മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 45

മൺമറഞ്ഞ മഹാരഥൻമാർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

ശുശ്രൂഷാ പൗരോഹിത്യത്തിന്റെ മഹത്വം ജീവിതത്തിലുടനീളം കാത്തു പരിപാലിച്ച വൈദികൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പരിചിൽ മുടഞ്ഞൊരു നൽമുടി സ്വീകരിക്കാനായി കർതൃസന്നിധിയിലേക്ക് യാത്രയായി, കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും തന്റെ ശുശ്രൂഷ സ്വീകരിച്ച ജനത്തിന്റെയും സൗഹൃദവും കരുതലും പങ്കുവച്ച പ്രിയപ്പെട്ടവരുടെയും മനസ്സുകളിൽ ജ്വലിക്കുന്ന ഓർമ്മയാണ് തോമസ് നെരിയാട്ടിലച്ചൻ.

നെരിയാട്ടിൽ അച്ചനോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ബഹുമാനപ്പെട്ട ഗീവർഗീസ് നെടിയത്തച്ചൻ കൃത്യമായ വാക്കുകളിൽ വരച്ചിടുന്ന തോമസച്ചന്റെ ചിത്രം ഇങ്ങനെയാണ്: “നിലപാടുകളിലെ കാർക്കശ്യം, സഭാനിയമങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള സമ്പൂർണ്ണ വിധേയത്വം, ഗ്രിഗോറിയോസ് പിതാവിന്റെ വിശ്വസ്തൻ, മലയോര പ്രദേശമെന്നോ മിഷൻ പ്രദേശമെന്നോ ചെറുതെന്നോ വലുതെന്നോ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ഏൽപിക്കപ്പെട്ട കൂട്ടായ്മകളെയൊക്കെ സസന്തോഷം സ്വീകരിച്ച യഥാർത്ഥ ശുശ്രൂഷി, മുഖം നോക്കാതെ സത്യം തുറന്നുപറയുന്ന പ്രകൃതം, വലിയവനെന്നോ ചെറിയവനെന്നോ വേർതിരിവില്ലാതെ ഇടവക മക്കളെ സ്നേഹിച്ച ആടിന്റെ ഗന്ധമുണ്ടായിരുന്ന നല്ലിടയൻ, ആരാധനക്രമത്തെ അതിയായി സ്നേഹിക്കുകയും ഇടവകയിലെ ആരാധന സജീവമാക്കുവാൻ ദൈവജനത്തെ പരിശീലിപ്പിക്കുകയും ചെയ്ത തീക്ഷ്ണമതി.”

1934 മെയ്‌ 5-ന്, നെരിയാട്ടിൽ കോശി മത്തായിയുടെയും ശോശാമ്മ കോശിയുടെയും മകനായി ജനിച്ച ജോയി എന്ന കുഞ്ഞിന് തോമസ് എന്ന പേരിൽ മാമ്മോദീസാ നൽകിയത് തുമ്പമൺ വടക്കേക്കര കളരിക്കൽ ഓർത്തഡോക്സ് പള്ളിയിലാണ്. ജോയിയുടെ സഹോദരങ്ങൾ മാത്യു കോശി, ഏബ്രഹാം, മറിയാമ്മ, ജേക്കബ് എന്നിവരാണ്.

ജോയിക്ക് 10 വയസ്സുള്ളപ്പോൾ കോശി മത്തായി സകുടുംബം പുനരൈക്യപ്പെട്ടു. 1945-ൽ കുടുംബമൊന്നാകെ രാമൻചിറയിൽ നിന്നും മുളന്തറയിലേക്ക് താമസം മാറി. പഠനത്തിൽ സമർത്ഥനായിരുന്ന ജോയി സിക്സ്ത് ഫോറം പരീക്ഷ വിജയിച്ചപ്പോൾ കുടുംബത്തിന് സഹായമാകാൻ ടൈപ്പും ഷോർട്ഹാൻഡും പഠിച്ചു. അന്നത്തെ സാഹചര്യത്തിൽ നല്ല വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്ന ജോയിക്ക് ബാംഗ്ലൂരിൽ ഒരു ജോലി തരപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. ബാംഗ്ലൂരിലേക്ക് പോകും മുൻപ് മുണ്ടക്കയം എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന അപ്പനെ കാണാൻ മുളന്തറയിലെ വീട്ടിൽ നിന്നും പോയ ജോയിയുടെ ഒരു എഴുത്ത് ഏതാനം ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. താനിപ്പോൾ തിരുവനന്തപുരത്ത് സെമിനാരിയിൽ ആണെന്നും നിങ്ങൾ വിഷമിക്കരുത് എന്നുമായിരുന്നു അതിലെ ഉള്ളടക്കം. ജോയിയുടെ അപ്രതീക്ഷിതമായ ഈ തീരുമാനം കുടുംബാംഗങ്ങളെ ഏറെ വിഷമിപ്പിച്ചു. പക്ഷേ, വൈദികനാകാനുള്ള ജോയിയുടെ തീരുമാനത്തെ അടുത്തറിയാവുന്ന ആർക്കും അതില്‍ അത്ഭുതം തോന്നിയില്ല.

ചെറുപ്രായം മുതലേ ദൈവാലയത്തോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിരുന്ന ജോയി തന്റെ സഹോദരങ്ങളായ ബേബിയോടും ജേക്കബിനോടും ഒപ്പം അൾത്താരയിൽ ഭക്തിയോടെ ശുശ്രൂഷ ചെയ്തിരുന്നു. ജോയിയോട് പ്രത്യേകമായ വാത്സല്യം ഇടവകയിലെ എല്ലാവർക്കും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് മുളന്തറ ഇടവകയുടെ ദൈവാലയ നിർമ്മാണം ആരംഭിച്ചപ്പോൾ വാനമെടുക്കാൻ വന്നുകൂടിയ അന്നത്തെ പ്രധാനികളായിരുന്ന പുത്തൻപുരയ്‌ക്കൽ പാപ്പിച്ചായൻ, മരുതിമൂട് മീശപാപ്പിച്ചായൻ, വലിയവീട്ടിൽ പീലിപ്പോസ് അച്ചായൻ, പുത്തൻപുരയിൽ കുഞ്ഞുകുഞ്ഞച്ചായൻ തുടങ്ങിയവർ ആദ്യത്തെ തൂമ്പാ മണ്ണെടുക്കാൻ ജോയിയോട് പറഞ്ഞത്.

1954-ൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ജോയി ചേരുമ്പോൾ ലോറൻസ് തോട്ടം അച്ചൻ (ലോറൻസ് മാർ അപ്രേം തിരുമേനി) ആയിരുന്നു റെക്ടർ. ദാർശനികനും മഹാമിഷനറിയുമായിരുന്ന ലോറൻസ് അച്ചന്റെ മാതൃക അന്നത്തെ എല്ലാ വൈദികവിദ്യാർത്ഥികളെയും എന്ന പോലെ ബ്രദർ തോമസ് നെരിയാട്ടിലിനെയും ആഴത്തിൽ സ്വാധീനിച്ചു. 1957-ൽ മംഗലപ്പുഴ സെമിനാരിയിലേക്ക് അദ്ദേഹം തുടർപഠനങ്ങൾക്കായി അയയ്ക്കപ്പെട്ടു. 1964 മാർച്ച്‌ 19-ന് വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവസം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് മറ്റ് ഏഴു പേരോടൊപ്പം ഭാഗ്യസ്മരണാർഹനായ സക്കറിയാസ് മാർ അത്തനാസിയോസ് തിരുമേനിയിൽ നിന്ന് തോമസ് നെരിയാട്ടിൽ ശെമ്മാശൻ കശ്ശീശാ പട്ടം സ്വീകരിച്ചു. കത്തീഡ്രലിലെ ആദ്യത്തെ വൈദികാഭിഷേക ശുശ്രൂഷയായിരുന്നു അത്. നാലാഞ്ചിറ ബഥനി മഠത്തിൽ വച്ചായിരുന്നു പ്രഥമ ദിവ്യബലിയർപ്പണം. ജോഷ്വാ പീടികയിൽ കോർ എപ്പിസ്കോപ്പ , കുരിശുമല മാത്യൂസ് വാഴപ്പിള്ളേത്ത് റമ്പാൻ, ഫാ.ജോഷ്വാ തെക്കേചരുവിൽ എന്നിങ്ങനെ സഭാശുശ്രൂഷയിൽ പ്രശോഭിച്ച പ്രഗത്ഭരെല്ലാം സതീര്‍ത്ഥ്യരായിരുന്നു.

മഞ്ഞക്കാല, ഞാറക്കാട്, പാണ്ടിതിട്ട, പിടവൂർ, ആവണീശ്വരം, പട്ടാഴി എന്നീ ആറു പള്ളികളുടെ സഹവികാരി ആയി സേവനമനുഷ്ഠിച്ചു കൊണ്ട് തന്റെ പൗരോഹിത്യശുശ്രൂഷക്ക് നെരിയാട്ടിൽ അച്ചൻ ആരംഭം കുറിച്ചു. 1966-ൽ കടയ്ക്കാമൺ, പത്തനാപുരം, പിറവന്തൂർ എന്നീ ദൈവാലയങ്ങളുടെ വികാരിയായി നിയമിതനായ അച്ചൻ 1971 വരെ വളരെ ചുറുചുറുക്കോടെ ഈ കൂട്ടായ്മകളുടെ സമഗ്രവികസനത്തിനായി അക്ഷീണം പ്രയത്നിച്ചു. 1971 മുതൽ 1973 വരെ അവിഭക്ത തിരുവനന്തപുരം ഭദ്രാസനത്തിലെ കട്ടച്ചവിള, സൂസൈപുരം എന്നീ മാർത്താണ്ഡം മിഷനുകളിൽ അച്ചൻ സേവനമനുഷ്ഠിച്ചു. 1973-ൽ കണ്ണംകോട്, ഊക്കോട്, പാമാംകോട്, പ്രാവച്ചമ്പലം എന്നീ പള്ളികളുടെ വികാരി ആയി നിയമിതനായ നെരിയാട്ടിൽ അച്ചന് ഭാഗ്യസ്മരണാർഹനായ ഗ്രിഗോറിയോസ് തിരുമേനി ക്ലർജി ഹോമിന്റെ ഉത്തരവാദിത്വം കൂടി നൽകി.

ഏല്പിക്കപ്പെടുന്ന ഏതൊരു നിയോഗത്തോടും അനിതരസാധാരണമായ പ്രതിബദ്ധതയും പ്രതിപത്തിയും പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ക്ലർജിഹോമിലെ ശുശ്രൂഷകൾ വിസ്മരിക്കാൻ ആർക്കും കഴിയില്ല. മൂന്നു വർഷക്കാലം പ്രീസ്റ്റ് വെൽഫെയർ കമ്മിറ്റിയുടെ പ്രൊകുറേറ്റർ ആയിരുന്ന നെരിയാട്ടിൽ അച്ചന്റെ സേവനത്തെ ആ കമ്മിറ്റിയിൽ അംഗമായിരുന്ന ബഹുമാനപ്പെട്ട തോമസ് കുമ്പുക്കാട്ട് കോർ എപ്പിസ്കോപ്പ വർഷങ്ങൾക്കിപ്പുറവും തെളിവോടെ ഓർക്കുന്നു. പ്രായമായ വൈദികരോട് പ്രത്യേകമായ ഒരു കരുതൽ എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. “നമുക്കും ഒരിക്കൽ പ്രായമാകും. അതുകൊണ്ട്, ഇപ്പോൾ നമ്മൾ പ്രായമായ വൈദികരെ സാധിക്കുമ്പോഴൊക്കെ സന്ദർശിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം” എന്ന് വൈദിക കൂട്ടായ്മകളിൽ എന്നും നെരിയാട്ടിലച്ചൻ ഓർമ്മിപ്പിച്ചിരുന്നു.

വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ പരിപാലനത്തിനായി ക്ഷേമനിധി രൂപീകരിക്കണം എന്ന തന്റെ സ്വപ്നം വളരെ കാര്യക്ഷമമായി നടപ്പിൽ വരുത്താൻ അച്ചന് സാധിച്ചു. പുനലൂരിലുള്ള രണ്ടേക്കർ തോട്ടം, ഗുഡ് സമരിറ്റൻ ഹോമിന്റെ വരുമാനം തുടങ്ങിയ സ്രോതസ്സുകളോടൊപ്പം എല്ലാ വൈദികരും അവരുടെ അലവൻസിൽ നിന്നും 100 രൂപ വീതം ഇതിലേക്ക് മാറ്റിവയ്ക്കണം എന്നതും അച്ചന്റെ ആശയമായിരുന്നു. അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി അച്ചനെക്കുറിച്ച് അടയാളപ്പെടുത്തുന്നത് ഇങ്ങനെ, “പൗരോഹിത്യത്തിന്റെ കുലീനതയും മഹത്വവും വാക്കിലും നോക്കിലും ശുശ്രൂഷയിലും വസ്ത്രധാരണത്തിലും എല്ലാം എപ്പോഴും കാത്തുസൂക്ഷിച്ച വൈദികൻ.”

തിരുവനന്തപുരത്ത് ക്ലർജി ഹോമിൽ സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ മിഷൻ കേന്ദ്രങ്ങളിൽ മുടങ്ങാതെ പോയി പ്രേഷിതപ്രവർത്തനം ചെയ്യാൻ അദ്ദേഹമെടുത്തിരുന്ന താല്പര്യത്തെ അഭിവന്ദ്യ ക്രിസോസ്റ്റം പിതാവ് പ്രത്യേകം അനുസ്മരിക്കുന്നു. പിതാവിന്റെ വാക്കുകളെ അക്ഷരംപ്രതി ശരിവയ്ക്കുന്ന ഓർമ്മക്കുറിപ്പുകളാണ് കണ്ണംകോട് പള്ളിയിലെ സിസിലി അമ്മച്ചിക്ക് നൽകാൻ ഉള്ളത്. അര നൂറ്റാണ്ട് മുൻപ് തന്റെ വികാരി ആയിരുന്ന നെരിയാട്ടിൽ അച്ചനെ കുറിച്ച് പറയുമ്പോൾ അമ്മച്ചിക്ക് ഇന്നും നൂറ് നാവ്. ‘തിരുവനന്തപുരത്തു നിന്ന് സ്കൂട്ടറിൽ യാത്ര ചെയ്ത് കണ്ണംകോട് ദൈവാലയത്തിൽ എത്തിച്ചേർന്നിരുന്ന അച്ചനാണ് ഷെഡ് കെട്ടി പള്ളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇടവക മക്കളുടെ ഹൃദയത്തിൽ അതിവേഗം ഇടം നേടിയ അച്ചൻ ലളിതമായ ജീവിതശൈലിക്ക് ഉടമയായിരുന്നു. ഭക്തിസാന്ദ്രമായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന നെരിയാട്ടിൽ അച്ചൻ ഇടവക മക്കളെയും ആരാധനയിൽ സജീവമാക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. പള്ളിയുടെ തൊട്ടടുത്തായി ഒരു നഴ്സറി സ്കൂളിനും തുടക്കം കുറിച്ചു. ഇടവകയുടെയും സ്കൂളിന്റെയും വികസനത്തിനായി അഹോരാത്രം പ്രയ്തനിച്ച അച്ചൻ പാവപ്പെട്ട കുടുംബങ്ങൾക്ക് എന്നും ഒരു കൈത്താങ്ങായിരുന്നു. നിസ്സഹായർക്കും ആലംബഹീനർക്കും സഹായവുമായി എന്നും മുന്നിലുണ്ടായിരുന്നു. രോഗികളായവരെ നേരിട്ട് കണ്ട് പ്രാർത്ഥിക്കുവാനും ആശ്വസിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അച്ചൻ കൃത്യമായി ഭവനസന്ദർശനങ്ങൾ നടത്തി ഭിന്നിച്ചുനിന്ന കുടുംബ ബന്ധങ്ങളെ യോജിപ്പിക്കുവാനും അവർക്കു വേണ്ട ഉപദേശങ്ങൾ നൽകുവാനും ശ്രമിച്ചിരുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇനിയുമേറെ പറയാനുണ്ടെങ്കിലും വാർദ്ധക്യത്തിന്റെ അവശതയിൽ സിസിലി അമ്മച്ചി വാക്കുകൾ അവസാനിപ്പിച്ചു.

തന്റെ മാതൃ ദൈവാലയമായ മുളന്തറയെ കൂടാതെ അട്ടച്ചാക്കൽ, ആഞ്ഞിലികുന്ന്, കോന്നിത്താഴം, ചെങ്ങറ, ചെമ്പനരുവി എന്നീ ആറു പള്ളികളുടെ ഇടയനായി 1976-ൽ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1983 വരെ ദീർഘിച്ച ഈ ശുശ്രൂഷാ കാലയളവിലും അച്ചന്റെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു. കോന്നിയിൽ നിന്നും വളരെ അകലെയുള്ള ചെമ്പനരുവിയിലേക്കുള്ള കാൽനട യാത്ര പോലും ദുഷ്കരമായിരുന്ന ആ കാലഘട്ടത്തിൽ യാതൊരു പരാതിയുമില്ലാതെ ഈ ദൗത്യം ഏറ്റെടുത്ത അച്ചൻ ചെമ്പനരുവി ഇടവകയുടെ ഭാഗധേയം മാറ്റിയെഴുതി. 1961-ൽ എട്ടു കുടുംബങ്ങളോടെ ആരംഭിച്ച ചെമ്പനരുവി മിഷനിൽ നെരിയാട്ടിൽ അച്ചന്റെ വരവ് പുതിയ ഉണർവ് പകർന്നു. ആറോളം കുടുംബങ്ങൾ ഈ കാലയളവിൽ പുനരൈക്യപ്പെട്ട് ഇടവകയിൽ ചേർന്നു. അതു വരെ സ്കൂൾ കെട്ടിടത്തിൽ കുർബാന അർപ്പിച്ചിരുന്ന ചെമ്പനരുവി ഇടവകയ്ക്ക് പുതിയൊരു പള്ളി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അച്ചൻ തീരുമാനിച്ചു.

ജർമ്മനിയിലുള്ള ഒരു സന്യാസിനീ മഠത്തിന്റെ സഹായത്തോടെയും ദൈവജനത്തിന്റെ സഹകരണത്തോടെയും 1981-ൽ ദൈവാലയ നിർമ്മാണം പൂർത്തിയായി കൂദാശ ചെയ്തു. വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ഇടവകയിൽ ആഘോഷിക്കാൻ അച്ചൻ മുൻകൈ എടുത്തു. പള്ളിയോട് ചേർന്നുള്ള സെന്റ് പോൾസ് എൽ. പി സ്കൂളിൽ പുതിയ ഡിവിഷൻ നേടിയെടുക്കാനും അതിനായി പുതിയ കെട്ടിടം പണിയാനും നേതൃത്വം നൽകിയത് അച്ചനാണ്. 1983-ൽ സ്ഥലം മാറി പോയെങ്കിലും പിന്നീട് വകയാർ പള്ളിയിൽ വികാരി ആയി വന്നപ്പോൾ ചെമ്പനരുവി പള്ളിയിലേക്ക് അദ്ദേഹം വീണ്ടും ശുശ്രൂഷക്കായി പോയി. ആ കാലയളവിലാണ് അച്ചന്റെ കൂടെ വകയാർ ബഥനി മഠത്തിൽ നിന്നും സിസ്റ്റേഴ്സ് ആദ്യമായി ചെമ്പനരുവിയിലേക്ക് വന്നത്. മുളന്തറ ഇടവകയിലെ പ്രധാന കുരിശടിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമപ്രശ്നങ്ങളെയും എതിർപ്പിനെയുമെല്ലാം തികഞ്ഞ സംയമനത്തോടെയും ദൈവാശ്രയബോധത്തോടെയും നേരിട്ട അച്ചന്റെ ബുദ്ധിപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ കുരിശടി നിർമ്മാണം അനുഗ്രഹകരമായി പൂർത്തിയായി. ചെങ്ങറ തോട്ടത്തിനുള്ളിൽ ഉണ്ടായിരുന്ന ദൈവാലയം അവിടെ നിന്നും വഴിയരികിലേക്ക് മാറ്റണം എന്ന ആഗ്രഹത്തോടെ ഇപ്പോഴുള്ള ദൈവാലയം നിൽക്കുന്ന സ്ഥലം വാങ്ങിയത് നെരിയാട്ടിലച്ചന്റെ സമയത്താണ്. നിരന്തരം ഭവനസന്ദർശനങ്ങൾ നടത്തുകയും വിശുദ്ധ കുർബാനയോടുള്ള ബന്ധത്തിൽ ദൈവജനത്തെ ഉറപ്പിക്കുവാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്തിരുന്ന തങ്ങളുടെ പ്രിയപ്പെട്ട വികാരി അച്ചനെ അട്ടച്ചാക്കൽ ഇടവകയിലെ മുതിർന്ന തലമുറ സ്നേഹവായ്‌പോടെ ഇപ്പോഴും ഓർക്കുന്നു.

1983 മുതൽ 1986 വരെ കിഴക്കേത്തെരുവ്, കരിക്കം, അലക്കുഴി, മൈലം, വടകോട്, ചെങ്ങമനാട്, നടുക്കുന്ന് എന്നിവിടങ്ങളിൽ വികാരി ആയിരുന്ന ശേഷം കോന്നിയിലെ ജില്ലാ വികാരിയായി അച്ചൻ നിയമിതനായി. 1990 വരെയുള്ള ആ കാലഘട്ടത്തിൽ വകയാർ, കല്ലേലി, കല്ലേലി-തോട്ടം, ചെമ്പനരുവി എന്നീ പള്ളികളിൽ സേവനമനുഷ്ഠിച്ചു.

1989-ൽ മുളന്തറ ഇടവകയിൽ വച്ച് അച്ചന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. ദൈവജനത്തോടുള്ള സ്നേഹവും അവരുടെ ജീവിതപ്രശ്നങ്ങളോടുള്ള ആർദ്രതയും പ്രകടമായ നിരവധി അനുഭവങ്ങൾ വിവിധ ഇടവകകളിലെ അനേകരുടെ മനസ്സിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു അനുഭവം വകയാർ പുതുമന വീട്ടിൽ ബെറ്റി നന്ദിയോടെ ഇന്നും ഓർക്കുന്നുണ്ട്.

ബെറ്റിയ്ക്കും ഭർത്താവ് പ്രിൻസിനും വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും മക്കളില്ലാതിരുന്നത് വലിയ വിഷമമായിരുന്നു. എല്ലാ ദിവസവും പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്ന ബെറ്റിയോട്‌ അച്ചന് പ്രത്യേകമായ ഒരു വാത്സല്യവും ഉണ്ടായിരുന്നു. പള്ളിയിൽ നിന്നും പ്രിൻസും ബെറ്റിയും അടക്കം കുറേയധികം വിശ്വാസികളെ കൂട്ടിക്കൊണ്ട്‌ വേളാങ്കണ്ണിയിലേക്ക് അച്ചൻ ഒരു തീർത്ഥാടനം സംഘടിപ്പിച്ചു. പള്ളിയിൽ ബലിയർപ്പിച്ച ശേഷം പ്രിൻസിനെ മാറ്റിനിർത്തിക്കൊണ്ട്, “മോനെ, ഞാൻ ചങ്കു പൊട്ടി പ്രാർത്ഥിച്ചിട്ടുണ്ട്. നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും” എന്ന് ഉറപ്പിച്ചു പറഞ്ഞു. അച്ചൻ പറഞ്ഞതു പോലെ തന്നെ അവർക്ക് പിറ്റേ വർഷം ഒരു പെൺകുഞ്ഞ് ജനിച്ചു. പിന്നീട് രണ്ടു പെൺമക്കൾ കൂടി അവർക്ക് ഉണ്ടായത് അച്ചന്റെ പ്രാർത്ഥനയുടെ ശക്തിയാണെന്ന് ഇപ്പോഴും ബെറ്റി ഉറച്ചു വിശ്വസിക്കുന്നു.

കൃത്യനിഷ്ഠയോടെ ഏതു കാര്യവും ചെയ്തിരുന്ന, ചെറുതും അർത്ഥപൂര്‍ണ്ണവുമായ പ്രസംഗങ്ങൾ നടത്തിയിരുന്ന, സമഭാവനയോടെ ജനത്തെ നയിച്ചിരുന്ന നെരിയാട്ടിലച്ചനെ വകയാർ ഇടവക ഇപ്പോഴും ഓർക്കുന്നു. “ശരിക്കും അപ്പന്റെ സ്നേഹമുള്ള ഒരു വികാരി” – തോമസച്ചനെ പത്തനംതിട്ട ബഥനി പ്രൊവിൻസ് അംഗമായ ബഹു. സി. സ്റ്റെല്ല അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ഊട്ടുപാറ ഇടവകാംഗമായ സിസ്റ്റർ തനിക്ക് മഠത്തിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീട്ടിൽ ആദ്യം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഈ വിഷയത്തിൽ അച്ചന്റെ ഉപദേശം അവർ തേടി. നെരിയാട്ടിലച്ചന്റെ വാക്കിന്റെ ബലത്തിലാണ് തനിക്ക് മഠത്തിൽ ചേരാൻ പറ്റിയത് എന്ന് കൃതജ്ഞതയോടെ സ്റ്റെല്ല സിസ്റ്റർ അനുസ്മരിക്കുന്നു.

1990-ൽ ചെങ്ങന്നൂർ വൈദിക ജില്ലാ വികാരിയായും ചെങ്ങന്നൂർ, ആല, കുറിച്ചിമുട്ടം എന്നീ പള്ളികളുടെ വികാരിയായും നിയമിതനായി. എന്നാൽ 1991-ൽ പ്രമേഹം വളരെയേറെ മൂർച്ഛിച്ചതിനാൽ വിശ്രമം ആവശ്യമാണെന്ന് കണ്ട് അച്ചനെ തുമ്പമൺ പള്ളിയിൽ നിയമിച്ചു. അവിടെയും ഏതാനം മാസങ്ങൾ മാത്രമാണ് ശുശ്രൂഷ ചെയ്യാൻ സാധിച്ചത്. ശാരീരികസ്ഥിതി മോശമായതിനാൽ കേശവദാസപുരം ക്ലർജി ഹോമിലും പിന്നീട് മുളന്തറയിലെ കുടുംബവീട്ടിലുമായി അച്ചന്റെ ചികിത്സ തുടർന്നു. 1995 ഒക്ടോബർ അവസാനത്തോടു കൂടി പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ചന്റെ സ്ഥിതി ഓരോ ദിവസവും വഷളായി വന്നു. 1995 നവംബർ 15-ന് തന്റെ അറുപത്തിയൊന്നാം വയസ്സിൽ ദൈവത്തെയും ദൈവജനത്തെയും എന്നും ഹൃദയത്തോട് ചേർത്തുവച്ച വിശ്വസ്തനായ ആ കാര്യസ്ഥൻ, ബഹുമാനപ്പെട്ട തോമസ് നെരിയാട്ടിൽ അച്ചൻ നിത്യസമ്മാനത്തിനായി യാത്രയായി. മാതൃദേവാലയമായ മുളന്തറ പള്ളിയിൽ ഇടവകയുടെ പ്രഥമ പുരോഹിതനെ കബറടക്കി. അച്ചന്റെ പ്രാർത്ഥനകൾ ഇപ്പോഴും തന്റെ ജനത്തിനു വേണ്ടിയുണ്ട് എന്നതിന്റെ അടയാളമായി അമ്പതിൽ താഴെ കുടുംബംഗങ്ങൾ മാത്രമുള്ള മുളന്തറയിൽ നിന്ന് പിന്നീട് ഫാ. മാർട്ടിൻ ജോസഫ് പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. പ്രിൻസ് നെരിയാട്ടിൽ ഒ.ഐ.സി എന്നീ മൂന്ന്‌ വൈദികർ കൂടി ഉണ്ടായി.

രൂപതാദ്ധ്യക്ഷന്റെ ഏതൊരു തീരുമാനത്തേയും അണുവിട തെറ്റാതെ അനുസരിക്കാൻ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തോട് ഭാഗ്യസ്മരണാർഹനായ ഗ്രിഗോറിയോസ് തിരുമേനിക്ക് അതിയായ വാത്സല്യം ഉണ്ടായിരുന്നു. തന്റെ കത്തോലിക്കാ പുനരൈക്യത്തിന് ഏറെ പരിശ്രമിച്ച നേരിയാട്ടിലച്ചനോട് വർഗീസ് ചീനിവിളയിൽ അച്ചന് എന്നും അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓർമ്മകുർബാനകൾക്ക് എല്ലാ വർഷവും മുടങ്ങാതെ പങ്കെടുക്കാൻ ചീനിവിളയിൽ അച്ചൻ ശ്രദ്ധിച്ചിരുന്നു.

വികാരിയായി സേവനമനുഷ്ഠിച്ച എല്ലാ ദൈവാലയങ്ങളുടെയും ആത്മീയ-ഭൗതീക ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ച അച്ചനെക്കുറിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദൈവജനം വലിയ സ്നേഹത്തോടെയും കൃതജ്ഞതയോടെയുമാണ് അനുസ്മരിക്കുന്നത്. പാവങ്ങളോടുള്ള കരുണയും കരുതലും അച്ചന്റെ മുഖമുദ്ര ആയിരുന്നു. വന്ദ്യ വർഗീസ് മാവേലിൽ കോർ എപ്പിസ്കോപ്പാ അനുസ്മരിച്ചതുപോലെ, തിരുസഭയെ ആത്മാർത്ഥമായി സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമായിരുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ.മാത്യു നെരിയാട്ടിൽ, ഫാ. പ്രിൻസ് നെരിയാട്ടിൽ ഒ.ഐ.സി (തോമസ് നെരിയാട്ടിൽ അച്ചന്റെ സഹോദര പൗത്രർ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.