അമേരിക്ക വർഗീയ ചിന്താഗതി പുലർത്തുന്ന രാഷ്ട്രമാണോ?

സച്ചിന്‍ എട്ടിയില്‍

അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്നൊരു കറുത്തവർഗക്കാരനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയത് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ അമേരിക്കൻ പോലീസ് പ്രസ്തുത ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും, വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ സർക്കാരിനെതിരെ ഇതിനിടയിൽ വിവിധ കോണുകളിൽനിന്നും പ്രതിഷേധപ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കറുത്തവർഗ്ഗക്കാർക്ക് നീതി നടത്തി കൊടുക്കണമെന്ന് പറഞ്ഞ് ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങൾ ഒരു കലാപമായി മാറി. ഇതിനിടയിൽ ഏതാനും ചില കറുത്തവർഗക്കാർ കൊല്ലപ്പെട്ടുകയും ചെയ്തു.

അമേരിക്കയെ വർഗീയ രാജ്യം എന്ന് മുദ്രകുത്തിയാണ് തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ കലാപം അഴിച്ചു വിട്ടത്. സൊമാലിയ, പാക്കിസ്ഥാൻ പോലുള്ള ദരിദ്ര രാജ്യങ്ങളിൽ നിന്ന് കുടിയേറി അമേരിക്കയിലെത്തി ഉന്നത രാഷ്ട്രീയ പദവികളിൽ ചേക്കേറി അമേരിക്കയെ വെറുക്കുന്ന രാഷ്ട്രീയക്കാരും പരസ്യമായി കലാപങ്ങൾക്ക് പിന്തുണ നൽകി. ക്രൈസ്തവ, യഹൂദ മൂല്യങ്ങളിൽ പടുത്തുയർത്തപ്പെട്ട അമേരിക്ക ഇവർക്ക് സാത്താൻ കുരിശു കണ്ടതു പോലെയാണ്.

ആയിരക്കണക്കിന് കറുത്തവർഗ്ഗക്കാരായ ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയ്ക്ക് വിധേയമാക്കാൻ പിന്തുണ നൽകുന്ന ചില രാഷ്ട്രീയനേതാക്കളും അമേരിക്കയിലെ പ്രസിഡൻഷ്യൽ ഇലക്ഷന് മുമ്പ് വീണു കിട്ടിയ അവസരം മുതലാക്കി, “വർഗീയവാദം അവസാനിപ്പിക്കണം, മനുഷ്യ ജീവന് വിലയുണ്ട്” എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസം, ഒരമ്മയുടെ പ്രസവ നിമിഷംവരെ ഭ്രൂണഹത്യ നടത്താൻ അനുവാദം നൽകുന്ന നിയമം പാസാക്കിയ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം. ക്യൂമോയും ഈ ഗണത്തിൽ ഉൾപ്പെടും.

കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാവരും വീടുകളിൽ തന്നെ കഴിയണം എന്ന് കഴിഞ്ഞ ആഴ്ച വരെ പറഞ്ഞ സി എൻഎൻ, എൻബിസി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ആയിരക്കണക്കിന് ആളുകൾ കൂടുന്ന പ്രതിഷേധ പ്രകടനങ്ങളെ വേണ്ട വിധം പ്രോത്സാഹിപ്പിച്ചു. ഇവർ പ്രചരിപ്പിച്ച വസ്തുതാപരമായി തെറ്റായ പല വിവരങ്ങളും കേരളത്തിലെ മാധ്യമങ്ങളടക്കം അതേപടി ജനങ്ങളിൽ എത്തിച്ചു. ഇതിനിടയിൽ 20ലക്ഷം ഉയിഗിർ മുസ്ലീങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ചൈന അമേരിക്കയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് പറഞ്ഞ് രംഗത്തുവന്നതും രസകരമായ കാഴ്ചയായി മാറി. പൗരന്മാരെ വേണ്ടുവോളം ‘ബഹുമാനിക്കുന്ന’ രാജ്യമായ ഇറാനും അമേരിക്കക്കെതിരെ ശബ്ദമുയർത്തി.

ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്ക ഭരിക്കുന്ന പ്രസിഡന്റിന്റെ വസതിക്ക് സമീപം വരെ പ്രതിഷേധക്കാർക്ക് കടന്നുചെല്ലാൻ അവസരം ഉണ്ടായെങ്കിൽ അത് അമേരിക്കൻ സർക്കാർ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചൈനയിലാണെങ്കിലും, അറബ് രാജ്യങ്ങളിലാണെങ്കിലും പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങുന്നതിനു മുമ്പേ അവിടം ഭരിക്കുന്ന നേതൃത്വം അതിനെ എന്തുവിലകൊടുത്തും തല്ലിക്കെടുത്തും. ഇനി ഏറ്റവും പ്രധാനപ്പെട്ട ആരോപണത്തിലേക്ക് കടക്കാം.

അമേരിക്ക വർഗീയ ചിന്താഗതി പുലർത്തുന്ന രാഷ്ട്രമാണോ?

ലോകത്ത് എല്ലായിടത്തും നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ നിലനിന്ന ഒരു സമ്പ്രദായമായിരുന്നു അടിമത്തം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ ഗ്രീക്ക്-റോമൻ സംസ്കാരങ്ങളിൽ പോലും അടിമത്തം നിലനിന്നിരുന്നു. എന്തിനേറെ പറയുന്നു ഇപ്പോഴും ലോകത്തിന്റെ ചിലഭാഗങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിൽ അടിമത്തമുണ്ട്. 1776 ലാണ് അമേരിക്ക ഒരു സ്വതന്ത്രരാജ്യമാകുന്നത്. അമേരിക്കയുടെ ഭരണഘടന ശിൽപികളായ തോമസ് ജഫേഴ്സൺ, ജോൺ ആഡംസ് തുടങ്ങിയ പലരും അടിമത്തത്തെ എതിർത്തിരുന്നു.

എല്ലാ മനുഷ്യരെയും ദൈവം സമൻമാരായി സൃഷ്ടിച്ചിരിക്കുന്നുവെന്ന് അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയിൽ തോമസ് ജെഫേഴ്സൺ എഴുതി. എല്ലാ അടിമകളുടെയും മോചനത്തിനുവേണ്ടി താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് തനിക്കുണ്ടായിരുന്ന അടിമകളെ സ്വതന്ത്രരാക്കി വിട്ടയാളാണ് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്ന ജോർജ് വാഷിംഗ്ടൺ. അടിമത്തം നിരോധിക്കാൻ എബ്രഹാം ലിങ്കൺ നടത്തിയ ശ്രമങ്ങളും നമുക്ക് സുപരിചിതമാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ തന്നെ അടിമത്തം പൂർണമായി നിരോധിക്കാനും അമേരിക്കയ്ക്ക് സാധിച്ചു. 1858ലാണ് അമേരിക്കയിൽ പൂർണമായ അടിമത്ത നിരോധനം നിലവിൽ വന്നത്. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ അടിമത്തം നിരോധിക്കുന്നത്.

സത്യം ഇങ്ങനെയെല്ലാം ആയിരിക്കെ അമേരിക്ക എന്ന രാജ്യത്തിന് വർഗീയ ലേബൽ നൽകി കലാപം ഇളക്കിവിടുന്നത് ചില സ്ഥാപിത താൽപര്യക്കാർക്ക് മറ്റ് ചില ഉദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണെന്ന് പകൽ പോലെ വ്യക്തമാണ്.

സച്ചിൻ എട്ടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.