ഈശോയുടെ ജന്മനാട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ ഗാസ മുനമ്പിലെ 500 ക്രൈസ്തവര്‍ക്ക് അനുവാദം നൽകി ഇസ്രായേൽ

ഗാസ മുനമ്പിലെ ക്രൈസ്തവ സമൂഹത്തിലെ 500 അംഗങ്ങൾക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ ഇസ്രായേലിലേക്കും യേശു ജനിച്ച സ്ഥലമായ വെസ്റ്റ് ബാങ്കിലേക്കും പ്രവേശിക്കാൻ അനുവാദം നൽകി ഇസ്രായേൽ അധികൃതർ. 13 വർഷമായി ഇസ്രായേൽ സൈന്യം തടഞ്ഞുവച്ചിരുന്ന ഗാസ മുനമ്പിൽ നിന്ന്  ഡിസംബർ 24 -ന് ക്രൈസ്തവര്‍ക്ക്, ക്രിസ്തുമസ് അവധിക്കായി പുറത്തുപോകാൻ അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചതായി എപി ഏജൻസി അറിയിച്ചു.

ഈ നടപടിയിലൂടെ ഗാസയിലെ ക്രൈസ്തവര്‍ക്ക് അവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും സ്ഥിതിചെയ്യുന്ന പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കഴിയും. ഇവിടെയാണ് ക്രിസ്തു ജനിച്ച ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്. പാലസ്തീൻ സിവിൽ കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ഇസ്രായേലി പ്രതിരോധസംഘടനയായ COGAT ഗാസയിലെ ക്രൈസ്തവര്‍ക്കു ലഭിച്ച അനുമതികൾ അറിയിച്ചു.

365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസ മുനമ്പ് 2007 -ൽ അധികാരമേറ്റ ഇസ്ലാമിക് ഭീകരസംഘടനയായ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഹമാസ് ഈ പ്രദേശം നിയന്ത്രണവിധേയമാക്കിയതു മുതൽ ഇസ്രായേലും ഈജിപ്തും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസ മുനമ്പിൽ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ താമസിക്കുന്നു, അതിൽ ആയിരം പേർ മാത്രമാണ് ക്രിസ്ത്യാനികൾ. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽപെട്ടവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.