മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 46

മൺമറഞ്ഞ മഹാരഥൻമാർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു.

പൗരോഹിത്യജീവിതത്തെ സദാ പ്രസാദാത്മകമാക്കിയ ലൂയിസച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പുത്തൻപീടിക കൊച്ചുമുറിയിൽ വീട്ടിൽ ഫിലിപ്പോസ് എബ്രഹാമിന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകനായി 1939 ഏപ്രിൽ 7 -ന് ലൂയിസ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു.

പുത്തൻപീടിക സ്കൂളിലും പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958 മെയ് മാസത്തിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. 1961 മുതൽ 1967 വരെ അലഹബാദ് സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലുമുള്ള വൈദികപഠനത്തിനു ശേഷം മാതൃ ഇടവകയായ പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്ന് സതീർത്ഥ്യരും ഇടവകാംഗങ്ങളുമായ ജോർജ് ജേക്കബ്, ജോർജ്‌ ജോൺ (ജോസി അച്ചൻ) എന്നിവർക്കൊപ്പം 1967 ഡിസംബർ 27 -ന് വൈദികപട്ടം സ്വീകരിച്ചു. ഡിസംബർ 28 -ന് മൂന്നുപേരും ചേർന്ന് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അലഹബാദ് സെമിനാരിയിലെ വൈദികപരിശീലനം അച്ചന്റെ ജീവിതത്തെ സമഗ്രമായി രൂപപ്പെടുത്തി. വിവിധ സംഗീതോപകരണങ്ങൾ വായിക്കാനുള്ള പരിശീലനമെല്ലാം ഈ കാലത്ത് ലഭിച്ചതാണ്.

ലൂയിസച്ചന്റെ ബാല്യത്തിൽ പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ തിരുനാളിനോട് അനുബന്ധിച്ചെത്തിയ മാർ ഈവാനിയോസ് പിതാവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ അദ്ദേഹത്തിന് ഇടവന്നിരുന്നു. താനുമായി ഇടപഴകുന്നവരെ തന്നിലേക്ക് ആകർഷിക്കുന്ന കാന്തികശക്തിയുള്ള പിതാവിന്റെ ജീവിതം ലൂയിസിന്റെ ജീവിതത്തെയും സ്വാധീനിച്ചു. പിന്നീട് സുഹൃത്തായിരുന്ന ജോഷ്വയുമായി (ജോഷ്വ പീടികയിൽ കോർ എപ്പിസ്കോപ്പ) ചേർന്ന് കൂടിയാലോചിച്ച് ഇടവക വികാരിയിൽ നിന്നു കത്ത് വാങ്ങി തിരുവനന്തപുരത്ത് ചെന്ന് മാർ ഈവാനിയോസ് പിതാവിനെ നേരിൽ കണ്ട് വൈദികനാകാനുള്ള ആഗ്രഹം അറിയിച്ചതിന്റെ ഫലമായിട്ടാണ് ലൂയിസ് അച്ചൻ സെമിനാരിയിൽ ചേർന്നത്.

പുലിയൂർ, ഇലഞ്ഞിമേൽ, പാണ്ടനാട്, വെൺമണി, വാളകം, പൊടിയാട്ടുവിള, ചെപ്ര, അമ്പലക്കര, പനവേലി, ഓടനാവട്ടം, വിലങ്ങറ, കല്ലുവാതുക്കൽ, ചാത്തന്നൂർ, അടുത്തല, എടനാട്, അഞ്ചൽ, പുത്തൂർ, തേവലപ്പുറം, കുറ്റിക്കൽ, പൂവത്തൂർ, ചാരുമ്മൂട്, നൂറനാട്, പനയം, തുവയൂർ ഈസ്റ്റ്‌, തുവയൂർ വെസ്റ്റ്, ഓമല്ലൂർ, ഊന്നുകൽ എന്നീ ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഓടനാവട്ടം ഇടവക വികാരിയായിരിക്കുമ്പോൾ 1980 ഡിസംബർ 26 -ന് തന്റെ പൗരോഹിത്യസ്വീകരണവും പുത്തൻ കുർബാനയും നടത്താൻ ഇടവക ജനങ്ങളെ മുഴുവൻ ഒന്നിപ്പിച്ചുചേർത്ത ലൂയിസച്ചനെ, തന്റെ പൗരോഹിത്യശുശ്രൂഷയെയും മിഷൻ പ്രവർത്തനത്തെയും വളരെയധികം സ്വാധീനിച്ച, എപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാൾ എന്നാണ് ജോൺ അരീക്കൽ അച്ചൻ വിശേഷിപ്പിക്കുക.

തുവയൂർ എൽ.പി. സ്കൂളിന്റെ ലോക്കൽ മാനേജരായും തുവയൂർ സെന്റ് വിൻസെന്റ് കോൺവെന്റ് ചാപ്ലയിനായും പിന്നീട് ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിന്റെ ലോക്കൽ മാനേജരായും അച്ചൻ സേവനമനുഷ്ഠിച്ചു. വാളകത്തായിരിക്കുമ്പോൾ ഇപ്പോൾ കാണുന്ന മഠവും ചാപ്പലുമെല്ലാം അച്ചന് പണികഴിപ്പിക്കാൻ സാധിച്ചു. ചാത്തന്നൂർ സ്കൂളിൽ പുതിയ കെട്ടിടവും പിന്നീട് ഓടനാവട്ടം സ്കൂളും ലൂയിസ് അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചവയാണ്.

പുത്തൂരിൽ വികാരിയായിരുന്ന കാലത്ത് മാറനാട് എന്ന സഥലത്ത് 35 കുടുംബങ്ങളെ ചേർത്ത് മരത്തൂണും ഓലയും ഉപയോഗിച്ച് ഒരു ചാപ്പൽ അച്ചൻ നിർമ്മിച്ചു. അത് ഇന്ന് വളരെ നല്ല ഒരു ഇടവക കൂട്ടായ്മയായി വളർന്നു. ചെറിയൊരു ഷെഡ് കെട്ടി ചെപ്ര മിഷൻ ആരംഭിച്ചതും അച്ചനാണ്. അന്ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ് ആശീർവദിച്ച ആ ചെറിയ ഷെഡ് ഇന്ന് കാലാന്തരത്തിൽ വലിയ പള്ളിയായി രൂപപ്പെട്ടിരിക്കുന്നു.

ഉത്സാഹിയായ മിഷനറിയായിരുന്ന അച്ചൻ, മൊബൈൽ മിഷനുകൾ ആരംഭിക്കാനും ഉപദേശിമാരെ ക്രമീകരിച്ച് ഭവനസന്ദർശനവും പ്രാർത്ഥനകളും നടത്തി ആളുകളെ കൂട്ടായ്മയിലേക്ക് ചേർത്തുനിർത്തിയിരുന്നു. വിശുദ്ധ കുർബാനയും ശുശ്രൂഷയും ഏറെ ഭക്തിയോടെ നടത്തുന്നതിന് ഉത്സാഹിച്ചിരുന്ന അച്ചൻ, വിവിധ സംഗീതോപകരണങ്ങൾ വായിക്കുന്നതിനും ഗായകസംഘം രൂപീകരിച്ച് ആളുകളെ പരിശീലിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു.

ധാരാളം സഹോദരങ്ങളെ മലങ്കര കത്തോലിക്ക വിശ്വാസത്തിലേക്ക്‌ കൊണ്ടുവരുവാൻ അച്ചന് സാധിച്ചു. ഇടവക കാര്യങ്ങളെല്ലാം വളരെ നിഷ്ഠയോടെ ചെയ്തിരുന്ന, ആർക്കും സമീപസ്ഥനായിരുന്ന അച്ചൻ ചെറുപ്പക്കാരായ വൈദികരെ കരുതിയിരുന്ന, അവരെ വളർത്തിയിരുന്ന വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് അന്ന് കൊച്ചച്ചനായിരുന്ന വന്ദ്യ മനക്കരക്കാവിൽ കോർ-എപ്പിസ്കോപ്പ സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തെ എപ്പോഴും സന്തോഷത്തോടെ സമീപിച്ചിരുന്ന അച്ചൻ ചിരിക്കുകയും ഒപ്പമുള്ളവരെ ചിരിപ്പിക്കുകയും വളരെ നിഷ്കളങ്കതയോടെ നിർമ്മമതയോടെ ആളുകളെ തേടിച്ചെന്ന ഇടയനായിരുന്നുവെന്ന് പുത്തൂർ ഇടവകാംഗമായ വിൽസൺ തട്ടാരുതുണ്ടിൽ അച്ചൻ ഓർമ്മിക്കുന്നു.

രോഗങ്ങളും വാഹനാപകടങ്ങളും അതുമൂലമുണ്ടായ ശാരീരികക്ലേശങ്ങളുമൊന്നും അച്ചനെ ഒരിക്കലും ശുശ്രൂഷാവേദിയിൽ അലട്ടിയിരുന്നില്ല. “സന്തോഷവും നന്മയും നിറഞ്ഞവന്‍ ഭക്ഷണം ആസ്വദിക്കുന്നു”(പ്രഭാ. 30:25) എന്ന ബൈബിൾ വചനം അച്ചന്റെ ജീവിതത്തിൽ അർത്ഥവത്തായിരുന്നു. ഗുരുതരമായ പ്രമേഹ രോഗബാധിതനായിരുന്നുവെങ്കിലും ഭക്ഷണം എപ്പോഴും ആസ്വദിച്ച് കഴിക്കുവാനും തന്റെ അടുത്ത് വരുന്നവരെയെല്ലാം സത്കരിക്കുവാനും അച്ചൻ ശ്രദ്ധിച്ചിരുന്നു.

ഓമല്ലൂർ, ഊന്നുകൽ ഇടവകകളിൽ ശുശ്രൂഷ ചെയ്ത കാലത്ത് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇടവക ശുശ്രൂഷകൾക്ക് വിരാമം കുറിച്ച് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. “നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു” (സങ്കീ. 33:21).

എപ്പോഴും കർത്താവിൽ സന്തോഷിച്ച് അനേകരെ കർത്താവിന്റെ സന്തോഷത്തിലേക്കാനയിച്ച ലൂയിസ് ഫിലിപ്പോസ് അച്ചൻ തന്റെ അമ്പത്തിയെട്ടാം വയസ്സിൽ നിത്യമായ സന്തോഷത്തിലേക്ക് 1997 സെപ്റ്റംബർ 13 -ന് യാത്രയായി. അച്ചന്റെ സംസ്കാര ശുശ്രൂഷക്ക് നേതൃത്വം വഹിച്ചത് സിറിൽ മാർ ബസേലിയോസ്‌ തിരുമേനി ആയിരുന്നു. മാതൃദേവാലമായ പുത്തൻപീടിക പള്ളിയിൽ അച്ചനെ കബറടക്കി.

ലൂയിസ് അച്ചന് എബ്രഹാം ഫിലിപ്പോസ്, ജോസ് ഫിലിപ്പോസ് എന്നീ രണ്ട് സഹോദരന്മാരും ദീനാമ്മ മാത്യു, മേരി ഗ്രേസ്, സിസിലി തരകൻ എന്നീ മൂന്ന് സഹോദരിമാരും ഉണ്ട്.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ജോസ് ഫിലിപ്പോസ് പുത്തൻപീടിക (അച്ചന്റെ സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.