‘ജർമ്മൻ സഭ പിളർപ്പിലേക്കോ?’ – സത്യവും മിഥ്യയും

‘ജർമ്മൻ സഭ പിളർപ്പിലേക്കോ?’ – സത്യവും മിഥ്യയും. ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

മലയാളത്തിലുള്ള ചില സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ചില മലയാളി വൈദികരിലൂടെയും അദ്ധ്യാത്മികഗുരുക്കന്മാരിലൂടെയും പ്രചരിച്ച വാർത്തയായിരുന്നു ജർമ്മൻസഭ പിളർപ്പിലേക്ക് എന്നത്. ആരെയും കുറ്റപ്പെടുത്താനല്ല, സത്യാവസ്ഥ വ്യക്തമാക്കാന്‍ വേണ്ടി കുറിക്കുന്നു. 2021 മെയ് മാസം പത്താം തീയതി ജർമ്മനിയിലെ ചില സ്ഥലങ്ങളിൽ നടന്ന സ്വവർഗ്ഗാനുരാഗികളുടെ ആശീർവ്വാദവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചത്.

1. വസ്തുത

കത്തോലിക്കാ സഭ സ്വവർഗ്ഗവിവാഹം അനുവദിക്കുന്നില്ല. 2021 ഫെബ്രുവരി 22-ൽ Responsum ad dubiyum എന്ന പേരിൽ സ്വവർഗ്ഗാനുരാഗികളായ കത്തോലിക്കരോട്, അജപാലനപരമായി എങ്ങനെ പെരുമാറണം എന്നൊരു നിർദ്ദേശം വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്‍കുകയുണ്ടായി. മാർപാപ്പയുടെ അറിവോടെ ആയിരുന്നു അത്. എന്നാൽ വിശ്വാസ തിരുസംഘത്തിന്റെ ഒരെഴുത്ത് മാർപാപ്പയുടെ കല്പനയല്ല. അതുകൊണ്ട് മാർപാപ്പയുടെ കൽപന ജർമ്മൻ സഭ ലംഘിച്ചുവെന്ന് പറഞ്ഞ് ചേരിതിരിയുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു കൽപന മാർപാപ്പ നൽകിയിട്ടില്ല.

2. വിശ്വാസ തിരുസംഘത്തിന്റെ എഴുത്തിന്റെ ഉള്ളടക്കം

Responsum ad dubiyum എന്ന എഴുത്തിലൂടെ കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘം കൂദാശകളായോ കൂദാശാനുകരണങ്ങളായോ സ്വവർഗ്ഗാനുരാഗികളുടെ കല്യാണം ആശീർവദിക്കാനാവില്ല എന്നു വ്യക്തമാക്കുന്നു. അതോടൊപ്പം സ്വവർഗ്ഗാനുരാഗികളെ സഹായിക്കണമെന്നും അംഗീകരിക്കണമെന്നും ഈ രേഖ പറയുന്നു. മാമ്മോദീസയിലൂടെ ലഭിച്ച പ്രസാദവരം നിലനിർത്താൻ പ്രാർത്ഥനയും ആരാധനാക്രമത്തിലുള്ള പങ്കാളിത്തവും ദൈവവചനവായനയും അവർക്ക് ആവശ്യമാണെന്നും അതിൽ പറയുന്നു. അവരെ കൂദാശാനുകരണങ്ങളെന്ന നിലയിൽ ആശീർവദിക്കാൻ ആവില്ലെന്ന് പറയുന്നുണ്ടെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളെ വ്യക്തിയെന്ന നിലയിൽ ആശീർവദിക്കുന്നതു സഭ അംഗീകരിക്കുന്നുവെന്നും പറയുന്നു. അതിന് കൃത്യമായൊരു ക്രമം ഇതുവരെ ഇല്ലായെന്നും കുറിച്ചിരിക്കുന്നു (വെഞ്ചരിപ്പുകൾക്കു വിവിധ ക്രമങ്ങൾ സഭ നൽകിയിട്ടുണ്ട്).

3. എന്താണ് സംഭവിച്ചത്?

ജർമ്മനി പോലുള്ള രാജ്യങ്ങളിലെ ഗവൺമെന്റുകൾ സ്വവർഗ്ഗവിവാഹം അനുവദിക്കുന്നുണ്ട്. ചില ക്രൈസ്തവ സഭകളും സ്വവർഗ്ഗവിവാഹം അനുവദിക്കുന്നു. എന്നാൽ ഇത്തരം ക്രൈസ്തവ സഭകളും ഗവൺമെന്റുകളും വിവാഹത്തെ ഒരു കൂദാശയായി അംഗീകരിക്കുന്നില്ല. വേർപിരിയാൻ അനുവാദമുള്ള ഒരു ധാരണയും ഉടമ്പടിയും മാത്രമാണ് അവർക്കു വിവാഹം. കത്തോലിക്കർക്ക് വിവാഹം ഒരു കൂദാശയാണ്. വിവാഹമോചനം കത്തോലിക്കർക്ക് അനുവദനീയമല്ല. വിവാഹമോചിതരെ സഭ സ്നേഹത്തോടെ പരിചരിക്കുന്നുണ്ടെങ്കിലും.

ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റ് സഭ സ്വവർഗ്ഗാനുരാഗികളുടെ കല്യാണത്തെ അംഗീകരിക്കുന്നതുകൊണ്ട് ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റ് മനോഭാവമുള്ള ഏതാനും കത്തോലിക്കർ അത് ശരിയാണെന്നു ചിന്തിക്കുന്നു. കൂദാശകളും കൂദാശാനുകരങ്ങളും തമ്മിലുള്ള വ്യത്യാസം അവരിൽ പലരും വിസ്മരിക്കുന്നു. കൂദാശാനുകരണങ്ങളല്ലാതെ വ്യക്തികളായി അവരെ ആശീർവദിക്കാം എന്ന് വിശ്വാസ തിരുസംഘം പറഞ്ഞത് അവരും മാധ്യമങ്ങളും പൂർണ്ണമായും അവഗണിച്ചു.

മലയാളത്തിലെ ചില ഓൺലൈൻ ചാനലുകൾ പറയുന്നതുപോലെ, സ്വർഗ്ഗവിവാഹം കൂദാശയായി ആശീർവദിക്കണമെന്നു പറയുന്ന കത്തോലിക്കാ മെത്രാന്മാർ ആരും ഇന്ന് ജർമ്മനിയിൽ ഇല്ല. സ്വർഗ്ഗവിവാഹം കുദാശയായി ആശീർവദിക്കണമെന്നു പരസ്യമായി പറയുന്ന കത്തോലിക്കരായ പുരോഹിതരെ ജർമ്മനിയിൽ കണ്ടെത്തുന്നതും പ്രയാസമാണ്. അങ്ങനെയൊരു ആശിർവാദം ഇന്നുവരെ ജർമ്മനിയിൽ നടന്നിട്ടുമില്ല. കാരണം പുരോഹിതന്റെ ആശീർവാദം മാത്രമല്ല, അതിനാവശ്യമായ മറ്റു ക്രമചട്ടങ്ങളും വിവാഹത്തിന് കത്തോലിക്കാ സഭയിൽ പാലിക്കേണ്ടതായി ഉണ്ട്. അതിലൊന്നാണ് കുടുംബമായി രജിസ്റ്റർ ചെയ്യുന്നത്. വിവാഹമെന്ന കൂദാശയുടെ കാർമ്മികൻ പുരോഹിതനല്ല എന്നും മനസിലാക്കണം. പള്ളിയിലെ ചടങ്ങിന് മുൻപ് നടക്കേണ്ട ചില കർമ്മങ്ങളുണ്ട്, വിവാഹം സാധുവാകുന്നതിന്‌. പലർക്കും ഈ വ്യത്യസവും ക്രമങ്ങളുടെ എണ്ണവും അറിയാത്തതുകൊണ്ടാകാം തെറ്റുദ്ധാരണാജനകമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.

കൂദാശാനുകരണങ്ങളായ ആശിർവാദങ്ങൾ പോലും സ്വവർഗ്ഗാനുരാഗികളായ പലരും ആവശ്യപ്പെടുന്നില്ല. പ്രാർത്ഥനയും അനുഗ്രഹവും ആശിർവാദവും ആണ് ആവശ്യപ്പെടുന്നത്. സഭ അത് നല്‍കാൻ തയ്യാറാണെന്ന് വിശ്വാസ തിരുസംഘം വ്യക്തമായി പറയുന്നുമുണ്ട്.

ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡന്റ് ബാറ്റസിങ് പറഞ്ഞത് ആശീർവദിക്കുന്ന കാര്യത്തിൽ പുരോഹിതർ മനഃസാക്ഷിയനുസരിച്ചു പ്രവർത്തിക്കണമെന്നാണ്. അതേസമയം പ്രതിഷേധസൂചകമായി അത്തരം ആശീർവ്വാദങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വ്യക്തിയെന്ന നിലയിൽ ആശീർവ്വദിക്കാം എന്ന് വിശ്വാസ തിരുസംഘം പറഞ്ഞിട്ടുള്ളതുകൊണ്ട് ബാറ്റ്‌സിംഗിന്റെ നിർദ്ദേശത്തിൽ, തത്വത്തിൽ യാതൊരു വിധ വൈരുദ്ധ്യതയും സഭാപഠനങ്ങളുടെ ലംഘനവും ഇല്ല. വിശ്വാസ തിരുസംഘത്തിന്റെ നിർദ്ദേശങ്ങൾ അജപാലനപരമായി വിവേകപൂർവ്വം അനുവർത്തിക്കണമെന്നു നിർദേശിച്ചതായി അതിനെ വ്യാഖ്യാനിക്കാം.

ആശീർവദിക്കണമെന്നു പറയുന്നതും കൗദാശികമായി ആശീര്‍വ്വവദിക്കണമെന്നു പറയുന്നതും കൂദാശാനുകരണമായി വെഞ്ചരിക്കണമെന്നു പറയുന്നതും കൈവച്ചു പ്രാർത്ഥിക്കണമെന്നും പറയുന്നതും ഹന്നാൻ വെള്ളം തളിച്ചു വെഞ്ചരിക്കണമെന്നു പറയുന്നതും തലക്കു പിടിക്കണമെന്നു പറയുന്നതും പുരോഹിതന്റെ പ്രാർത്ഥനയും അനുഗ്രഹവും ആശീർവ്വാദവും ചോദിച്ചുവരുന്നവർക്ക് അത് കൊടുക്കണമെന്ന് പറയുന്നതും ഒന്നല്ല; വ്യത്യസ്തങ്ങളായ ശുശ്രുഷകളാണ്.

കത്തോലിക്കാ സഭയിലെ വ്യത്യസ്തങ്ങളായ ശുശ്രൂഷയുടെ മാനങ്ങളറിയാതെ തെറ്റിദ്ധാരണകൾ പരത്തുന്നത് ശരിയല്ല. ഇത്തരം തെറ്റിദ്ധാരണകളുടെയും തെറ്റായ വ്യാഖ്യാനങ്ങളുടെയും പേരിൽ ജർമ്മനിയിൽ പ്രതിഷേധം ഉണ്ടെന്നത് ശരിതന്നെ. ഒപ്പു ശേഖരണവും പതിഷേധപ്രകടനവും നടന്നുവെന്നതും ശരിതന്നെ. എന്നാൽ അതിന്റെ പേരിൽ അമിതമായ ഉത്ഖണ്ഠയ്ക്ക് കാര്യമില്ല. വിശ്വാസ തിരുസംഘം പറയുന്നതുപോലെ പാപത്തെയല്ല ആശീർവ്വദിക്കുന്നത്, പാപികളെയാണ്. മാർപാപ്പ പോലും എന്നും കുർബാനയ്ക്കിടയിൽ താൻ പാപിയാണെന്ന് ഏറ്റുപറയുന്നുണ്ട്. അതാണ് ക്രൈസ്തവ പാരമ്പര്യം. എല്ലാവർക്കും ദൈവത്തിന്റെ കൃപയും കാരുണ്യവും ആവശ്യമാണ്. ആരും പൂർണ്ണരല്ല. ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല അക്രൈസ്തവർക്കുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കും. എന്നാൽ ചില കർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചില നിബന്ധനകളും ഉണ്ട് എന്ന് മാത്രം.

4. ഉത്തരം കൊടുക്കേണ്ട അവരുടെ ചോദ്യങ്ങൾ!

വീട്, കട, ഫാക്റ്ററി പോലുള്ള കെട്ടിടങ്ങൾ, കൊന്ത, കുരിശു പോലുള്ള വസ്തുക്കൾ, കാർ, പണിയായുധങ്ങൾ തുടങ്ങിയവ കത്തോലിക്കാ പുരോഹിതർ വെഞ്ചരിക്കുന്നുണ്ട്. കുട്ടികളെയും രോഗികളെയും പ്രായമായവരെയും ആശീര്‍വ്വാദം ചോദിക്കുന്നവരെയും എപ്പോൾ വേണമെങ്കിലും ആശീർവ്വദിക്കുന്നു. അടുക്കള മുതൽ കിടപ്പുമുറി വരെയും കുഴിമാടങ്ങൾ മുതൽ കക്കൂസ് വരെയും പുരോഹിതർ വെഞ്ചരിക്കുന്നു. പട്ടിയെയും പന്നിയെയും, കെട്ടിടവും കാറും ബസും തോക്കും യുദ്ധവിമാനങ്ങളും ആശീർവദിക്കാമെങ്കിൽ എന്തുകൊണ്ട് ഒരു മനുഷ്യനെ ആശീർവ്വദിക്കുന്നതും വെഞ്ചരിക്കുന്നതും വിലക്കുന്നു എന്നവർ ചോദിക്കുന്നു.

കർഷകർ താമസിക്കുന്ന ചില സ്ഥലങ്ങളിൽ കുർബാനയ്ക്കു മുൻപ് കന്നുകാലികളെ പ്രദിക്ഷണമായി കൊണ്ടുപോകുന്ന പതിവും പശുക്കൂട്ടങ്ങളെ വെഞ്ചരിക്കുന്ന പതിവും പശുക്കൂട്ടങ്ങളുടെ മുൻപിൽ കുർബാന ചൊല്ലുന്ന പതിവു പോലും ജർമ്മനിയിൽ ഉണ്ട്. നല്ല കറവയും മെഴുത്തുകൊഴുത്തു ഇഷ്ടം പോലെ ഇറച്ചിയും കിട്ടണേ എന്നാണ് പ്രാർത്ഥന. എങ്കിൽപിന്നെ രണ്ടു മനുഷ്യരെ വെഞ്ചരിക്കുന്നതിലും ആശീർവ്വദിക്കുന്നതിലും എന്താണ് തെറ്റ് എന്നു ഭൂരിപക്ഷം പ്രതിഷേധക്കാരും ചോദിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗികളോട് മുൻവിധി അരുതെന്നും സമൂഹത്തിൽ അവർ വിവേചിക്കപ്പെട്ടവരാണെന്നും മാർപാപ്പ തന്നെ പറയുന്നുണ്ട്. പഠനം അനുസരിച്ച് അവരിൽ മൂന്നിലൊന്നു പേർ ജോലിസ്ഥലങ്ങളിൽ അവഗണനയും വിവേചനവും അനുഭവിക്കുന്നവരാണ്. സഭ അവർക്കു അനുഗ്രഹവും പ്രാർത്ഥനയും ആശീർവ്വാദവും വ്യക്തിയെന്ന നിലയിൽ നിഷേധിക്കുന്നില്ല.

മലയാളത്തിൽ ഇതൊരു വിഷയമാക്കിയവർ സത്യാവസ്ഥ മറന്നു. കേരളത്തിൽ ഇതൊരു വിഷയമാകുക വഴി ക്രൈസ്തവ വിരോധികളായ പലർക്കും അടിക്കാൻ നമ്മൾ നല്ലൊരു വടി കൊടുത്തു. പ്രശ്നങ്ങളെ പെരുപ്പിക്കുക വഴി ഇല്ലാത്ത പ്രശ്നനങ്ങളുണ്ടാക്കി. ഇന്ന് കേരളത്തിലെ സഭയുടെ പ്രശ്നങ്ങൾ ഇതിലും കുറവൊന്നുമല്ല എന്ന് മറക്കരുത്. എന്തെല്ലാം അപവാദങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. സ്വന്തം അടുക്കള കത്തുമ്പോഴും അയൽവക്കത്തെ അടുപ്പിലെ തീ ചൂണ്ടിക്കാട്ടി അവിടെ തീ പിടിക്കാൻ പോണു എന്ന് പറയുന്നതിലും ഒരു സുഖമുണ്ടല്ലോ. ജർമ്മൻ സഭയിൽ പ്രശ്നനങ്ങളും കൊള്ളരുതായ്മകളും ഇല്ലെന്നല്ല ഇതിനർത്ഥം.

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.