മൊസാംബിക്കിലെ മാതാപിതാക്കൾ വിലപിക്കുന്നതെന്തിന്?

മൊസാംബിക്കിലെ മാതാപിതാക്കൾ വിലപിക്കുന്നതെന്തിന്?

  • ഇസ്ലാമിക ഭീകരര്‍ അവരുടെ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി  ബാലസൈനികരാക്കുന്നു.
  • ഇസ്ലാമിക ഭീകരര്‍ അവരുടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ‘ബ്രൈഡ്’ (വധു) ആക്കുന്നു.
ജീവിതത്തിലെ ഓരോ നിമിഷവും തങ്ങളുടെ മക്കളെ ഓർത്ത് കണ്ണുനീരൊഴുക്കുന്ന മൊസാംബിക്കിലെ മാതാപിതാക്കളെ അറിയാമോ? തങ്ങളുടെ കുഞ്ഞുങ്ങൾ എവിടെയാണെന്ന് അവർക്കറിയാമെങ്കിൽ പോലും നിസ്സഹായതയുടെ നടുവിൽ ഒരു തേങ്ങൽ മാത്രമായവശേഷിക്കുകയാണ് ഇവരുടെ ജീവിതം. സിംബാവെയിൽ നിന്നും ടാൻസാനിയയിൽ നിന്നും മൊസാംബിക്കിലെത്തി മഡഗാസ്കറിലേക്കു പോകുന്ന കാറ്റിനു പോലും അറിയാം ഈ കുഞ്ഞുങ്ങൾ എവിടെയാണെന്ന്..!

വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മൊസാംബിക്കിലെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് പതിവാണ്. ലോകം നടുങ്ങുന്ന ഈ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ആദ്യമൊക്കെ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നുവെങ്കിലും പിന്നീട് എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നായി മാറിയപ്പോൾ അതൊന്നും ഒരു വാർത്തയേ അല്ലാതായി മാറി. പ്രാദേശിക മാധ്യമങ്ങൾക്കുപോലും ആവശ്യമില്ലാത്ത തികച്ചും സാധാരണമായി മാറിയ ഈ തട്ടിക്കൊണ്ടുപോകലിനെതിരെ ഒരു പരാതിപോലും നൽകാൻ ആരും മുതിരുന്നില്ല. വെറുമൊരു ‘മാൻ മിസ്സിംഗ് കേസ്’ എന്നതിലുപരിയായി അന്താരാഷ്ട്ര ശ്രദ്ധ കൊടുക്കേണ്ട ഒന്നാണിതെന്ന ധാരണ ഉണ്ടെങ്കിലും ഇല്ലെന്നു നടിക്കുന്ന നിയമം. ഇതിനെല്ലാം നടുവിൽ  ഒന്നും ചെയ്യാൻ നിവർത്തിയില്ലാതെ ഒരുകൂട്ടം മാതാപിതാക്കൾ. ഒരു നിശ്വാസത്തിൽ തങ്ങളുടെ മക്കളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കാനേ ഇവർക്ക് കഴിയുകയുള്ളൂ. അവർക്കറിയാം തങ്ങളുടെ മക്കൾ എവിടെയാണെന്നും എന്തിനാണ് അവരെ കൊണ്ടുപോയിരിക്കുന്നതെന്നും ക്രൂരമായ പീഡനങ്ങളേറ്റാണ് അവരെല്ലാം ജീവിക്കുന്നതെന്നും.

കഴിഞ്ഞ നാലുവർഷമായി ജിഹാദിസ്റ്റ് തീവ്രവാദികൾ മൊസാംബിക്കിലുണ്ട്. 2020 – ൽ മാത്രം ഒരു ഡസൻ കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു. കാബോ ഡെൽഗാഡോ പ്രവിശ്യയിൽ നിന്ന് മാത്രം 51 കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ചാരിറ്റി സംഘടനയുടെ പഠന റിപ്പോർട്ട് പറയുന്നത്. മാതാപിതാക്കളുടെ കണ്മുന്നിൽ വെച്ചാണ് മക്കളെ പിടിച്ചുകൊണ്ടുകൊണ്ടുപോകുന്നതെന്ന ഏറ്റവും നിസ്സഹായമായ അവസ്ഥയും ഈ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.

“അവർ ഞങ്ങളുടെ പെണ്മക്കളെ പിടിച്ചുകൊണ്ടുപോയി. ഞങ്ങൾ മുതിര്‍ന്നവരെ ഒരു വീട്ടിൽ അടച്ചിട്ടു. എന്നിട്ട് ഓരോ വീട്ടിലും കയറിയിറങ്ങി കുട്ടികളെ തെരഞ്ഞുപിടിച്ച് അവരുടെ താവളങ്ങളിലേയ്ക്ക് കൊണ്ടുപോയി. ഞങ്ങൾ വളരെ കഷ്ടപ്പെട്ട് വീട് പൊളിച്ചു പുറത്തുകടന്നപ്പോഴേയ്ക്കും അവർ ഞങ്ങളുടെ മക്കളെ കൈക്കലാക്കി കൊണ്ടുപോയിരുന്നു.” മക്കളെ നഷ്ടപ്പെട്ട 42  വയസ്സുകാരിയായ നൂറ എന്ന അമ്മയുടെ വാക്കുകളാണിത്.

2017 മുതൽ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഏഴു ലക്ഷത്തോളം ആളുകളാണ് ഭയന്ന് മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോയത്. ‘പലായനം’ എന്ന വാക്ക് ഇവിടെ ഉപയോഗിച്ചാൽ അത് നാം അവരോട് ചെയ്യുന്ന അനീതിയായിപോകുമെന്നു ഉറപ്പാണ്. കലാപങ്ങൾക്കും ആക്രമങ്ങൾക്കും ഇടയിൽ തങ്ങളുടെ മക്കളെയും കൊണ്ട് ഭയന്ന് ഓടിപ്പോയത് തന്നെയാണെന്ന് നൂറയെന്ന ഈ അമ്മയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്ത് ധൈര്യത്തിലാണ് പ്രാണൻ നൽകി വളർത്തുന്ന മക്കളെയും കൊണ്ട് ഈ ഇടങ്ങളിൽ ജീവിക്കുക?

സെബാസ്റ്റ്യൻ എന്ന മുക്കുവനായ പിതാവിന് പറയാനുള്ളതും വ്യത്യസ്തമല്ല. നാളുകളായി തന്റെ മകളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അയാൾ ഒരോ നിമിഷവും ചെയ്യുന്നു. പ്രാർത്ഥന, അതുമാത്രമേ സെബാസ്ററ്യൻ തന്റെ നഷ്ടപ്പെട്ട മകൾക്കുവേണ്ടി ചെയ്യുന്നുള്ളൂ.

“എനിക്കൊന്നും അറിയില്ല. എന്റെ മകളെ കാത്തു സംരക്ഷിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടെങ്കിൽ അവൾ അവിടെനിന്നു ഓടിപ്പോരും. പക്ഷേ പുറത്തു വരാൻ ഒരു മാർഗ്ഗവും കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ…” മകളെക്കുറിച്ചുള്ള ഒരു വാചകം പോലും മുഴുമിപ്പിക്കാൻ സാധിക്കാതെ ജീവിക്കുന്ന സെബാസ്ത്യനെപ്പോലെ അനേകം മാതാപിതാക്കളുണ്ട് മൊസാംബിക്കിൽ. ഇവരുടെയൊക്കെ നെഞ്ചിലെരിയുന്ന കനലാഴിയെ ആർക്കാണ് അണയ്ക്കാനാകുക?

2021 – മാർച്ചിലാണ്‌ പാൽമ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ സൈനികരെ വിന്യസിച്ചത്. നിരവധിയാളുകളെ അവർ കൊന്നൊടുക്കി. 67 ,000 -ലധികം ആളുകളെ നഗരം വിട്ടു പോകാൻ നിർബന്ധിച്ചു. കഴിഞ്ഞ വര്ഷം ജൂണിൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കുകയായിരുന്ന പത്തു പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ആര്‍.ഈ. ഓ. എന്ന സംഘടനയുടെ കണക്കനുസരിച്ച് 1000 – ല്‍ അധികം പെണ്‍കുട്ടികളാണ് ഇതുവരെ  തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നത്. രണ്ട് കത്തോലിക്കാ സന്യസിനികളെയും ഇസ്ലാമിക ഭീകരര്‍  തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകപ്പെടുന്ന കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

തട്ടിക്കൊണ്ടുപോകപ്പെട്ട ആണ്കുട്ടികളെ അവർ ബാലസൈനികരാകുവാനാണ് പരിശീലിപ്പിക്കുന്നത്. അവരെ നിർബന്ധിത ആയുധ പരിശീലനത്തിന് വിധേയരാകുന്നു. പേനയും കളിക്കോപ്പുകളും പിടിക്കേണ്ട കൈകളിൽ തോക്കും ബോംബും വെച്ചുകൊടുത്തുകൊണ്ട് നാളത്തെ തീവ്രവാദ സംഘത്തിനുള്ള ആളുകളുടെ എണ്ണം കൂട്ടുന്നു. പെൺകുട്ടികളുടെ അവസ്ഥയും വളരെയധികം കഷ്ടമാണ്. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടികളെ ‘ബ്രൈഡ്’ എന്നാണ് വിളിക്കുന്നത്. ബ്രൈഡ് എന്നാൽ ‘വധു’. ക്രൂരമായ ബലാത്സംഘത്തിനും പീഡനങ്ങൾക്കും വിധേയരാക്കി അവരെ ജിഹാദികൾ വിവാഹം ചെയ്യുന്നു. കുട്ടിത്തം വിട്ടുമാറാത്ത അവരുടെ മനസ്സിനെയും ശരീരത്തെ ഒരുപോലെ നശിപ്പിച്ചിട്ട് അവർക്കു നൽകുന്ന പേര് ബ്രൈഡ് എന്നും.

ജീവിതം എന്തെന്ന് പോലും ചിന്തിക്കാൻ പ്രായമായിട്ടില്ലാത്ത ആ പെൺകുട്ടികളെ ഇസ്ലാമിക മതം സ്വീകരിപ്പിച്ച്‌ എങ്ങനെ നല്ല ഇസ്ലാമിക മാതാവാകാം എന്ന പരിശീലനമാണ് തീവ്രവാദ ക്യാമ്പുകളിൽ നൽകുന്നത്. മതപരിവർത്തനത്തിന് വിധേയരാകാൻ വിസമ്മതിക്കുന്ന ക്രൈസ്തവ പെൺകുട്ടികളെ ജിഹാദികൾ അടിമകളാക്കുന്നു. ഇത്തരം ക്യാമ്പുകളിൽ നിന്ന് രക്ഷപെട്ട് തിരികെയെത്തുന്ന വളരെ വിരളം കുട്ടികളിൽ നിന്നാണ് അവിടെ നടക്കുന്ന കരളുരുക്കുന്ന പീഡനങ്ങളുടെ കഥകൾ ലോകമറിയുന്നത്.

ലോകചരിത്രത്തിലൊക്കെ ക്രൂരമായ ക്രൈസ്തവ മത പീഡനങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ പീഡനങ്ങൾ ലോക മനഃസാക്ഷിയെപോലും നിശ്ശബ്ദരാക്കുകയാണ്. ഇത് തുടരുകയാണെങ്കിൽ ക്രിസ്തുവിനു വേണ്ടി സഹിക്കുന്ന ഒരു ജനതയുടെ കണ്ണുനീരുകൊണ്ട് ഈ ലോകം മുഴുവൻ മുങ്ങിപ്പോകുന്ന കാലം വിദൂരമല്ല. മൊസാംബിക്കിലെ സംഭവങ്ങൾ ഒരു സൂചകം മാത്രമാണ്. കൊറിയയിലും നൈജീരിയയിലും ഇറാഖിലും എല്ലാം ഇതുപോലുള്ള ഒരുപക്ഷേ ഇതിനേക്കാൾ ഭീകരമായ അവസ്ഥകളാണുള്ളത്.

ഇത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നമുക്ക് ഒരുപാട് അകലെ നടക്കുന്ന ഒരു സംഭവമായി ആശ്വസിക്കാം. പക്ഷേ നാളെ അവർ നമുക്കിടയിലേയ്ക്കും വരാം. നമ്മളെയും നമ്മുടെ കുഞ്ഞുങ്ങളെയും ബന്ധനസ്ഥരാക്കാം. അന്ന് നാം ഓർക്കും ഇതല്ലേ കുറച്ചുനാൾ മുൻപ് മൊസാംബിക്കിലും ആഫ്രിക്കൻ രാജ്യങ്ങളിലും  മിഡിൽ ഈസ്റ്റിലുമൊക്കെ നടന്നതെന്ന്. അപ്പോഴേക്കും നമുക്ക്  ശബ്‌ദിക്കാൻ നാവോ, ഉയർത്തി നിൽക്കാൻ തലയോ ഉണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.