‘സംപ്രീതി’യിലെ വിൺതൊട്ട മാലാഖമാരുടെ ഓർമ്മയ്ക്കായി ഉയർന്ന ‘ലോഹമരം’

സുനീഷ വി.എഫ്.

നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ‘സംപ്രീതി’ എന്നൊരു ഭവനമുണ്ട്. അവിടെ ചെന്നാൽ നമുക്ക് കുറച്ച് മാലാഖമാരെ കാണാം. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് പൊട്ടിവീണ കുറച്ചു മാലാഖമാർ. എന്തിനെന്നോ? ജീവിതത്തെക്കുറിച്ച് നമ്മെ ചിലതൊക്കെ ഓർമ്മിപ്പിക്കാൻ. എപ്പോഴും സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമാണ് അവർ ഇരിക്കേണ്ടതെങ്കിലും ഭൂമിയിലെ മനുഷ്യരെ കാണാനായി ദൈവം അവരെ ഇടയ്ക്കൊക്കെ അയക്കും. അതുകൊണ്ടു തന്നെ അവർക്ക് അൽപം വ്യത്യസ്തതയുമുണ്ടാകും. അല്ലെങ്കിലും അവർ മനുഷ്യരല്ലല്ലോ, മാലാഖമാരല്ലേ!

ബുദ്ധിവികാസം ഇല്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടവരോ, സ്വഭവനത്തിൽ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ കാരണത്താൽ സംപ്രീതിയിൽ എത്തപ്പെട്ടവരാണ് ഈ മാലാഖമാർ. അവർക്ക് പേരുകൾ ഉണ്ടെങ്കിലും സംപ്രീതിയിൽ എത്തിക്കഴിഞ്ഞാൽ അവരെല്ലാം മാലാഖമാരാണ്.

തെറ്റുകൾ എന്തെന്ന് അറിയാത്തർ. ലോകത്തിലെ എല്ലാവരെയും ഒരുപോലെ, ആഴത്തിൽ സ്നേഹിക്കുന്നവർ. സ്വാർത്ഥത എന്തെന്ന് അറിയാത്തവർ. നമുക്കവർ ബുദ്ധിവികാസം ഇല്ലാത്തരായിരിക്കാം. പക്ഷേ, ഭൂമി വിട്ട് സ്വർഗ്ഗത്തിൽ തിരികെയെത്തുന്ന അവരെ ദൈവത്തിന് തന്റെ മാലാഖമാരുടെ കൂടെത്തന്നെ തിരികെ ചേർക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ ഈ ഭൂമിയിലും ഏറ്റവും നിഷ്കളങ്കരായിരിക്കേണ്ടതുണ്ട് എന്നുള്ളതിനാലാണ് അവിടുന്ന് അവരെയൊക്കെ ഇങ്ങനെ അയച്ചിരിക്കുന്നത്.

ദൈവത്തിന്റെ പ്രത്യേക കൈയ്യൊപ്പ് പതിഞ്ഞ ജീവിതങ്ങൾ. ദിവ്യകാരുണ്യ മിഷനറി സഭയുടെ അനേകം മിഷൻ പ്രവർത്തനങ്ങളിൽ ഒന്നാണ് ‘സംപ്രീതി’ എന്ന ഈ ഭവനം.

സംപ്രീതിയിലെ വിൺതൊട്ട മാലാഖമാർ

സംപ്രീതിയിൽ വർഷങ്ങളോളം താമസിച്ചവരും ഏതാനും ദിവസങ്ങൾ താമസിച്ചവരുമായ മാലാഖമാർ ദൈവസന്നിധിയിലേക്ക് പലപ്പോഴായി തിരികെ പോയിട്ടുണ്ട്. സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോയവർ എക്കാലവും ഓർമ്മിക്കപ്പെടേണ്ടതിന് സംപ്രീതിയിൽ മനോഹരമായ ഒരു ലോഹ മരം നിർമ്മിച്ചിട്ടുണ്ട്. സഹാറ മരുഭൂമിയിലെ നൈജറിൽ സ്ഥിതിചെയ്യുന്ന ‘റ്റെനേറയിലെ മരം’ പോലെ നമുക്കായി ചില ഓർമ്മപ്പെടുത്തലുകൾ നൽകുന്ന അതിമനോഹരമായ, ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു മരം.

റ്റെനേറയിലെ മരത്തിന് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു മരമായിരുന്നു അത്. 400 കിലോമീറ്റർ ചുറ്റളവിൽ മരുഭൂമിയിൽ സ്ഥിതിചെയ്തിരുന്ന ഏക മരം. ദീർഘമായ മരുഭൂമി യാത്രയിൽ സഞ്ചാരികളുടെ ഏക അടയാളമായിരുന്നു ഇത്. വെയിലിനെയും ചൂടിനേയും ഉണക്കിനേയും മണൽക്കാറ്റിനെയും അതിജീവിച്ച് നൂറ്റാണ്ടുകളോളം അത് അങ്ങനെ നിലകൊണ്ടു. എന്നാൽ 1973 -ൽ ഒരു ലിബിയൻ ട്രക്ക് ഡ്രൈവർ ഈ മരത്തിനുമേൽ ട്രക്ക് ഓടിച്ചുകയറ്റി അതിനെ നശിപ്പിച്ചു. എങ്കിലും അതേ സ്ഥാനത്ത് ഒരു ലോഹമരം നിർമ്മിച്ചിട്ടുണ്ട്; അതിന്റെ ഓർമ്മ നിലനിർത്താനായി. അതുപോലെ ഈ വിൺതൊട്ട മാലാഖമാരുടെ മരത്തിനും ഒരു കഥ പറയാനുണ്ട്.

സംപ്രീതിയിലെ മാലാഖമാരുടെ ജീവിതം എക്കാലവും ഓർമ്മിക്കപ്പെടേണ്ടതാണെന്ന ചിന്തയിൽ നിന്ന് ഇവിടെയും ഇരുമ്പ് കൊണ്ട് ഒരു മരം നിർമ്മിച്ചിട്ടുണ്ട്. അതിമനോഹരമായ ഇലകളും തായ്തടിയും ഒക്കെയുള്ള ഒരു മരം. അതിൽ നാല് മാലാഖമാരുണ്ട്. നാല് ആൺകുട്ടികൾ. ബേബിച്ചനെന്നും അനുക്കുട്ടനെന്നും റോബിനെന്നും ജോക്കുട്ടനെന്നും സംപ്രീതിയിലുള്ളവർ വിളിപ്പേരിട്ട ദൈവത്തിന്റെ സ്വന്തമായ നാല് മാലാഖമാർ. മറ്റുള്ള മാലാഖമാർക്ക് അവർ എന്നും ജീവിക്കുന്ന ഓർമ്മകളാണ്. മരണം എന്ന യാഥാർത്ഥ്യത്തെ നിത്യജീവനിലേക്കുള്ള പാതയാണെന്ന് ഇവർക്ക് മനസിലാകുന്നത് ഈ മരത്തിലൂടെയാകണമെന്ന് സംപ്രീതിയിലെ ഈ മാലാഖമാരുടെ പ്രിയപ്പെട്ട ടിജോ മുണ്ടുനടയ്ക്കൽ അച്ചന് നിർബന്ധമുണ്ട്. അവരുടെ നിഷ്ക്കളങ്ക ഹൃദയം അല്പം പോലും വേദനിക്കരുതെന്ന ആഗ്രഹമാണ് അതിനു പിന്നിൽ.

തങ്ങളിൽ നിന്ന് വേർപിരിഞ്ഞവരുടെ ഓർമ്മദിനത്തിൽ ഈ മരത്തിനു മുൻപിൽ വന്ന് എല്ലാവരും കൂടി പ്രാർത്ഥിക്കാറുണ്ട്. ആ സമയത്ത് ഇവിടെയുള്ള എല്ലാ മാലാഖമാരുടെയും കണ്ണുകൾ തിളങ്ങാറുണ്ട്. മനസ്സിന്റെ തിളക്കം ആദ്യം പ്രകാശിക്കുന്നത് കണ്ണുകളിലാണല്ലോ. അതുകൊണ്ടു തന്നെ സ്വർഗ്ഗത്തിലിരിക്കുന്ന തങ്ങളുടെ സ്വന്തം മാലാഖമാരുടെ ഈ ചിത്രം കാണുന്നതും അവർക്കായി പ്രാർത്ഥിക്കുന്നതും ഇവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്.

‘സംപ്രീതി’യിലെ ഈ മരം നമുക്ക് വലിയൊരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ കാണാൻ നമ്മെ സഹായിക്കുന്ന ഒരു ഓർമ്മപ്പെടുത്തൽ. ജീവജാലങ്ങളില്ലാത്ത അറ്റക്കാമ മരുഭൂമിയിൽ വർണ്ണവസന്തം തീർത്തുനിൽക്കുന്ന പൂക്കളെപ്പോലെയാകണം ചിലപ്പോഴൊക്കെ നമ്മുടെ ജീവിതം. 63 ഡിഗ്രി താപനിലയിൽ സദാസമയവും ചൂടുകാറ്റു വീശുന്ന അറ്റക്കാമയിൽ വസന്തം വിരിയുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്കും മറ്റുള്ളവർക്ക് പ്രതീക്ഷയുടെ വർണ്ണവസന്തമായിക്കൂടാ.

യാതൊരു സാധ്യതയുമില്ലാത്ത ഒരിടത്ത് അനേകർക്ക് വലിയ സാധ്യതയായി മാറ്റപ്പെടുമ്പോഴാണ് നമ്മുടെ ജീവിതം കൊണ്ട് അർത്ഥമുണ്ടാകുന്നത്. സംപ്രീതിയിലെ വിൺതൊട്ട മാലാഖമാരുടെ ഈ മരവും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ദുഃഖത്തിന്റെ മുള്ളുകളെ എങ്ങനെ പ്രതീക്ഷയുടെ തളിരിലകളാക്കി മാറ്റാമെന്ന സാധ്യതയുടെ ഒരു വന്മരമാണ് ‘വിൺ തൊട്ട മാലാഖമാരുടെ’ ഈ മരം.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.