സേവനത്തേക്കാൾ പദവികൾക്കു പിന്നാലെ പോകുന്നത് ഒരു ആത്മീയരോഗമാണ്: ഫ്രാൻസിസ് പാപ്പാ 

വ്യക്തിപരമായ മഹത്വത്തിനായുള്ള ആഗ്രഹത്തിൽ നിന്നല്ല, സേവനമനോഭാവത്തിൽ നിന്നാണ് നന്മപ്രവർത്തികൾ വരേണ്ടതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പാ സേവനത്തേക്കാൾ പദവികൾക്കു പിന്നാലെ പോകുന്നതിന്റെ ആത്മീയ അപകടത്തെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

പലപ്പോഴും നമ്മുടെ ബന്ധങ്ങളെല്ലാം നമ്മുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനും വിജയത്തിനുമായിട്ടാണ്. ലൗകീകമായ ഈ പ്രവണത ആധുനിക ലോകത്തിൽ, ക്രൈസ്തവരായ ആളുകളുടെ ഇടയിൽപോലും വർദ്ധിച്ചുവരികയാണ്. ഇത്തരം പ്രവണതകളിൽ ഫ്രാൻസിസ് പാപ്പാ ആശങ്ക അറിയിച്ചു. “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ സേവകനായിരിക്കട്ടെ എന്നാണ് ഈശോ പഠിപ്പിക്കുന്നത്. അവിടുന്ന് കാണിച്ചുതരുന്നതും അതു തന്നെ. മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ ഈ മാതൃക അനുകരിക്കുന്നതിനുള്ള വലിയ കൃപയാണ് പരിശുദ്ധാത്മാവിൽ നമുക്ക് നൽകപ്പെടുന്നത്. അതിനാൽ കൂടുതൽ സേവനങ്ങൾ ചെയ്തുകൊണ്ട്, മറ്റുള്ളവരുടെ സേവകരായി മാറിക്കൊണ്ട് നമുക്കും അവിടുത്തെ മാതൃക തുടരാം” – പാപ്പാ ഓർമ്മിപ്പിച്ചു.

സേവനങ്ങളിലൂടെ ക്രിസ്തുവുമായുള്ള സംഭാഷണത്തിലേക്ക് വളരാൻ പരിശുദ്ധ അമ്മയുടെ സഹായം തേടാമെന്നും കാരണം വലിയവളായിരുന്നിട്ടും പരിശുദ്ധ മറിയം കർത്താവിന്റെ എളിയ ദാസിയായിരിക്കാനാണ് ശ്രമിച്ചതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.