒരു സഹായം കൂടിയേതീരൂ. ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ ഗര്‍ഭപാത്രത്തില്‍ വച്ചുപോലും പിഞ്ചുകുഞ്ഞുങ്ങളെ പൈശാചികമായി കൊലപ്പെടുത്തുന്ന ക്രൂരമായ മരണസംസ്‌ക്കാരത്തിനെതിരേ നിലകൊള്ളാന്‍ ഏറ്റവും അനുയോജ്യമായ ആയുധമാണ് ജപമാല. കാരണം, ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ പ്രാര്‍ത്ഥനയാണിത്. സുവിശേഷ തത്വങ്ങളില്‍ അധിഷ്ഠിതമായ ജപമാലയിലെ രഹസ്യങ്ങള്‍ കുടുംബജീവിതത്തെ സ്പര്‍ശിക്കുന്ന വിധത്തില്‍ വിചിന്തനം ചെയ്തുകൊണ്ട് കുടുംബാംഗങ്ങള്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. അതുവഴി കുടുംബങ്ങളില്‍ ശാന്തിയും ഐശ്വര്യവും കൈവരും. സമാധാനനാഥയായ ജപമാലറാണി വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ സമൂഹത്തിലും രാജ്യത്തെമ്പാടും വര്‍ഷിക്കപ്പെടുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.